കര്‍ഷകര്‍ക്ക് ഇനി മുതല്‍ സ്വന്തം വിത്ത് ഉപയോഗിച്ചാലും ആനുകൂല്യം. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് സ്വന്തം നെല്‍വിത്ത് ഉപയോഗിക്കുന്നതിന് 2016 ല്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ആനുകൂല്യങ്ങള്‍ ഇപ്പോഴാണ് പ്രഖ്യാപിക്കുന്നത്. എല്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കും നല്‍കിയ നിര്‍ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള സ്റ്റേറ്റ് സീഡ് ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എസ്.എസ്.ഡി.എ) നല്‍കുന്ന നെല്‍ വിത്ത് ഉപയോഗിച്ച് കൃഷി ചെയ്താല്‍ മാത്രമേ ആനുകൂല്യം നല്‍കുകയുള്ളൂ എന്ന നിഷ്‌കര്‍ഷിയ്‌ക്കെയാണ് ഭേദഗതി വരുത്തിയത്. നേരത്തെ കെ.എസ്.എസ്.ഡി.എയ്ക്ക് കൃഷി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഫാമുകള്‍, എന്‍.എസ്.സി, കര്‍ണാടക സീഡ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് നെല്‍ വിത്ത് വാങ്ങി വിതരണം ചെയ്യാന്‍ നിര്‍ദേശം ലഭിച്ചിരുന്നത്. ഇത് പ്രകാരം നെല്‍കൃഷി വികസനപദ്ധതി നടത്തിപ്പിന് കര്‍ഷകര്‍ക്ക് കെ.എസ്.എസ്.ഡി.എ, കൃഷി വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ ഫാമുകള്‍, എന്‍.എസ്.സി, കര്‍ണാടക സീഡ് കോര്‍പ്പറേഷന്‍, കാര്‍ഷിക സര്‍വകലാശാല എന്നിവയിലൂടെ ലഭിക്കുന്ന വിത്തിന് പുറമേ സ്വന്തം നെല്‍വിത്തും ഉപയോഗിച്ച് കൃഷി ചെയ്യാന്‍ സാധിക്കും. നെല്‍വിത്തിന്റെ ലഭ്യത വിലയിരുത്തുന്നതിനായി കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ നടത്തിയ അവലോകനത്തിലാണ് പുതുക്കിയ നിര്‍ദേശം നല്‍കിയത്.
10 സെന്റ് മുതല്‍ 5 ഏക്കര്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ധനസഹായമുള്‍പ്പെടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശം കര്‍ഷകര്‍ക്ക് ഏറെ സഹായകമാകും. അത്യാധുനിക കൃഷി രീതികള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക സഹായമാണ് നല്‍കപ്പെടുന്നത്. മഴമറകള്‍ക്കും പോളി ഹൗസുകള്‍ക്കും തിരിനന, ഡ്രിപ്പ് ഇറിഗേഷന്‍, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് എന്നിങ്ങനെയുള്ള നൂതന കൃഷി മാര്‍ഗങ്ങള്‍ക്കും വിവിധ പദ്ധതികള്‍ വഴി ധനസഹായം ലഭ്യമാണ്. നൂതനസംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക ഗ്രൂപ്പുകള്‍ക്കും വേണ്ട മുഴുവന്‍ പിന്തുണയും അതതു ജില്ലകളിലെ കൃഷി ഓഫീസുകള്‍ വഴി ലഭിക്കും. കൃഷിക്കും ജലസേചനത്തിനും കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പനയ്ക്കുമായി ഒട്ടേറെ ആനുകൂല്യങ്ങള്‍ക്കും കൃഷി വകുപ്പ് അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിപ്പോള്‍. ചില സഹായങ്ങള്‍ വ്യക്തിഗത ഇനങ്ങളാണെങ്കില്‍ മറ്റു ചിലത് കര്‍ഷക ഗ്രൂപ്പുകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഓരോ പഞ്ചായത്തിലെയും കൃഷിഭവനില്‍ പദ്ധതികളുടെ വിശദാംശം ലഭിക്കും.
Discussion about this post