ഈ ലോകതണ്ണീർത്തട ദിനത്തിൽ കുമരകം സ്വദേശിയായ വി എസ് രാജപ്പൻ എന്ന വ്യക്തി മലയാളികളുടെ അഭിമാന താരമാവുകയാണ്. ഇരു കാലുകൾക്കും സ്വാധീനമില്ലെങ്കിലും വേമ്പനാട്ടുകായലിന്റെ സംരക്ഷകനാണ് രാജപ്പൻ. കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവരും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യം കായലിൽ നിന്ന് നീക്കം ചെയ്യേണ്ട ഉത്തരവാദിത്വം രാജപ്പൻ സ്വയം ഏറ്റെടുത്തിട്ട് അനേകം വർഷങ്ങളായി.വാടക വള്ളം തുഴഞ്ഞ് കായലിൽ ഉപേക്ഷിച്ച പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് വിൽക്കുന്ന രാജപ്പൻ എന്ന വ്യക്തിയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകമറിയുന്നത്. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൻ കീ ബാത്തിലൂടെ അദ്ദേഹത്തിനുള്ള അഭിനന്ദനം അറിയിച്ചു.
പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് പിന്നാലെ അനേകം സഹായഹസ്തങ്ങളാണ് രാജപ്പനെ തേടിയെത്തിയിരിക്കുന്നത്.വീട് വയ്ക്കാനുള്ള സഹായം ബോബി ചെമ്മണ്ണൂർ വാഗ്ദാനം ചെയ്തപ്പോൾ പ്രവാസിമലയാളികളുടെ വക മോട്ടോർ ഘടിപ്പിച്ച ഫൈബർ ബോട്ട് ബിജെപി രാജപ്പന് സമ്മാനിച്ചു. സ്വന്തമായി ഒരു ബോട്ട് എന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നവും.
സഹായങ്ങളെത്തിക്കുന്നതിനോടൊപ്പം തന്നെ രാജപ്പൻ എന്ന വ്യക്തി പകർന്നു നൽകുന്ന പാഠവും നാം ഉൾക്കൊള്ളേണ്ടതുണ്ട്. നമ്മുടെ ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. കാലുകൾക്ക് സ്വാധീനമില്ലാത്ത രാജപ്പൻ എന്ന വ്യക്തിക്ക് അതിനു സാധിക്കുമെങ്കിൽ കുറഞ്ഞത് പ്ലാസ്റ്റിക് മാലിന്യം പ്രകൃതിയിലേക്ക് അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള മനസ്സെങ്കിലും നമുക്കൊരോരുത്തർക്കും ഉണ്ടാകേണ്ടതുണ്ട്.മനുഷ്യരാശിയുടെ വളർച്ചയുടെ പാതയിൽ നിർണ്ണായകസ്ഥാനമുള്ള തണ്ണീർത്തടങ്ങളുടെ സംരക്ഷണം മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനില്പിനും ഭക്ഷ്യസുരക്ഷയ്ക്കും അത്യന്താപേക്ഷിതമാണ്.
Discussion about this post