കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യം പലരെയും ജീവിത ഔന്നത്യത്തില്‍ എത്തിച്ചിട്ടുണ്ട്. അതുപോലെയാണ് നല്ല വണ്ണം വെണ്ണീറില്‍ അഥവാ ചാരത്തില്‍ വിളഞ്ഞ വിളകളും. ഭംഗ്യന്തരേണ ചാമ്പലിന്റെ പോഷക ഗുണത്തെ സൂചിപ്പിക്കുന്നു. കൃഷിയുടെ പ്രാരംഭ നാളുകളില്‍ കാട് വെട്ടി കത്തിച്ചാണ് വിളകള്‍ നട്ടിരുന്നത്. കത്തിക്കുമ്പോള്‍ ധാരാളം ചാരം ഉണ്ടാകുന്നു. അത് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. കുറച്ച് നാള്‍ കൃഷി ചെയ്ത് കഴിയുമ്പോള്‍ അവിടെ ജൈവ പുനഃചംക്രമണം ഇല്ലാത്തത് കൊണ്ട് വിളവ് കുറയുന്നു. അപ്പോള്‍ വേറെ ഒരു ഭാഗത്തേക്ക് നീങ്ങി അവിടം കത്തിച്ചു കൃഷിയിറക്കുന്നു. ഇതിനെ പുനം കൃഷി (Jhumming ) എന്ന് വിളിച്ചിരുന്നു.
പ്രകൃതി വിരുദ്ധമായിരുന്നു അക്കാലത്തും കൃഷി എന്ന് വേണമെങ്കില്‍ പറയാം. നദീ തടങ്ങളില്‍ പാര്‍പ്പുറപ്പിച്ച മനുഷ്യര്‍ സംഘടിതമായി കൃഷിയിറക്കാന്‍ ആരംഭിച്ചപ്പോള്‍ ചാരത്തിന്റ മഹത്വം മനസ്സിലാക്കി അടുപ്പുകളിലെ ചാരം കൃഷിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജൈവ വസ്തുക്കള്‍ കത്തിക്കുന്നതിനോട് ശാസ്ത്രലോകം ഇന്ന് യോജിക്കുന്നില്ല. അത് മൂലക ശോഷണത്തിനും വായു മലിനീകരണത്തിനും കാരണമാകുന്നു. എന്നാല്‍ സാംക്രമിക രോഗങ്ങളും കീടങ്ങളും ബാധിച്ചു നശിച്ചവ കത്തിക്കുന്നത് തന്നെ ആണ് ഉത്തമം.
എന്താണ് ചാരത്തിന്റെ പോഷക ഗുണത്തിന്റെ കാരണം?
ചെടികളുടെ സന്തുലിതമായ വളര്‍ച്ചയ്ക്ക് നിദാനം പതിനാറു അവശ്യ മൂലകങ്ങളുടെ ശരിയായ അനുപാതത്തില്‍ ഉള്ള ലഭ്യതയാണ്. അവ മണ്ണിലുണ്ടെങ്കില്‍ ചെടി അത് വലിച്ചെടുത്തു സ്വശരീരത്തിന്റെ ഭാഗമാക്കും. അതേ ചെടി നശിക്കുമ്പോള്‍ മണ്ണില്‍ ദ്രവിച്ചു ചേരും. അപ്പോള്‍ ഈ മൂലകങ്ങള്‍ വീണ്ടും മണ്ണിന്റെ ഭാഗമാകും. ഈ ചാക്രികതയാണ് മണ്ണിന്റെ വളമയുടെ പൊരുള്‍.
ദ്രവിച്ചു ചേരുന്നതിനു പകരം കത്തിച്ചാമ്പലാകുമ്പോള്‍ ഇവയില്‍ പല മൂലകങ്ങളും അവയുടെ ഓക്‌സയിഡുകള്‍ ആയി അന്തരീക്ഷത്തില്‍ വിലയം പ്രാപിക്കുന്നു. സാന്ദ്രത കൂടിയ രൂപത്തിലുള്ളവ മാത്രം ശേഷിക്കുന്നു. അവ പ്രധാനമായും കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക്, മാങ്കനീസ്, മഗ്‌നീഷ്യം എന്നിവയും പിന്നെ അല്‍പ സ്വല്പം ഘനലോഹങ്ങളും ആയിരിക്കും.
പലരും കരുതുന്നത് ചാരത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം പൊട്ടാസ്യം ആണ് എന്നാണ്. എന്നാല്‍ കാല്‍സ്യം ആണ് ചാരത്തില്‍ കൂടുതല്‍. ചെടികളുടെ കോശഭിത്തിയുടെ പ്രധാന നിര്‍മാണ വസ്തു കാല്‍സ്യം ആണല്ലോ. അപ്പോള്‍ അത് കൂടുതല്‍ അവശേഷിക്കുക എന്നത് തികച്ചും സ്വാഭാവികം.
രണ്ടാം സ്ഥാനം പൊട്ടാസ്യത്തിനാണ്. പൂര്‍ണമായും കത്തി തീരാത്ത കരിക്കട്ട കൂടുതല്‍ ഉണ്ടെങ്കില്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മണ്ണിനു ഏറെ ഗുണം ചെയ്യും. അതുകൊണ്ടാണ് മരക്കരി (Biochar )ഇന്ന് കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നതും. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ ഉള്ള ഒരു വഴി മരക്കരി രൂപത്തില്‍ അതിനെ മണ്ണില്‍ അടക്കം ചെയ്യുക (Carbon sequestrtaion )എന്നതാണ്.
ചാരത്തില്‍ കാല്‍സ്യം കൂടുതല്‍ ഉള്ളതിനാല്‍ മണ്ണിന്റെ അമ്ലത കുറച്ച് മണ്ണിനെ നിര്‍വീര്യ അവസ്ഥയില്‍ കൊണ്ട് വരാനുള്ള അതിന്റെ കഴിവ് കൂടുതലാണ് . ചാരം ധാരാളം ഉപയോഗിച്ചാല്‍ അമ്ലത മാറ്റി ക്ഷാരത സംജാതമാക്കാന്‍ അതിന് കഴിയും.
അപ്പോള്‍ വെണ്ണീറ് കൊണ്ട് മൂന്നുണ്ട് ഗുണങ്ങള്‍.
1.മണ്ണിന്റെ അമ്ലത കുറയ്ക്കുന്നു.
2.കാല്‍സ്യം നല്‍കുന്നു.
3.പൊട്ടാസ്യവും സൂക്ഷ്മ മൂലകങ്ങളും നല്‍കുന്നു.
ചാരത്തില്‍ അടങ്ങിയ പൊട്ടാസ്യം ചിലപ്പോള്‍ കൈകളില്‍ ചെറിയ പൊള്ളലിന് കാരണമാകാം. അതിലുള്ള പൊട്ടാസ്യം ഹൈഡ്രോക്സിഡിന്റെ
(KOH) വികൃതി ആണ്. അത് കൊണ്ട് തന്നെ ആണ് അഴുക്കുള്ള പാത്രങ്ങള്‍ ചാമ്പല്‍ ചേര്‍ത്ത് ഉരസ്സി കഴുകുമ്പോള്‍ അവ വെളുക്കുന്നതും. എണ്ണ മെഴുക്കു മാറ്റാനും വഴുവഴുപ്പുള്ള പ്രതലങ്ങള്‍ വൃത്തിയാക്കാനും ഇത് മൂലം ചാമ്പല്‍ സഹായിക്കും.
ചെടികളുടെ വളര്‍ച്ചയിലെ ഏറ്റവും നിര്‍ണായകമായ മൂലകം ആണ് പൊട്ടാസ്യം. പൊട്ടാഷ് വളങ്ങള്‍ ഒന്നും തന്നെ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല. അത് പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ്. വലിയ സബ്സിഡി സര്‍ക്കാര്‍ നല്‍കുന്നത് കൊണ്ടാണ് ഇത്രയെങ്കിലും വിലക്കുറവില്‍ അത് കര്‍ഷകര്‍ക്കു ലഭ്യമാകുന്നത്.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പൊട്ടാഷ് ഉല്‍പ്പാദിപ്പിക്കുന്നത് കാനഡ ആണ്. അവിടുത്തെ Saskatchewan ഖനിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊട്ടാഷ് (Muriate of Potash അഥവാ KCl)ഉല്‍പ്പാദിപ്പിക്കുന്നത്. അവിടുത്തെ കമ്പനിയായ Campotex (Canadian Potash Export Company )ആണ് ലോകത്തിലെ ഏറ്റവും വലിയ പൊട്ടാഷ് കയറ്റു മതി ചെയ്യുന്ന സ്ഥാപനം. രണ്ടാം സ്ഥാനം ബെലാറസി (Belarus )നാണ്. (Belarusian Potash Company ).
ലോകത്ത് ഏറ്റവും കൂടുതല്‍ പൊട്ടാഷ് ഉപയോഗിക്കുന്നത് ചൈനയും അമേരിക്കയും ഇന്ത്യയും ആണ്. ഇന്ത്യയില്‍ പൊട്ടാഷ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് (IPL) ആണ്. ചില സമയങ്ങളില്‍ പൊട്ടാഷ് വളങ്ങള്‍ക്കു വലിയ ക്ഷാമം വിപണിയില്‍ വരാറുള്ളത് ഓര്‍ക്കുക.ഇറക്കുമതി നയങ്ങളും അന്താരാഷ്ട്ര വിപണിയിലെ വിലയുടെ ഏറ്റക്കുറച്ചിലും കപ്പല്‍ ഗതാഗത പ്രശ്‌നങ്ങളും ഒക്കെ ക്ഷാമത്തിന് കാരണമാകാം.
സസ്യങ്ങളില്‍ നിര്‍ണായകമായ ഒരു പിടി കാര്യങ്ങള്‍ നടക്കണമെങ്കില്‍ പൊട്ടാസ്യം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഇലകളുടെ അടിവശത്തുള്ള ആസ്യരന്ധ്രങ്ങളുടെ (stomata)കാവല്‍ കോശങ്ങള്‍ തുറക്കണോ അടയ്ക്കണോ എന്നൊക്കെ തീരുമാനിക്കുന്നതു പൊട്ടാസ്യമാണ്. ആയതിനാല്‍ തന്നെ ചെടിയുടെ ജല -വായു സന്തുലനം (water balance, gaseous exchange )ഒക്കെ നിയന്ത്രിക്കുന്നത് മറ്റാരുമല്ല. അന്നജ -മാംസ്യ നിര്‍മാണം, ഊര്‍ജോല്‍പ്പാദനം (ATP synthesis), വിളവ്, മുഴുപ്പ്, രുചി, നിറം, മാര്‍ദ്ദവം, രോഗ -കീട പ്രതിരോധ ശേഷി എന്നിവയുടെ ഒക്കെ താക്കോല്‍ പൊട്ടാസ്യത്തിന്റെ കയ്യിലാണ്.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post