മുളകിലെ മുരടിപ്പിന് ജൈവനിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുമ്പോള്‍ തന്നെ നിയന്ത്രണ നടപടികള്‍ സ്വീകരിച്ചാല്‍ വിളനഷ്ടം ഒഴിവാക്കാനാകും. ഇതിനായി വേപ്പെണ്ണ, 10 ഗ്രാം വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം. 30 മില്ലി ലിറ്റര്‍ വേപ്പെണ്ണ, 10 ഗ്രാം ബാര്‍സോപ്പ്(ഡിറ്റര്‍ജെന്റ് ചേരാത്തത്) 50 മില്ലി ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്ത സോപ്പുലായനിയുമായി ചേര്‍ത്ത് ഇളക്കണം. ഈ വേപ്പെണ്ണ- സോപ്പ് മിശ്രിതം ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഒരു ലിറ്റര്‍ ലായനി ആക്കണം. ഇപ്രകാരം തയ്യാര്‍ ചെയ്ത ജൈവകീടനാശിനി സ്‌പ്രെയര്‍ ഉപയോഗിച്ച് വൈകുന്നേരങ്ങളില്‍ മുളകില്‍ തളിക്കാം.
തളിക്കുമ്പോള്‍ ലായനി ഇരുവശത്തും ഒരു പോലെ വീഴുന്നുവെന്ന് ഉറപ്പുവരുത്തണം. ചെടിയും തണ്ടിലും ചുവട്ടിലും മിശ്രിതം തളിക്കണം. മുളക് തൈകള്‍ പറിച്ചുനട്ട് പത്ത് ദിവസത്തിന് ശേഷം മുതല്‍ ഈ മിശ്രിതം പ്രയോഗിക്കാം. ആദ്യതവണ തളിച്ചു രണ്ടാഴ്ചക്ക് ശേഷം ആവശ്യമെങ്കില്‍ വീണ്ടും തളിക്കാം. ഈ മിശ്രിതത്തിന് പുറമെ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്ന ‘നന്മ’ എന്ന ജൈവമിശ്രിതം 5 മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും ഉപയോഗിക്കാം. ഇടയ്ക്ക് വേനല്‍മഴ ലഭ്യമാകുന്നതനുസരിച്ച് ജൈവമിത്ര കുമിളായ ”ലെക്കാനിസിലീയം ലെക്കാനി” പ്രയോഗിക്കാം. പൊടിരൂപത്തില്‍ ലഭ്യമായ ലെക്കാനിസീലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിയെടുത്ത് മേല്‍ സൂചിപ്പിച്ച പ്രകാരം തളിക്കണം.
Discussion about this post