ഏറ്റവും അധികം പോഷക ഗുണങ്ങളടങ്ങിയ ജൈവവളങ്ങളിലൊന്നാണ് മണ്ണിരക്കമ്പോസ്റ്റ്. ചെടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും നല്ല വിളവിനും മണ്ണിര കമ്പോസ്റ്റ് ഏറ്റവും ഉത്തമമാണ്. മറ്റുള്ള ജൈവവളങ്ങളെ അപേക്ഷിച്ച് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ മണ്ണിര കമ്പോസ്റ്റിൽ കൂടുതലായി അടങ്ങിയിരിക്കുന്നു. ഇതിന്റെ കാർബൺ നൈട്രജൻ അനുപാതം മറ്റുള്ള ജൈവവളങ്ങളേക്കാൾ കുറവായതിനാൽ തന്നെ പോഷകങ്ങൾ ചെടികൾക്ക് വളരെ വേഗത്തിൽ വലിച്ചെടുക്കാനാകും. ഒപ്പം ചെടികൾക്ക് ആവശ്യമായ ഹോർമോണുകളും എൻസൈമുകളുമെല്ലാം മണ്ണിരകമ്പോസ്റ്റിൽ അടങ്ങിയിട്ടുണ്ട്. മണ്ണിരകളുടെ വിസർജ്യം മണ്ണിലെ മിത്ര സൂക്ഷ്മാണുക്കളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും. കാൽസ്യം, മെഗ്നീഷ്യം, ഇരുമ്പ്, സൾഫർ, കോപ്പർ, സിങ്ക്, മാംഗനീസ് തുടങ്ങി ചെടികൾക്ക് ആവശ്യമായ പല മൂലകങ്ങളും വെർമി കമ്പോസ്റ്റിൽ അടങ്ങിയിട്ടുണ്ട്.
തൈകൾ തയ്യാറാക്കുമ്പോൾ മണ്ണിൽ മണ്ണിരകമ്പോസ്റ്റ് ചേർക്കുന്നത് വേരുകളുടെ വളർച്ചയ്ക്ക് സഹായിക്കും. ശക്തമായ വേരുപടലത്തോട് കൂടിയ ആരോഗ്യമുള്ള തൈകൾ തയ്യാറാക്കാൻ ഇത് സഹായിക്കും. മേൽവളമായി മണ്ണിരകമ്പോസ്റ്റ് മാത്രമായോ അല്ലെങ്കിൽ സമ്പുഷ്ടീകരിച്ചോ ഉപയോഗിക്കാം. സംയോജിത കൃഷി രീതിയിൽ കാലി വെള്ളത്തിന് പകരമായി പകുതി അളവിൽ മണ്ണിരകമ്പോസ്റ്റ് ചേർക്കാം.
നിർമ്മാണരീതി
നമ്മുടെ ആവശ്യത്തിനും സ്ഥലപരിമിതിയും അനുസരിച്ച് പല രീതിയിൽ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം. മണ്ണിൽ കുഴികളെടുത്തോ ടാങ്കുകളിലോ കോൺക്രീറ്റ് റിങ്ങുകളിലോ മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കാം.
സാധാരണയായി രണ്ടടി താഴ്ചയും പത്തടി നീളവും മൂന്നടി വീതിയുമുള്ള കോൺക്രീറ്റ് ടാങ്കുകളിലാണ് മണ്ണിര കമ്പോസ്റ്റ് തയ്യാറാക്കുന്നത്. മണ്ണിൽ കുഴികൾ എടുത്തും ഇത് ചെയ്യാം. എന്നാൽ ഉറുമ്പിന്റെയും എലികളിടേയുംമറ്റും ശല്യം കൂടുതലായിരിക്കുമെന്ന പ്രശ്നമുണ്ട്. ടാങ്കിനു ചുറ്റും പിവിസി പൈപ്പ് പാത്തി രൂപത്തിൽ പകുതി മുറിച്ച് വെള്ളം നിറച്ച് ചേർത്തുവച്ചാൽ ഉറുമ്പിന്റെ ശല്യം ഒഴിവാക്കാം. ടാങ്കിന്റെ അടിഭാഗത്ത് തൊണ്ടുകൾ മലർത്തി അടുക്കണം. അതിനുമുകളിൽ അഴുകി തുടങ്ങിയ ഖരമാലിന്യങ്ങൾ ഇടാം. എരിവും പുളിയും അടങ്ങിയ വസ്തുക്കൾ ഒഴിവാക്കുന്നതാണ് നല്ലത്. അതിനുമുകളിലായി ചാണകം ചേർത്ത് കൊടുക്കണം. 8 കുട്ട മാലിന്യത്തിന് ഒരു കുട്ട ചാണകം എന്ന അനുപാതത്തിൽ ചേർക്കുന്നതാണ് നല്ലത്.
ഇതിനുമുകളിൽ മണ്ണിരയെ ചേർത്തുകൊടുക്കാം.രണ്ടു തരത്തിലുള്ള മണ്ണിരകളെ ഉപയോഗിക്കാം. വലിപ്പമേറിയതും മേൽമണ്ണിലെ ജൈവാവശിഷ്ടങ്ങൾ കഴിച്ച് ജീവിക്കുന്നതുമായ ആഫ്രിക്കൻ മണ്ണിരയെയാണ് സാധാരണയായി ഉപയോഗിക്കുന്നത്. തണുപ്പുള്ള ഉയർന്ന പ്രദേശങ്ങളിൽ ഓസ്ട്രേലിയൻ മണ്ണിരയാണ് കൂടുതൽ നല്ലത്. മുകളിൽ പറഞ്ഞ അളവിലുള്ള ഒരു കുഴിക്ക് മൊത്തത്തിൽ 500ഗ്രാം ആഫ്രിക്കൻ മണ്ണിരയെ വേണ്ടിവരും. ഇങ്ങനെ ലെയറുകളായി ക്രമീകരിച്ച ശേഷം ഏറ്റവും മുകളിൽ ഒരടി ഉയരത്തിൽ മാലിന്യങ്ങൾ നിറയ്ക്കാം. ഏറ്റവും മുകളിൽ തെങ്ങോല കൊണ്ട് മൂടുന്നത് നല്ലതാണ്. എലി ശല്യം ഒഴിവാക്കാനായി കമ്പി വലകൾ ഉപയോഗിക്കാം.ഒന്നര മുതൽ രണ്ട് മാസത്തിനുള്ളിൽ കമ്പോസ്റ്റ് തയ്യാറാകും.
ഇത്തരത്തിൽ തയ്യാറാക്കിയ കമ്പോസ്റ്റ് പുറത്തെടുത്ത് കൂനകൂട്ടിയിട്ടാൽ മണ്ണിരകൾ താനെ താഴേക്ക് പോകും. ശേഷം മുകൾ ഭാഗത്തു നിന്നും കമ്പോസ്റ്റ് നീക്കം ചെയ്ത് അരിച്ചെടുത്ത് ഉണക്കി വിപണിയിൽ എത്തിക്കുകയോ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാം. ഒരു കിലോ വെർമി കമ്പോസ്റ്റ് 20 രൂപ വിലയുണ്ട്.
Discussion about this post