തൊഴിൽ തേടിയുള്ള മലയാളികളുടെ ദേശാന്തര യാത്ര അനുസ്യൂതം തുടരുന്ന ഇന്നത്തെ കാലത്ത് പ്രവാസം വിട്ട് കൃഷിയിൽ മേൽവിലാസം ഉണ്ടാക്കിയ വീട്ടമ്മയാണ് കോട്ടയം മുട്ടുചിറയിലെ വിധു രാജീവ്. രണ്ട് ആട്ടിൻകുട്ടികളും 10 കോഴിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ ഒരു ചെറു സംരംഭത്തിൽ ഇന്ന് ഇരുപതിലധികം പശുക്കളും, കിടാരികളും, ആടുകളും, എരുമകളും, കോഴി, താറാവ് തുടങ്ങി പക്ഷി മൃഗാദികളും അടക്കം ഒരു വലിയ ലോകം തന്നെയുണ്ട്. ഇത് കൂടാതെ മികച്ച രീതിയിൽ പച്ചക്കറി കൃഷിയും, പുൽ കൃഷിയും ഇവിടെ ചെയ്യുന്നു. അങ്ങനെ സംയോജിത കൃഷിയുടെ ഉദാത്ത മാതൃകയായി മാറുകയാണ് വിധുവിന്റെ ഈ ഫാം. വിധുവിന്റെ മനസ്സിൽ ഉദിച്ച ഫാമിംഗ് എന്ന ആശയത്തെ സാക്ഷാത്കരിച്ചതിൽ ഭർത്താവ് രാജീവിനുള്ള പങ്കും ചെറുതല്ല. പ്രവാസം വിട്ട് വിധുവിനൊപ്പം മുഴുനീള കർഷകനാകാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹവും. ഗൾഫിൽ കഷ്ടപ്പെടുന്നതിനേക്കാൾ ഏറെ വരുമാനവും അതിലേറെ മാനസിക സന്തോഷവും പകരുന്ന ഈ ഫാമിന് ‘പറുദീസ’ എന്നാണ് ഇവർ നൽകിയിരിക്കുന്ന പേര്
പറുദീസയിൽ എന്തൊക്കെയുണ്ട്?
ഒരു മനുഷ്യന് വേണ്ടതെല്ലാം പറുദീസയിൽ ഉണ്ടാവില്ലേ?. അതെ ഉണ്ടായിരിക്കണം, ഈ ആശയം തന്നെയാണ് വിധു – രാജീവ് ദമ്പതികൾ തൻറെ ഫാമിലും നടപ്പിലാക്കിയിരിക്കുന്നത്. ഒരു വീട്ടിലേക്ക് വേണ്ടിവരുന്ന പച്ചക്കറികളും, പഴവർഗ്ഗങ്ങളും മുട്ടയും പാലും ഇറച്ചിയും ആവശ്യാനുസരണം ഇവിടെ ലഭ്യമാകുന്നു. കറവയുള്ള 13 പശുക്കളിൽ നിന്ന് ദിവസവും 200 ലിറ്ററിലധികം പാൽ ഇവിടെ ലഭിക്കുന്നു. കറവയുള്ള പശുക്കൾക്ക് പുറമേ പത്തിലധികം പശുക്കളും,എരുമയും ഇവിടെയുണ്ട്. ഒപ്പം ചെറുതും വലുതുമായി 60ലധികം ആടുകൾ, അലങ്കാര കോഴികൾ, ഗിനി, ടർക്കി, വാത്ത തുടങ്ങിയവയുമുണ്ട് പശുക്കൾക്ക് വേണ്ടിവരുന്ന പുല്ല് ഫാമിൽ തന്നെയാണ് കൃഷി ചെയ്യുന്നത്. കൂടാതെ കാലാവസ്ഥയ്ക്ക് അനുസൃതമായി എല്ലാവിധത്തിലുള്ള പച്ചക്കറികളും വീട്ടാവശ്യത്തിനായി കൃഷി ചെയ്ത് എടുക്കുന്നു. മൂന്ന് ഏക്കറിലെ ഈ സംയോജിത കൃഷിയിടത്തിൽ ഉള്ള ഫലവൃക്ഷങ്ങളുടെ ശേഖരവും വലുതാണ്.
പറുദീസയിൽ പശുക്കളാണ് താരം
പലപ്പോഴും ക്ഷീരകർഷകർ നഷ്ടത്തിന്റെ കണക്കുകൾ നിരത്തുമ്പോൾ വിധുവിന്റെ പശു വളർത്തൽ ഒരിക്കലും നഷ്ടത്തിന്റെ പാതയിൽ അല്ല. മറ്റു പല കൃഷികളിലും ഉണ്ടാകുന്ന നഷ്ടം ഈ വീട്ടമ്മ നികത്തുന്നത് തന്നെ ഡയറി ഫാം എന്നതിന്റെ അടിത്തറയിൽ നിന്നാണ്. ഡയറി ഫാം ആരംഭിക്കാൻ തയ്യാറായപ്പോൾ പലരും നഷ്ടത്തിന്റെ കണക്കുകളാണ് വിധുവിനോട് പറഞ്ഞത് എന്നാൽ അതിലൊന്നും പതറാതെ ഡയറി ഫാം ആരംഭിക്കാൻ തന്നെ വിധു തീരുമാനിച്ചു. അങ്ങനെ മികച്ച ഉത്പാദനക്ഷമതയുള്ള പശുക്കളെ കുറിച്ച് അന്വേഷിച്ചു. അങ്ങനെ ഒടുവിൽ ചെന്നെത്തിയത് കർണാടകയിലെ ചിന്താമണിയിലാണ്. അങ്ങനെ ചിന്താമണിയിൽ നിന്ന് കൊണ്ടുവന്ന പത്ത് പശുക്കളിൽ നിന്നാണ് ക്ഷീര മേഖലയിലെ ലാഭനഷ്ടങ്ങളെക്കുറിച്ച് കുറിച്ച് വിധു പഠിച്ചത്. ചിന്താമണിയിലെ കർഷകരുടെ പരിചരണ രീതികൾ ഹൃദ്യസ്ഥമാക്കിയ വീട്ടമ്മ അതേ രീതി തന്റെ ഫാമിലും പിന്തുടർന്നു. പശുക്കൾക്കൊന്നും ഇതുവരെയും യാതൊരു രോഗവും വന്നില്ലെന്ന് മാത്രമല്ല മികച്ച പാലുൽപാദനവും, ഉത്പാദനക്ഷമത കൂടിയ പശുക്കളും വിധുവിന്റെ ഡയറി ഫാമിന്റെ അടിത്തറ ഭദ്രമാക്കുകയും ചെയ്തു.
മാലിന്യ സംസ്കരണത്തിന് പ്രത്യേക സജ്ജീകരണം
പലപ്പോഴും ഡയറി ഫാമിൽ മാലിന്യ സംസ്കരണം ഒരു തലവേദനയായി പലരും പറയുമ്പോൾ ഇവിടുത്തെ രീതി കണ്ടു പഠിക്കാനുള്ളതാണ്. തൊഴുത്ത് പണിതപ്പോൾ തന്നെ മാലിന്യ സംസ്കരണത്തിന് പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തൊഴുത്തിൽ നിന്ന് ലഭ്യമാകുന്ന 75% അധികം ചാണകം ബയോഗ്യാസ് പ്ലാന്റിലേക്ക് ആണ് ചെല്ലുന്നത്. പിന്നെയുള്ള 25% കൃഷിക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. ബയോഗ്യാസ് പ്ലാൻറ് വഴി ലഭ്യമാക്കുന്ന വളം പച്ചക്കറി കൃഷിക്കും, പുൽകൃഷിക്കും ഫലവൃക്ഷങ്ങളുടെ ചുവട്ടിലേക്കും പമ്പ് ചെയ്തു നൽകുന്നു. പാചകവാതക ഉപയോഗത്തിനും ഉപയോഗിക്കുന്നതിനാൽ ഇവിടെയും ചെലവ് കുറയുന്നു. മാത്രവുമല്ല ആവശ്യക്കാർക്ക് ചാണകം ഉണക്കി പൊടിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട് ഇതിനൊപ്പം പശുക്കൾക്ക് നൽകുന്ന പുല്ല് കമ്പോസ്റ്റ് നിർമ്മാണത്തിനും ഉപയോഗപ്പെടുത്തുന്നു. ഈ കമ്പോസ്റ്റും, ഉണക്കി പൊടിച്ച ചാണകപ്പൊടിയും, മണ്ണും ചേർത്ത് ഗ്രോബാഗുകൾ തയ്യാറാക്കി കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മിതമായി നിരക്കിൽ ഇവിടെനിന്ന് എത്തിച്ചും നൽകുന്നുണ്ട്
പുൽ കൃഷിയും പച്ചക്കറിയും
വീട്ടാവശ്യത്തിന് വേണ്ടിവരുന്ന എല്ലാവിധത്തിലുള്ള പച്ചക്കറികളും വീടിനോട് ചേർന്നുള്ള സ്ഥലത്ത് തീർത്തും ജൈവരീതിയിൽ കൃഷി ചെയ്ത് എടുക്കുന്നു. ഫാം തുടങ്ങിയ കാലം തൊട്ട് പുറത്തുനിന്ന് പച്ചക്കറി വാങ്ങേണ്ട ആവശ്യമില്ല എന്ന് വിധു പറയുന്നു. മികച്ച തീറ്റ ലഭ്യമാകുവാൻ പാട്ടത്തിനെടുത്ത 7 ഏക്കർ സ്ഥലത്ത് CO1, സൂപ്പർ നേപ്പിയർ തുടങ്ങിയ പുല്ലിനങ്ങൾ കൃഷി ചെയ്യുന്നു. മികച്ച പാലുൽപാദനം ലക്ഷ്യം വയ്ക്കുന്നതുകൊണ്ട് തന്നെ പശുവിന് പുല്ലും, കൈത പോളയും, ധാതുലവണ മിശ്രിതവുമാണ് നൽകുന്നത്.
കൃത്യമായ ആസൂത്രണവും പിന്നെ ശാസ്ത്രീയതയും
അല്പം ശാസ്ത്രീയതയും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ ഫാമിംഗ് മേഖലയിൽ തിളങ്ങാൻ സാധിക്കുമെന്നാണ് വിധു -രാജീവ് ദമ്പതികളുടെ അനുഭവം. പശുക്കൾക്കൊപ്പം തന്നെ വലിയ പരിചരണം ഇല്ലാതെ ആടുകളും എരുമകളും മറ്റു പക്ഷികളും ഇവിടെ വളരുന്നു. കിടാരികളെ പാർപ്പിച്ച ഷെഡിന്റെ മുകൾഭാഗം കോഴി,താറാവ്, കാട തുടങ്ങിയവ വളർത്താൻ വേണ്ടി ഉപയോഗപ്പെടുത്തിയിരിക്കുന്നു. പശുക്കൾക്ക് നൽകിവരുന്ന സാന്ദ്രീകൃത തീറ്റ തന്നെയാണ് ആടുകൾക്കും നൽകുന്നത്. പശുക്കൾക്ക് ആദ്യം കാലിത്തീറ്റയാണ് നൽകിയിരുന്നതെങ്കിലും ചെന പിടിക്കാത്ത സന്ദർഭം വന്നപ്പോൾ മുകളിൽ പറഞ്ഞ പോലെ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്തത്. ഒപ്പം തൊഴുത്തിൽ ഫാൻ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. ഒപ്പം പശുക്കളുടെ തീറ്റ, പാൽ തുടങ്ങീ കാര്യങ്ങൾ രേഖപ്പെടുത്താൻ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറും ഇവിടെ ഉപയോഗപ്പെടുത്തുന്നു.
Discussion about this post