വാഴയിലെ ബോറോൺ അഭാവത്തിന്റെ ആദ്യലക്ഷണം പ്രകടമാകുന്നത് പുതിയ ഇലകളിലാണ്. പുതിയ ഇലകളുടെ വളർച്ച മുരടിക്കുന്നതാണ് പ്രധാന ലക്ഷണം. ഇലകൾ വിരിയാൻ വൈകുകയും ചെയ്യും.ഞരമ്പുകൾ തെളിഞ്ഞു നിൽക്കുന്നതും ഇലകൾക്ക് കട്ടി കൂടുന്നതും കാണാം. ഇല ഞരമ്പുകൾ കൂടുതൽ അടുത്തടുത്തായി കാണപ്പെടുകയും ഞരമ്പുകൾക്ക് ഇടയിൽ മഞ്ഞളിപ്പുണ്ടാകുകയും ചെയ്യും. ഒപ്പം ഇലകളിൽ ചുളുവുകൾ ഉണ്ടാവുന്നതും വികൃതമാവുന്നതും കാണാം .ഇലകളുടെ അറ്റം കരിയുന്നതും അഗ്രം പിളരുന്നതും മറ്റൊരു ലക്ഷണമാണ്. വാഴക്കുലകൾ പൂർണ്ണമായി പുറത്തേക്ക് വരാതിരിക്കുന്നതും കാണാം. ബോറോണിന്റെ അഭാവം അധികമായാൽ വാഴയുടെ വളർച്ച മുരടിക്കുകയും വിളവ് കുറയുകയും ചെയ്യും.
വരണ്ട മണ്ണിലാണ് ബോറോൺ അപര്യാപ്തത സാധാരണയായി കാണാറുള്ളത്. മണ്ണിൽ ഫോസ്ഫറസിന്റെ അളവ് വർധിക്കുന്നതും മറ്റൊരു കാരണമാണ്. അതിനാൽ മണ്ണ് പരിശോധിച്ച് മൂലകങ്ങളുടെ അളവ് തിരിച്ചറിയണം.
വാഴയിലെ ബോറോൺ അപര്യാപ്തത പരിഹരിക്കുന്നതിനായി ഒരു മൂടിന് 10 ഗ്രാം അല്ലെങ്കിൽ ഒരു ഏക്കറിന് നാല് കിലോഗ്രാം എന്ന തോതിലാണ് ബോറാക്സ് മണ്ണിൽ ചേർക്കേണ്ടത്. വളരെ പെട്ടെന്ന് ഫലം ലഭിക്കുന്നതിന് ഒരു ഗ്രാം ബോറാക്സ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിച്ച് കൊടുക്കുകയുമാവാം. പത്ര പോഷണം നൽകാൻ ഏറ്റവും നല്ല സമയം പുലർച്ചെയാണ്.
അമിത തോതിൽ ഉപയോഗിക്കുന്നത് പാർശ്വഫലങ്ങളുണ്ടാക്കും. അതിനാൽ കൃത്യമായ അളവിൽ തന്നെ ബോറാക്സ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ബോറാക്സിനൊപ്പം മറ്റ് വളങ്ങൾ നൽകുന്നത് ഒഴിവാക്കാം. പ്രത്യേകിച്ച് അമോണിയ അടങ്ങിയവ. വാഴയ്ക്ക് അമിതമായി ജലസേചനം നൽകാതിരിക്കാൻ ശ്രദ്ധിക്കണം.
Discussion about this post