ഐസ്‌ക്രീം എന്ന് കേട്ടാല്‍ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ഒന്നാകും വാനില. സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വാനില വ്യാപകമായി ഉപയോഗിക്കുന്നു. വാനില പഴത്തിന്റെ സുഗന്ധവും എല്ലാവരുടെയും മനം മയക്കും. വിപണനമൂല്യവും ഏറെയാണ് വാനിലയ്ക്ക്. ലാഭകരമായ കൃഷി പദ്ധതിയിടുന്നവര്‍ക്ക് വാനില കൃഷി മികച്ച ഓപ്ഷനാണ്. കൃഷി രീതിയെ കുറിച്ചറിയാം..
തവിട്ടുനിറത്തിലുള്ള മണ്ണ് ആണ് വാനില കൃഷിക്ക് അനുയോജ്യം. പിഎച്ച് മൂല്യം 6.5-നും 7.5-നും ഇടയിലുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ നല്ലത്. തണലും നീര്‍വാര്‍ച്ചയും ഉള്ള മണ്ണില്‍ വാനില മികച്ച വിളവ് തരും. വള്ളിച്ചെടി ആയതുകൊണ്ട് തന്നെ പടര്‍ത്തി വിടാന്‍ താങ്ങ് നല്‍കണം. ശീമക്കൊന്നയാണ് നല്ലത്.
നടുന്നതിന് നാല് മാസം മുന്‍പ് തന്നെ നട്ടുപിടിപ്പിക്കണം. വള്ളി മുറിച്ച് നട്ടാണ് വളര്‍ത്തുന്നത്. വേര് പിടിപ്പിച്ച 60 സെന്റിമീറ്റര്‍ നീളമുള്ള വള്ളികള്‍ നടാം. ഒരു മീറ്ററോളം നീളമുള്ള വള്ളികളാണ് വേഗം പൂക്കുക. മഴയുടെ തുടക്കത്തില്‍ 40X40X40 സെന്റിമീറ്റര്‍ അളവിലും ചെടികള്‍ തമ്മില്‍ 2.7 മീറ്ററും വരികള്‍ തമ്മില്‍ 1.8 മീറ്ററും വരും വിധം കുളികളെടുത്ത് വള്ളി താങ്ങുകാലിനോട് ചേര്‍ത്ത് നടാവുന്നതാണ്.
ചെടികള്‍ 1.3 മീറ്റര്‍ ഉയരം വയ്ക്കുമ്പോള്‍ ചുറ്റും വലയങ്ങളായി തൂക്കിയിടണം. പൂപിടിക്കാന്‍ ഇത് സഹായിക്കും. ഓരോ വള്ളിയിലും 18 മുതല്‍ 20 വരെ പൂങ്കുലകളും ഓരോ കുലയിലും ഇത്രയും തന്നെ പൂക്കളും കാണും. എങ്കിലും പൂങ്കുലയുടെ അടിഭാഗത്ത് വിടരുന്ന എട്ടോ പത്തോ പൂക്കള്‍ മാത്രമാണ് പരാഗണം നടത്തി കായ്കളാക്കി മാറ്റേണ്ടത്.
ആഴ്ചയില്‍ ഏതാണ്ട് 2 സെ.മീ. എന്ന തോതില്‍ 6 മുതല്‍ 7 ആഴ്ചകൊണ്ട് വേണ്ടത്ര നീളവും വണ്ണവും വയ്ക്കും. പക്ഷേ 9 മുതല്‍ 11 മാസം വരെ വേണ്ടിവരും കായ് പാകമാകാന്‍. ആറിഞ്ചിനു മേല്‍ നീളമുള്ള കായ്കളാണ് ഏറ്റവും നല്ലത്.
Discussion about this post