കാഴ്ചയിൽ ഗോതമ്പ് മണിയോട് ഏറെ സാമ്യമുണ്ട് മുളയരിക്ക്. അരിക്ക് പകരമായി ഉപയോഗിക്കാം. കഞ്ഞിയും, പായസവും, പലഹാരങ്ങളുമെല്ലാം മുളയരിയിലുമുണ്ടാക്കാം. അരിയേക്കാളേറെ പോഷകഗുണങ്ങളും ഔഷധമൂല്യവും മുളയരിക്കുണ്ട്.
പുൽ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ചില ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും. നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന മുള കടുത്ത വേനൽക്കാലമായാൽ പൂത്തു തുടങ്ങും. വേനൽകാലത്ത് വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണവും മുളയാണ്. ബാംബൂസ, ഡെൻഡ്രോകലാമസ് എന്നീ ജനുസ്സുകളിൽ പെട്ട മുള ഇനങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്.ജീവിത കാലത്തിൽ ഒരിക്കൽ മാത്രം പുഷ്പിക്കുന്ന വിളയാണ് മുള. ചില മുള ഇനങ്ങൾ പുഷ്പിക്കുന്നതിനു 40വർഷം വരെ എടുക്കാറുണ്ട്. കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ പുഷ്പിക്കുന്നവയുമുണ്ട്. പൂക്കാൻ തുടങ്ങുമ്പോൾ ഇലകൾ കൊഴിയും. ശാഖകളിലെല്ലാം ഇളം പച്ച നിറത്തിലുള്ള ചെറിയ പൂവ് കൂട്ടംകൂട്ടമായി ഉണ്ടാകും.സ്വന്തം വംശത്തിന്റെ നിലനിൽപ്പിനായി കോടിക്കണക്കിന് വിത്തുകളാണ് മുള ഉൽപ്പാദിപ്പിക്കുന്നത്. കായകൾ കൊഴിച്ച ശേഷം മുള താനെ നശിച്ചുപോകും. ഇത്തരത്തിൽ കൊഴിഞ്ഞുവീഴുന്ന അരിമണികൾ ശേഖരിച്ച് വൃത്തിയാക്കിയാണ് നാം ഉപയോഗിക്കുന്നത്. മുളയരി ഒരു സ്ഥിരം കാഴ്ചയായ വയനാട്ടിൽ ആദിവാസികളുടെ പ്രധാന ഭക്ഷണങ്ങളിലൊന്നാണിത്.
ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് മുളയരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ഔഷധമാണത്രേ. മുളയരിക്ക് പുറമേ മുളയുടെ കൂമ്പും ഭക്ഷണമായി ഉപയോഗിക്കാം. അച്ചാർ ഉണ്ടാക്കാനും വിവിധ തരം കറികൾ ഉണ്ടാക്കാനും മുളങ്കൂമ്പ് വളരെ നല്ലതാണ്. ആഹാരം മുതൽ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഊന്നുവടിയാകുമെന്നതിൽ സംശയമില്ല.
Discussion about this post