ചെടികൾക്ക് അവശ്യം വേണ്ട പ്രാഥമിക മൂലകമാണ് ഫോസ്ഫറസ്.കോശങ്ങളുടെ വളർച്ചയ്ക്കും വർധനയ്ക്കും പുഷ്പിക്കാനും വിത്തുണ്ടാകാനും ഈ മൂലകം കൂടിയേ തീരൂ. മണ്ണിൽ ധാരാളമുണ്ടെങ്കിലും അത് ഫോസ്ഫേറ്റുകളായി രൂപാന്തരപ്പെട്ടിരിക്കുന്നതിനാൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ ചെടികൾക്ക് ലഭ്യമാകുന്നുള്ളൂ.മണ്ണിൽ കാണുന്ന ഫോസ്ഫേറ്റുകളെ ലയിപ്പിച്ച് ചെടികൾക്ക് ലഭ്യമാക്കാൻ കഴിവുള്ള കുമിളാണ് ‘വാം’ എന്ന് ചുരുക്കത്തിലറിയപ്പെടുന്ന വെസിക്കുലർ ആർബസ്കുലർ മൈക്കോറൈസ.ഗ്രീക്കുപദമായ മൈക്കോറൈസയുടെ അർത്ഥം വേരിൽ ജീവിക്കുന്ന കുമിൾ എന്നാണ്. അന്നജത്തിനായി ചെടികളെ ആശ്രയിക്കുന്ന മൈക്കോറൈസ ധാരാളം പോഷകമൂലകങ്ങൾ തിരിച്ചുനൽകിയാണ് സഹവാസത്തിലേർപ്പെടുന്നത്. ഫോസ്ഫറസിന്റെ ലഭ്യത കൂട്ടുന്നതിനോടൊപ്പം പ്രതികൂല കാലാവസ്ഥയെയും രോഗാണുക്കളെയും ചെറുക്കുന്നതിനുള്ള കഴിവും ‘വാം’ ചെടികൾക്ക് നൽകും. ഒപ്പം സൂഷ്മമൂലകങ്ങളുടെ ലഭ്യത കൂട്ടുകയും ജലലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. മണ്ണിലെ രോഗകാരികളായ കുമിളുകളിൽ നിന്നും നിമാവിരകളിൽ നിന്നും വാം ചെടിയെ സംരക്ഷിക്കും. വരൾച്ച, ഫലപുഷ്ടി കുറഞ്ഞ മണ്ണ്, വിഷാംശമുള്ള മണ്ണ് എന്നിവയെ ഗുണനിലവാരമുള്ളതാക്കാനും വാം സഹായിക്കും.
ചെടി അല്ലെങ്കിൽ വിത്ത് നടുന്നതിനു മുൻപ് നടാനുള്ള കുഴിയിൽ വാം ഇട്ട് അതിനുമുകളിൽ നട്ടാൽ ഏറെ നല്ലത്. ചെടിയുടെ വേരും മണ്ണും തമ്മിൽ വേഗത്തിൽ ബന്ധം സ്ഥാപിപ്പിക്കാൻ മൈക്കോറൈസക്ക് കഴിയും. നെല്ല്, വാഴ, ഇഞ്ചി, മഞ്ഞൾ, ഏലം, കുരുമുളക്, പച്ചക്കറികൾ കശുമാവ്, കിഴങ്ങു വിളകൾ, ഔഷധച്ചെടികൾ മുതലായവയുടെ വളർച്ചയ്ക്കും വിളവ് വർദ്ധിപ്പിക്കാനും വാം ഉപയോഗിക്കാം. പച്ചക്കറിവിളകളായ ക്യാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല വിളകൾ തൈകളായി നടുമ്പോൾ ഒരു ടീസ്പൂൺ വീതം വാം ചേർക്കുന്നത് വാട്ടം, വേര് പിടിക്കാതിരിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഒഴിവാക്കും. വിത്ത് പാകുന്നതിന് മുൻപ് ഒരു ചതുരശ്ര മീറ്ററിന് 200 ഗ്രാം എന്ന തോതിൽ വാം മേൽമണ്ണുമായി ചേർക്കുകയോ ചാലിൽ വിതറുകയോ ചെയ്യാം. പ്രോട്രേകളിൽ ഒരു വിത്തിന് ഒരു ഗ്രാം എന്ന തോതിൽ നൽകാം. തോട്ടങ്ങളിൽ ദീർഘകാല വിളകൾ നടുമ്പോൾ 25 ഗ്രാം വാം ചുവട്ടിൽ ചേർത്തുകൊടുക്കാം. തൈകൾ അല്ലെങ്കിൽ തണ്ടുകൾ നടുന്നതിനു മുൻപ് കട്ടിയായ മൈക്കോറൈസ ലായനിയിൽ വേരുകൾ മുക്കിയെടുത്ത ശേഷം നടാം. വേര് പൊട്ടി വരുമ്പോൾ മൈക്കോറൈസയിൽ കൂടി കടന്നു വരത്തക്കവിധം വേണം ഇത് നൽകാൻ.
മൈക്കോറൈസയുടെ തന്തുക്കൾ വേരുകളെ അപേക്ഷിച്ച് നേർത്തതായതിനാൽ ജലവും മൂലകങ്ങളും വലിച്ചെടുക്കുന്നതിനുള്ള പ്രതലവും കൂടുന്നു. ഇലയിൽ പ്രകാശസംേശ്ളഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു.ഇതിന്റെ ഫലമായി വേരുവളർച്ച വർധിക്കുന്നു. മരച്ചീനിയിൽ കിഴങ്ങുകളുടെ എണ്ണവും വലിപ്പവും കൂട്ടാൻ മൈക്കോറൈസയ്ക്ക് കഴിയും. .
മൈക്കോറൈസ നൽകി 20 ദിവസത്തിന് ശേഷം മാത്രം കുമിൾനാശിനികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. വാനില, ഓർക്കിഡ് എന്നീ സസ്യങ്ങൾക്ക് ഇത് അനുയോജ്യമല്ല. കാർഷിക സർവ്വകലാശാലയുടെയോ കൃഷിവകുപ്പിന്റെയോ വിപണന കേന്ദ്രങ്ങളിൽ നിന്നും ഇത് വാങ്ങാം.
Discussion about this post