ആരാകണം എന്ന് ചോദിച്ചാല്‍ ഡോക്ടറും, എഞ്ചിനീയറും പൈലറ്റുമൊക്കെയാണെന്ന് പറയുന്ന ക്ലീഷേ ഡയലോഗുകള്‍ ഇല്ല. പഠിച്ചു വലുതാകുമ്പോള്‍ വലിയൊരു ഫാം തുടങ്ങണം എന്ന് പറയുന്ന രണ്ട് മിടുക്കന്‍മാരെ പരിചയപ്പെട്ടാലോ? പറഞ്ഞുവരുന്നത് ആറാം ക്ലാസുകാരന്‍ അഭിമന്യുവിനെയും 8 ക്ലാസുകാരന്‍ അഭിഷേകിനെയും കുറിച്ചാണ്. ചേര്‍ത്തല തൃപ്പൂരക്കുളത്തെ ബിഎസ്എഫ് ഉദ്യോഗസ്ഥനായ അഭിലാഷിന്റെയും ഭൗമ്യതയുടെയും മക്കളാണ് ഈ കുട്ടിക്കര്‍ഷകര്‍.
പഠനത്തിന്റെ ഇടവേളകളിലെല്ലാം ഇവര്‍ ഓടിയെത്തുന്നത് അവരുടെ പ്രിയപ്പെട്ട അരുമ മൃഗങ്ങള്‍ക്കരികിലേക്കാണ്. സ്‌കൂള്‍ അടച്ചതോടെ നഷ്ടമായ ചങ്ങാതിക്കൂട്ടത്തിന് പകരം കളിക്കൂട്ടുകാരായി പശുക്കളായ രാഗമ്മയും,ശങ്കരനും, പഞ്ചമിയുമെല്ലാമുണ്ട്. കുട്ടിക്കാലം മുതല്‍ കണ്ടുശീലിച്ച പശു പരിപാലന രീതികളെല്ലാം ഇന്നിവര്‍ക്ക് മനഃപാഠമാണ്.
ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഇവരെ, കാര്‍ഷിക ദിനത്തില്‍, ചേര്‍ത്തല തെക്ക് പഞ്ചായത്ത് ആദരിച്ചിരുന്നു.
ഈ കോവിഡ് കാലത്ത് മൊബൈലിന്റെയും മറ്റ് ഓണ്‍ലൈന്‍ വീഡിയോ ഗെയിമുകളുടെയും ലോകത്ത് കുരുങ്ങി കിടക്കുന്ന ബാല്യങ്ങള്‍ക്കും ഇവര്‍ മാതൃക തന്നെയാണ്.
നിരവധി ആടുകളും കോഴികളും പതിനേഴോളം പശുക്കളുമടങ്ങുന്ന ഫാമിന്റെ അമരക്കാരാണിവര്‍.
Discussion about this post