ജീവിതം നിശ്ചലമാക്കിയെന്ന് തോന്നിപ്പിക്കുന്നതായിരുന്നു പലര്‍ക്കും കോവിഡ് മഹാമാരിയും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണുമെല്ലാം. എന്നാല്‍ ആ നിശ്ചലാവസ്ഥയെ പ്രായോഗികമായി പ്രയോജനപ്പെടുത്തിയ നിരവധി പേരുണ്ട്. കൃഷിയുടെ പലവിധ സാധ്യതകളിലൂടെ. ചിലര്‍ ലോക്ഡൗണ്‍ കാലം വീട്ടില്‍ കൃഷിയും ഗാര്‍ഡനും ഒരുക്കുന്നതിലേക്ക് തിരിഞ്ഞു. മറ്റു ചിലര്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്ന കൃഷി ലോക്ഡൗണ്‍ കാലത്ത് കൂടുതല്‍ ഉഷാറാക്കി. ലോക്ഡൗണ്‍ കാലം കൃഷിക്കായി മാറ്റിവെക്കാന്‍ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഗ്രി ടീവിയൊരുക്കിയ ക്യാമ്പയിനാണ് ‘വീട്ടിലിരിക്കാം വിളവൊരുക്കാം’. ഇതിലൂടെ ലോക്ഡൗണ്‍ കാല കൃഷി അനുഭവം പങ്കുവെക്കുകയാണ് ഫാറൂഖ് വൊക്കേഷണല്‍ സ്‌കൂള്‍ അധ്യാപികയായ റോഷ്ണി ടീച്ചറും മേഴ്‌സി കോളേജ് സിഇഒ ആയ ഭര്‍ത്താവ് വിനോദും. ടെറസ് കൃഷിയെ കൂടുതല്‍ ക്രിയേറ്റീവായിട്ടാണ് ഇരുവരും ഒരുക്കിയത്. പൊതുവെ ഗാര്‍ഡനിംഗ് പോലെ അത്ര കളര്‍ഫുള്‍ അല്ലാത്ത പച്ചക്കറി കൃഷിയെ വളരെ മനോഹരമായിട്ടാണ് ഇരുവരും ഒരുക്കിയത്. അതിനായി ചെലവ് കുറഞ്ഞ രീതിയാണ് തെരഞ്ഞെടുത്തതെന്നത് ശ്രദ്ധേയവും മാതൃകാപരവുമാണ്.
ഗുരുവായൂരിലെ ഇവരുടെ വീടിന്റെ ടെറസ് കണ്ടാല്‍ ആരുമൊന്ന് അതിശയിക്കും. ടയറും വാട്ടര്‍കാനും നിറമെല്ലാം കൊടുത്ത് ഭംഗിയാക്കി മണ്ണ് നിറച്ചാണ് പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം വെച്ചുപിടിപ്പിച്ചിരിക്കുന്നത്. 7 വര്‍ഷം മുമ്പ് നട്ട മുന്തിരി നല്ല പോലെ വിളവ് നല്‍കാന്‍ തുടങ്ങി. മുന്തിരിക്ക് പുറമെ നാരങ്ങ, ഓറഞ്ച്, ചൈനീസ് ഓറഞ്ച്, നാരകം, മാതളം, പാഷന്‍ ഫ്രൂട്ട്, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട്, ഇരുമ്പാമ്പുളി, കുറ്റിക്കുരുമുളക്, സര്‍വസുഗന്ധി, വെള്ളരി, ചീര, ഇളവന്‍, വെണ്ട, പച്ചമുളക്, കറിവേപ്പില, വഴുതന, മാവ് തുടങ്ങി വൈവിധ്യമാര്‍ന്ന കൃഷിയാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. വിവിധ ഔഷധസസ്യങ്ങളും ഒരു ഭാഗത്ത് ഒരുക്കിയിട്ടുണ്ട്.
നൂറോളം ടയര്‍ ചട്ടികളാണ് ഇവിടെയുള്ളത്. കാറിന്റെയും സ്‌കൂട്ടറിന്റെയും ടയര്‍ ഉപയോഗിച്ചാണ് ചട്ടികള്‍ നിര്‍മ്മിച്ചത്. വാഹനത്തിന്റെ പാര്‍ട്‌സ് ഉപയോഗിച്ചൊരുക്കിയ പന്തലിലേക്ക് പാഷന്‍ പ്രൂട്ട് പടര്‍ത്തിരിക്കുന്നു.
2017ലൊരു മഴമറയുണ്ടാക്കിയിരുന്നു. ആ വര്‍ഷം ഗുരുവായൂര്‍ മുനിസിപ്പാലിറ്റിയുടെ മികച്ച കര്‍ഷ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് റോഷ്‌നി ടീച്ചര്‍ക്ക്. 50,000 രൂപ സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി കിട്ടി. മഴവെള്ളം സംഭരിക്കാന്‍ ഒരു ടാങ്കും ഒരുക്കിയിട്ടുണ്ട്. പാത്തി വെച്ച് അത് താഴെ കിണറിലേക്ക് ഫില്‍റ്റര്‍ ചെയ്ത് പോകാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ജലക്ഷാമം നേരിടുന്ന പ്രദേശമായതിനാലാണ് അങ്ങനെ ചെയ്തിരിക്കുന്നത്.
Discussion about this post