എറണാകുളം: പരമ്പരാഗത നാടന്‍ പച്ചക്കറികളുടെ കൃഷിയുമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ കര്‍ഷകനായ ഷൈന്‍ വലിയാറ. വീട്ടുവളപ്പിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്നതും കേരളത്തില്‍ കൃഷി ചെയ്യുന്ന ചീരകളില്‍ ഏറ്റവും തീഷ്ണമായ ചുവപ്പു നിറമുള്ള ചീരയിനമായ വ്‌ളാത്താങ്കര ചീര, കേരളത്തില്‍ വളരെ വിരളമായി കൃഷി ചെയ്യുന്നതും രോഗ പ്രതിരോധശേഷിയുള്ള പാവല്‍ ഇനമായ ഓണക്കൂര്‍ പാവല്‍, നാടന്‍ പടവലം, ആനക്കൊമ്പന്‍ വെണ്ട, നെയ് കുമ്പളം, പറവൂരിന്റെ നാടന്‍ പീച്ചില്‍, നാടന്‍ കോവല്‍ മുതലായ ഇനങ്ങളാണ് മാതൃകാ തോട്ടത്തില്‍ കൃഷി ചെയ്യുന്നത്.
എസ്.എല്‍.ആര്‍.പി (സീനിയര്‍ ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍) കര്‍ഷകനായ ഷൈന്‍ വൃക്ഷായുര്‍വേദ വിധിപ്രകാരമുള്ള വളക്കൂട്ടുകള്‍ സ്വന്തമായി നിര്‍മ്മിച്ച് കൃഷിയിടത്തില്‍ പ്രയോഗിക്കുകയാണ്. പറവൂര്‍ മേഖലയില്‍ എട്ട് എസ്.എല്‍.ആര്‍.പി കര്‍ഷകരാണ് ഉള്ളത്. ജൈവ വളക്കൂട്ടുകളും കീടനാശിനികളും സ്വന്തമായി നിര്‍മ്മിച്ച് മറ്റുള്ളവര്‍ക്കായി മാതൃകാ കൃഷിത്തോട്ടം ഒരുക്കുന്നവരാണ് ഇവര്‍. ബ്ലോക്ക് തല കമ്മറ്റി അംഗങ്ങളായ ഈ കര്‍ഷകര്‍ മറ്റ് കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരമാണ് കൃഷി ചെയ്യുന്നത്.
വ്‌ളാത്താങ്കര ചീരയുടെ വിത്തു വിതയ്ക്കല്‍ എറണാകുളം ജില്ലാ പഞ്ചായത്തംഗം ഷാരോണ്‍ പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി പഞ്ചായത്തംഗം സുമയ്യ ടീച്ചര്‍, കൃഷി ഓഫീസര്‍ കെ.സി റെയ്ഹാന, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post