ഏത് കാലാവസ്ഥയിലും ആദായകരമാണ് കോവല്‍കൃഷി. നീര്‍വാര്‍ച്ചയുള്ള മണ്ണിലും മട്ടുപ്പാവിലാണെങ്കില്‍ ചാക്കിലും ചെടിച്ചട്ടിയിലും കോവല്‍ നട്ടുപിടിപ്പിക്കാം.നല്ല വളക്കൂറുള്ള മണ്ണില്‍ കൃത്യമായ പരിചരണം നല്‍കിയാല്‍ 60-75 ദിവസം കൊണ്ട് കായ്ക്കും.
കൃഷി രീതി
ഉണക്കച്ചാണകപ്പൊടി, മണല്‍, മേല്‍മണ്ണ് എന്നിവ സമം ചേര്‍ത്ത് ഉണക്കി ചെറിയ പോളിത്തീന്‍ കവറില്‍ മുക്കാല്‍ ഭാഗം നിറച്ചു നടീല്‍ മിശ്രിതം തയ്യാറാക്കാം. നാല് മുട്ടുകളുള്ള വള്ളിയാണ് നടീലിനായി മുറിക്കേണ്ടത്. മുക്കാല്‍ ഭാഗം മിശ്രിതം നിറച്ച പ്ലാസ്റ്റിക് കവറില്‍ രണ്ട് മുട്ടുകള്‍ താഴുന്ന രീതിയിലാണ് വള്ളി കുത്തേണ്ടത്. വള്ളി കുത്തുമ്പോള്‍ മൂടും തലയും മാറിപ്പോകരുത്. തണലില്‍ സൂക്ഷിക്കണം. ആവശ്യത്തിന് മാത്രം നനയ്ക്കാം. നാമ്പുകള്‍ വന്ന് കഴിഞ്ഞാല്‍ 20 മുതല്‍ 25 ദിവസം കൊണ്ട് മാറ്റിനടാം. ഓരോ വള്ളിയും മാറ്റിനടാന്‍ ഓരോ കുഴിയൊരുക്കണം. മൂന്നടി വീതിയും നീളവും മൂന്നടി താഴ്ചയുമുള്ള കുഴിയാണ് എടുക്കേണ്ടത്. നാലു ചട്ടി മേല്‍മണ്ണ്, ഒരു ചട്ടി മണല്‍, അരക്കിലോ കുമ്മായം, 250 ഗ്രാം വേപ്പിന്‍ പിണ്ണാക്ക് എന്നിവ ചേര്‍ത്ത് കലര്‍ത്തിയ മിശ്രിതം കുഴികളില്‍ നിറയ്ക്കാം. ഇത് വള്ളി നടുന്നതിന് മൂന്ന് ദിവസം മുമ്പ് തയ്യാറാക്കി കുഴിയില്‍ ഇടുന്നതാണ് നല്ലത്. രണ്ട് ചട്ടി ഉണക്കച്ചാണകം കൂടി ചേര്‍ക്കണം. വേര് പിടിച്ചാല്‍ ഒരാഴ്ചയ്ക്കകം വള്ളി പടര്‍ന്നു തുടങ്ങും. അപ്പോള്‍ പന്തല്‍ തയ്യാറാക്കി വള്ളി കയറ്റി വിടണം.
മട്ടുപ്പാവിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ ചാക്കായാലും ഗ്രോബാഗായാലും അല്‍പ്പം വലുതാണ് നല്ലത്. ഇതിലേക്ക് നടീല്‍ മിശ്രിതം നിറച്ച് മാറ്റി നടാം. വള്ളികള്‍ പന്തലില്‍ കയറ്റി വിട്ടാല്‍ മേല്‍ വളപ്രയോഗങ്ങള്‍ നടത്താം.
കടലപ്പിണ്ണാക്ക് കുതിര്‍ത്ത് ഒരു കിലോയില്‍ പത്ത് ലിറ്റര്‍ ചാണകവെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചത്, വെര്‍മിവാഷ്, ഗോമൂത്രം ഒരു ലിറ്റര്‍ പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി രണ്ടാഴ്ചയിലൊരിക്കല്‍ തടത്തിലൊഴിച്ച് കൊടുക്കാം. മാസത്തില്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ചുവട് നന്നായി ഇളക്കിക്കൊടുക്കണം. മാസത്തിലൊരിക്കല്‍ ഉണങ്ങിയ ചാണകപ്പൊടി, ചാരം, എല്ലുപൊടിയെന്നിവ ചുവടിന്(ചാരം 500 ഗ്രാം, ചാണകപ്പൊടി രണ്ട് കിലോ, എല്ലുപൊടി 500 ഗ്രാം) എന്നിങ്ങനെ ചേര്‍ത്ത് കൊടുക്കാം.
45 മുതല്‍ 65 ദിവസത്തിനുള്ളില്‍ കോവല്‍ മേല്‍പന്തല്‍ നന്നായി പൂക്കുകയും കായ്പിടിക്കാന്‍ തുടങ്ങുകയും ചെയ്യും. ഇടയ്ക്ക് ആവശ്യത്തിന് നനയും നല്‍കിയാല്‍ പന്തല്‍ കോവയ്ക്ക കൊണ്ട് നിറയും.
കോവയ്ക്കയുടെ ഗുണങ്ങള്‍
അപൂര്‍വ്വ ഔഷധങ്ങളുടെ കലവറയാണ് കോവയ്ക്ക. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കോവയ്ക്ക സഹായിക്കുന്നു. ഹൃദയം തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ശരീരത്തില്‍ ഇന്‍സുലിന്റെ ഉത്പാദനം കൂട്ടാനും കോവയ്ക്ക സഹായിക്കുന്നു. അതുകൊണ്ട് പ്രമേഹബാധിതര്‍ക്ക് കോവയ്ക്ക ഉത്തമ ഔഷധമാണ്. പ്രതിദിനം നൂറ് ഗ്രാമെങ്കിലും കഴിക്കുന്നത് നല്ലതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഹരിത കേരളം മിഷന്‍
Discussion about this post