ഇലക്കറികളില്‍ ഗുണമേന്മ കൂടിയതാണ് ചീര. ഇരുമ്പിന്റെ അംശം ധാരാളമുള്ള ചീര കഴിക്കുന്നത് രക്തമുണ്ടാകാന്‍ സഹായിക്കും. കേരളത്തില്‍ അധികവും കണ്ടുവരുന്നത് ചുവന്ന ചീരയാണ്.
സ്ഥലമില്ലെന്ന് കരുതി ചീര കൃഷി ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട ആവശ്യമില്ല. കാരണം ടെറസിന് മുകളിലും ചീര കൃഷി ചെയ്യാം. വേനല്‍ക്കാലമാണ് ചീരക്കൃഷിക്ക് അനുയോജ്യമായ സമയം. കാരണം നല്ല സൂര്യപ്രകാശം വേണം ചീരകള്‍ക്ക് വളരാന്‍. താരതമ്യേന വേനല്‍ക്കാലത്ത് കീടങ്ങളില്‍ നിന്നുള്ള ഉപദ്രവവും കുറവാണ്. വിളവെടുപ്പിന് ചീര വളര്‍ന്ന് വലുതായി പൂവിട്ട് കായ്ക്കാന്‍ കാത്തിരിക്കേണ്ടതില്ല.
ഗ്രോ ബാഗുകളിലോ മുറ്റത്തോ കൃഷി ചെയ്യാം. വിത്ത് വിതറും മുന്‍പ് മണ്ണ് കിളച്ച് ഇളക്കി തടമെടുക്കണം. കുമ്മായപ്പൊടി, ചാണകപ്പൊടി, എല്ലിന്‍പോടി, കമ്പോസ്റ്റ് തുടങ്ങിയവ അടിവളമായി ഇട്ട് കൊടുക്കാം. ഇനി കുറച്ച് മണലില്‍ വിതറാനുദ്ദേശിക്കുന്ന വിത്തുകള്‍ ഇടകലര്‍ത്തണം. വിതറുമ്പോള്‍ വിത്തുകള്‍ എല്ലാം പലസ്ഥലങ്ങളില്‍ വീഴാന്‍ ഇത് സഹായിക്കും. വെള്ളം ചെറുതായി സ്പ്രേ ചെയ്ത് കൊടുക്കാം. ഒരുപാട് ശക്തിയില്‍ ആകാന്‍ പാടില്ല. വിത്ത് മണ്ണിനടിയിലേക്ക് ഒരുപാട് പോയാല്‍ അത് മുളച്ച് വരാന്‍ താമസിക്കും. ഇതിന് മുകളിലേക്ക് നേര്‍ത്ത ഒരു ലെയര്‍ മണ്ണോ വളമോ വിതറിക്കൊടുക്കാം.
വിത്തുവിതറിയ തടത്തിന് / ഗ്രോബാഗിന് ചുറ്റും നേര്‍ത്തലെയര്‍ മഞ്ഞള്‍പ്പൊടി ഇട്ടുകൊടുത്താല്‍ ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാം. വേനല്‍ക്കാലത്ത് ദിവസവും കുറഞ്ഞത് രണ്ട് നേരമെങ്കിലും വെള്ളം നനച്ചുകൊടുക്കണം. ഒരുപാട് ശക്തിയില്‍ ഒഴിക്കാന്‍ പാടില്ല. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.
ഇവ മുളച്ച് തളിരിലകളൊക്കെ നാമ്പിട്ട് ഒറ്റയ്ക്ക് നില്‍ക്കാന്‍ ശക്തരായി എന്ന് നമുക്ക് തോന്നിയാല്‍ മാറ്റി നടാം. സാധാരണഗതിയില്‍ 10- 15 ദിവസത്തിനുള്ളില്‍ ഈ കരുത്ത് തൈകള്‍ സമ്പാദിക്കും. ഇവ തടമെടുത്ത് 30 സെമീ അകലത്തില്‍ നടാം.
തണ്ടില്‍ 3,4 ഇല അവശേഷിപ്പിച്ച് വേണം വിളവെടുക്കാന്‍. ഇല്ലെങ്കില്‍ തണ്ട് അഴുകിപ്പോകും. 10 ദിവസം കൂടുമ്പോള്‍ വിളവെടുക്കാനാകും. ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇവ പൂവിടാറുണ്ട്. പൂങ്കുല വരുമ്പോള്‍ തന്നെ വിളവെടുക്കണം. പൂങ്കുല ഭക്ഷ്യയോഗ്യമല്ല. അത് എടുത്ത് കളയേണം. കുറച്ച് ചെടികളെ പൂങ്കുല വന്ന് വിത്താകാന്‍ അനുവദിക്കാം. അങ്ങനെ ചെയ്താല്‍ അടുത്ത തവണ കൃഷി ചെയ്യാന്‍ പ്രത്യേകം വിത്ത് അന്വേഷിച്ച് പോകേണ്ടിവരില്ല.
ഓരോ വിളവെടുപ്പിനും ശേഷം ചാണകം കലക്കിയ സ്ലറിയോ 10 ഇരട്ടി നേര്‍പ്പിച്ച ഗോമൂത്രമോ വളമായി നല്‍കാം.
Discussion about this post