കാർഷിക സംരംഭകത്വത്തിലൂടെയുള്ള സുസ്ഥിര വികസനം ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് – വൈഗ അഗ്രി ഹാക്ക് 2021 – ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടന്നു.രാജ്യത്തെ തന്നെ ഏറ്റവും വലിയ കാർഷിക മേളകളിലൊന്നാണ് വൈഗ. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളായ റീജിയണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺ ഹാൾ, യാത്രി നിവാസ് എന്നിവിടങ്ങളിലായാണ് മേള നടന്നത്. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് പ്രദർശനവും ശില്പശാലയും സംഘടിപ്പിച്ചത്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥാണ് വൈഗ 2021ന്റെ ഉദ്ഘാടനം നിർവഹിച്ചത് . മുൻവർഷങ്ങളിൽ 450 ഓളം സ്റ്റാളുകളിലായാണ് പ്രദർശനം നടന്നിരുന്നതെങ്കിലും ഇത്തവണ കോവിഡ് മാനദണ്ഡങ്ങൾ പരിഗണിച്ച് സ്റ്റാളുകളുടെ എണ്ണം 40 ആക്കി ചുരുക്കി.
കാർഷിക സംരംഭകരുടെ ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര മാർക്കറ്റിലെത്തിക്കാൻ സഹായിക്കുന്നതിനായി ബി ടു ബി മീറ്റ് വൈഗ 2021ന്റെ ഭാഗമായി സംഘടിപ്പിച്ചു. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച 36 മണിക്കൂർ നീണ്ട അഗ്രി ഹാക്കത്തോൺ ഈ വർഷത്തെ പ്രധാന ആകർഷണമായിരുന്നു.വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാർ, വെബിനാർ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം, ഓൺലൈൻ പ്ലാറ്റ്ഫോമിലെ വിർച്വൽ പ്രദർശനം എന്നിവ മേളയുടെ ഭാഗമായി. സഞ്ചരിക്കുന്ന പ്രദർശനശാലയായ -വൈഗ ഓൺ വീൽസും- ജനശ്രദ്ധ നേടി.
സമാപന സമ്മേളനം ഫെബ്രുവരി പതിനാലാം തീയതി ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു . സമാപന ചടങ്ങിനോടൊപ്പം സംസ്ഥാന കാർഷിക അവാർഡ് വിതരണവും നടന്നു. ഹരിത മിത്ര, ഉദ്യാന ശ്രേഷ്ഠ, കർഷക ജ്യോതി, കർഷക തിലകം, ശ്രമ ശക്തി, കൃഷി വിജ്ഞാൻ, ഹരിതകീർത്തി തുടങ്ങിയ കാർഷിക അവാർഡുകളാണ് വിതരണം ചെയ്തത്. കുട്ടനാട് കൃഷി വികസനത്തിനായി ഫാം ഇൻഫർമേഷൻ ബ്യൂറോ ആരംഭിക്കുന്ന കുട്ടനാട് കമ്മ്യൂണിറ്റി റേഡിയോയുടെ ലോഗോ പ്രകാശനം, സംസ്ഥാനത്തിന്റെ സ്വന്തം ബ്രാൻഡ് ആയി അവതരിപ്പിക്കാൻ പോകുന്ന കേരള ഹണിയുടെ ലോഗോ പ്രകാശനം, സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷന്റെ പുതുക്കിയ വെബ്സൈറ്റിന്റെ ഔപചാരിക പ്രകാശനം, അഗ്രി ഹാക്കത്തോൺ സമ്മാനവിതരണം, മാധ്യമങ്ങൾക്കായുള്ള അവാർഡ് വിതരണം, എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചു. കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ചക്ക, തേൻ, വാഴപ്പഴം മുതലായവയേയും അവയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളേയും അന്താരാഷ്ട്രവിപണിയിലെത്തിക്കാൻ വൈഗയ്ക്കായി.വൈഗ ആരംഭിച്ച ശേഷം മൂല്യവർദ്ധിത- ഉൽപാദന രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കാൻ സംസ്ഥാനത്തിനായി എന്ന് കൃഷിമന്ത്രി അഡ്വക്കറ്റ് വി എസ് സുനിൽകുമാർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ മൂലമുള്ള പരിമിതികൾക്കിടയിലും വ്യത്യസ്തമായ ആശയങ്ങളും സംഘാടനമികവും കൊണ്ട് വൈഗ 2021 വിജയകരമായി പൂർത്തിയായി.
Discussion about this post