അല്‍പ്പം ശ്രദ്ധിച്ചാല്‍ വന്‍ വിജയകരമാക്കാവുന്നതും എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതുമായ പച്ചക്കറിയാണ് തക്കാളി. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ് നല്ലത്.
ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ചാക്കുകളിലും നടീല്‍മിശ്രിതം നിറച്ച് തക്കാളി നടാം. മണ്ണൊരുക്കുമ്പോള്‍ തന്നെ കുമ്മായം ചേര്‍ക്കണം. സെന്റിന് രണ്ടര കിലോ എന്ന തോതില്‍ തടത്തില്‍ മുകളിലെ ഒരടി മണ്ണുമായി കുമ്മായം യോജിപ്പിക്കുക. തക്കാളി വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളയ്ക്കണം. കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. ചാക്കിലോ ഗ്രോ ബാഗിലോ ആണ് നടുന്നതെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യമായ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.
ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. 10 ദിവസമോ രണ്ടാഴ്ചയോ കൂടുമ്പോള്‍ സ്യുഡോമോണാസ് ലായനി ഒഴിച്ച് കൊടുക്കുന്നത് ഉത്തമമാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്. ഒരാഴ്ച ഇടവിട്ട് ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവ ഇട്ടു കൊടുക്കാം. കടല പിണ്ണാക്കോ കപ്പലണ്ടി പിണ്ണാക്കോ വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം.
ഇലച്ചുരുള്‍ രോഗം, വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. തക്കാളി കൃഷി ചെയ്യാന്‍ ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ വാട്ടത്തെ ചെറുക്കുന്ന ഇനങ്ങളാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.
Content Summery : Tomato farming tips
Discussion about this post