കാർഷിക ഉൽപ്പന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമായ വൈഗയുടെ അഞ്ചാം പതിപ്പ് തൃശ്ശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 10 മുതൽ 14 വരെയാണ് പ്രദർശനം. വൈഗ അഗ്രിഹാക്ക് 2021 എന്ന പേരിലാണ് ഇത്തവണ പ്രദർശനം സംഘടിപ്പിക്കുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ തേക്കിൻകാട് മൈതാനിയിലെ സ്ഥിരം വേദിയിൽ നിന്നും ജില്ലയിലെ വ്യത്യസ്ത ഇടങ്ങളായ റീജിയണൽ തിയേറ്റർ, സാഹിത്യ അക്കാദമി ഹാൾ, ഇൻഡോർ സ്റ്റേഡിയം, ടൌൺ ഹാൾ, യാത്രി നിവാസ്,മണ്ണുത്തി കേരള കാർഷിക സർവ്വകലാശാലയിലെ സ്ഥിരം വേദി എന്നിവിടങ്ങളിലായാണ് മേള നടത്തുന്നത്. നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും കണ്ടെത്തുന്നതിനും കാർഷിക മേഖലയിൽ അവ ഉൾപെടുത്തുന്നതിനുമായി അഗ്രി ഹാക്കത്തോൺ സംഘടിപിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. വിവിധ വേദികളിലായി എക്സിബിഷൻ, സെമിനാർ, വെബിനാർ, വിളവെടുപ്പാനന്തര പരിചരണ സാങ്കേതിക വിദ്യകളുടെ പ്രദർശനം, ഓൺലൈൻ പ്ലാറ്റ്ഫോമിലെ വിർച്വൽ പ്രദർശനം എന്നിവ മേളയുടെ ഭാഗമാകും. സഞ്ചരിക്കുന്ന പ്രദർശനശാലയായ “വൈഗ ഓൺ വീൽസ്” ഇത്തവണത്തെ പ്രധാന ആകർഷണമാണ്.
Discussion about this post