ഓർമ്മശക്തി കൂട്ടാൻ ബ്രഹ്മി എന്ന് കാലങ്ങളായി നാം കേൾക്കുന്നതാണ്. തലമുറകളായി ബ്രഹ്മി എന്ന ഔഷധ സസ്യം പലവിധ ചികിത്സ വിധികൾക്കായി ഉപയോഗിച്ചുവരുന്നു. കുഞ്ഞുങ്ങളിലെ ബുദ്ധിവികാസത്തിനും ഓർമ്മ ശക്തിക്കും ബ്രഹ്മി കഴിഞ്ഞേ വേറെയൊരു സസ്യമുള്ളൂവെന്നാണ് പഴമക്കാർ പറയാറ്.
ഒരാളുടെ ശാരീരിക ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ബ്രഹ്മി സസ്യം. ആയുർവേദ, സിദ്ധ, യുനാനി തുടങ്ങിയ ചികിത്സവിധികളിൽ ബ്രഹ്മി ഉപയോഗിക്കുന്നു. 6 മുതൽ 8 വയസ്സുവരെയുള്ള കുട്ടികളുടെ മാനസികാരോഗ്യ വളർച്ചയെ ഏകോപിപ്പിക്കാനായി ബ്രഹ്മി നൽകേണ്ടത് ആവശ്യമാണെന്ന് ആയുർവേദം പറയുന്നു. ഓർമ്മ കുറവിനും മറവിരോഗത്തിനും ബ്രഹ്മി നല്ലതാണ്. ഗർഭിണികളും ബ്രഹ്മി കഴിക്കുന്നത് കുഞ്ഞിൻ്റെ ആരോഗ്യ വികാസത്തിന് ഗുണം ചെയ്യും. ഉത്കണ്ഠ കുറയ്ക്കാനും ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങളെ അകറ്റാനും മുറിവുണങ്ങാനും ബ്രഹ്മി ഗുണം ചെയ്യുന്നു.
ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുന്ന ബ്രഹ്മി വീട്ടിൽ തന്നെ നട്ടുവളർത്താവുന്നതാണ്. ധാരാളം ഈർപ്പം ലഭിക്കുന്ന സ്ഥലങ്ങളിലും ചതുപ്പുകളിലും മറ്റും പടർന്നുവളരുന്ന സസ്യമാണിത്. വേരുകളോട് കൂടിയ ചെറുതണ്ടുകളാണ് നടാൻ ഉപയോഗിക്കുന്നത്. വെള്ളം നിൽക്കുന്ന ഉൾനാടൻ വയലുകളിൽ നിന്ന് ഇതിന്റെ തൈകൾ ശേഖരിക്കാം. നട്ട് കുറച്ച് നാളുകൾ കൊണ്ടുതന്നെ നന്നായി പടർന്നു വളരും.
മണൽ, മണ്ണ്, ചാണപ്പൊടി എന്നിവ തുല്യ അളവിലെടുത്ത് അല്ലെങ്കിൽ രണ്ടുചട്ടി കംമ്പോസ്റ്റ്, ഒരു കിലോ വേപ്പിൻപിണ്ണാക്ക് എന്നിവചേർത്ത് കൂട്ടിക്കലർത്തിയ മിശ്രിതം ചട്ടി തയ്യാറാക്കണം. പോളിത്തീൻകവറിന്റെ പകുതിയായിരിക്കണം പോട്ടിംഗ് മിശ്രിതം. ചട്ടിക്കും കവറിനും അടിഭാഗത്ത് വെള്ളം അധികമുള്ളത് ഒഴിഞ്ഞുപോകാൻ സുഷിരം ആവശ്യമാണ്.
ഒരു ചട്ടിയിൽ വേരിന്റെ ഭാഗമുള്ള രണ്ടോ മൂന്നോ തണ്ട് ബ്രഹ്മിയുടെ തൈ നടാം. മണ്ണിന് മുകളിൽ എപ്പോഴും നിൽക്കുന്ന രീതിയിലായിരിക്കണം വെള്ളത്തിന്റെ അളവ്. പടർന്നു തുടങ്ങിയാൽ ആവശ്യത്തിനനുസരിച്ച് ഇലയോട് കൂടിയ തണ്ടുകൾ മുറിച്ചെടുത്ത് ഉപയോഗിക്കാവുന്നതാണ്.
Discussion about this post