ഏറെ ഫലപ്രദമായ ദ്രാവക ജൈവവളമാണ് മണ്ണിര സത്ത് അഥവാ വെർമിവാഷ്. മണ്ണിരയും കമ്പോസ്റ്റും കഴുകി കിട്ടുന്ന ഇരുണ്ട തവിട്ടുനിറമുള്ള പോഷക ലായനിയാണിത്. വെർമിവാഷ് നേർപ്പിച്ച് ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയോ ചെടികളിൽ തളിക്കുകയോ ചെയ്യാം.
മണ്ണിര സത്ത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇതിനായി 10 കിലോ കൊള്ളുന്ന ഒരു ബക്കറ്റാണ് വേണ്ടത്. ബക്കറ്റിന്റെ ചുവട്ടിൽ ഒരു അര ഇഞ്ച് ടാപ്പ് ഘടിപ്പിക്കണം. ഉള്ളിൽ നാലിഞ്ച് കനത്തിൽ ഓടിൻ കഷണങ്ങളും അടുക്കാം. അതിനു മുകളിലായി ഒരു കഷ്ണം നൈലോൺ വല വിരിക്കണം. ഇതിലേക്ക് 4 കിലോയോളം ജീർണിച്ച പച്ചക്കറി അവശിഷ്ടങ്ങളും മറ്റ് ജൈവ വസ്തുക്കളും ചാണകവുമായി കലർത്തി ഇടണം. ഒപ്പം മണ്ണിരയേയും ചേർത്തുകൊടുക്കാം. ഒരു ടാങ്കിലേക്ക് 1500 മണ്ണിര വേണ്ടിവരും.
അടുത്ത് ഒന്ന് രണ്ടാഴ്ചത്തേക്ക് പച്ചച്ചാണകലായനി നേർപ്പിച്ച് 50ml വീതം വല്ലപ്പോഴും ബക്കറ്റിലേക്ക് ഒഴിച്ചു കൊടുക്കാം. രണ്ടാഴ്ചയ്ക്കുശേഷം ബക്കറ്റിലേക്ക് 2 ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിനു ശേഷം 24 മണിക്കൂർ കഴിഞ്ഞു ടാപ്പ് തുറന്ന് ഒന്നര ലിറ്റർ വെർമിവാഷ് ശേഖരിക്കാം. വെർമിവാഷിന്റെ നിറം മാറുന്നതുവരെ ഇത് തുടരാം.
Discussion about this post