വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളുടെ അതിമനോഹരമായ കാഴ്ച കാണാൻ കാത്തുനിൽക്കുന്ന നമ്മളെ തേടി എപ്പോഴും എത്തുന്നത് അടുക്കളത്തോട്ടത്തിലെ വില്ലന്മാരാണ്. അതായത് ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ള ചിത്രംകീടങ്ങൾ, ഇലകളെ സ്നേഹിക്കുന്ന ഇലതീനി പുഴുക്കൾ, പച്ചക്കറി-പഴവർഗ്ഗങ്ങളെ രുചിക്കാൻ ഇഷ്ടപ്പെടുന്ന വിവിധ തരത്തിലുള്ള വണ്ടുകൾ, ഏഫിഡുകൾ, കായീച്ച വെള്ളീച്ച മുതലായ ഈച്ചകൾ അങ്ങനെ അനേകം പേർ. എന്നാൽ ഇവരെയെല്ലാം തുരത്താൻ നമ്മുടെ തോട്ടങ്ങളിൽ സൗഹൃദ കെണികൾ സ്ഥാപിക്കാം.
വിവിധതരത്തിലുള്ള കെണികൾ
പഴക്കെണി
പഴക്കെണി തയ്യാറാക്കാൻ വേണ്ടത് പാളയംകോടൻ പഴം ആണ്. പാളയംകോടൻ പഴം തൊലി കളയാതെ മൂന്നുനാല് കഷണങ്ങളായി ആദ്യം ചരിച്ചു മുറിക്കുക. അതിനുശേഷം പഴമുറികളിൽ കാർബോസൾഫാൻ തരികൾ ചെറുതായി ഇട്ടു കൊടുക്കുക. അതിനുശേഷം ഒരു ചിരട്ടയിൽ ഇത് വച്ച് പന്തലിൽ ഉറി കെട്ടി തൂക്കുക. അഞ്ചു ദിവസത്തിനുള്ളിൽ മാറ്റി പുതിയത് സ്ഥാപിക്കുവാനും മറക്കരുത്.
തുളസിക്കെണി
ഒരു പിടി തുളസിയില നല്ലതുപോലെ കൈവെള്ളയിൽ വച്ച് തിരുമ്മി ചിരട്ടയിൽ ഇടുക. ഇതിലേക്ക് 10 ഗ്രാം ശർക്കരപ്പൊടിയും ഒരു നുള്ള് കാർബോസൾഫാൻ തരിയും ഇട്ടുകൊടുക്കുക. അതിനുശേഷം ചിരട്ടയിൽ പകുതി വെള്ളം നിറച്ചു പന്തലിൽ തൂക്കിയിടുക.
കഞ്ഞിവെള്ള കെണി
ഒരു ചിരട്ടയിൽ കാൽഭാഗം കഞ്ഞിവെള്ളം എടുത്ത് അതിലേക്ക് 10 ഗ്രാം ശർക്കര നല്ലതുപോലെ പൊടിച്ചതും ഒരു നുള്ള് കാർബോ സൾഫാൻ തരിയും ചേർത്ത് നല്ലതുപോലെ ഇളക്കി പന്തലിൽ തൂക്കിയിടുക. കായീച്ചകളെ പൂർണമായും ഇല്ലാതാക്കാൻ ഈ കെണി പ്രയോജനപ്പെടുത്താം. ഏകദേശം മൂന്നു ദിവസം കൂടുമ്പോൾ കഞ്ഞിവെള്ളം മാറ്റി ഒഴിച്ചുകൊടുക്കണം.
മഞ്ഞക്കെണി
വെള്ളീച്ച ശല്യം ഇല്ലാതാക്കാൻ കൃഷിയിടത്തിൽ മഞ്ഞക്കെണി സ്ഥാപിക്കുന്നത് നല്ലതാണ്. മഞ്ഞ പെയിൻറ് അടിച്ച ടിന്നുകളും, നാടകളും ഇതിനുവേണ്ടി ഉപയോഗപ്പെടുത്താം. മഞ്ഞ നിറത്തിലുള്ള ഈ നാടകളിൽ ഇരുവശവും ആവണക്കെണ്ണ പുരട്ടി കൃഷിയിടങ്ങളിൽ കമ്പ് നാട്ടി ഇത് ഇട്ടു കൊടുക്കുക.
മീൻക്കെണി
ഒരു പോളിത്തീൻ കൂടിനുള്ളിൽ ചിരട്ട ഇറക്കി വച്ചതിനു ശേഷം ഇതിലേക്ക് ഉണക്കമീൻ പൊടിയും ഒരു നുള്ള് കാർബോ സൾഫാനും ഇട്ടു കൊടുക്കുക. അതിനുശേഷം പോളിത്തീൻ കൂടിന്റെ മുകൾഭാഗം കെട്ടി ചിരട്ടയ്ക്ക് മുകളിൽ ഈച്ച അകത്തേക്ക് വീഴാൻ കഴിയുന്ന തരത്തിലുള്ള ദ്വാരങ്ങൾ ഇട്ടു കൊടുക്കുക. അതിനുശേഷം കൃഷിയിടങ്ങളിലെ പന്തലിൽ ഇത് തൂക്കിയിടാം.
Discussion about this post