ഒരേ സമയം ധാരാളം തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് കമ്പുകള്‍ക്കും വള്ളികള്‍ക്കും വേര് പിടിപ്പിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുകയെന്നത്. പലപ്പോഴും മുറിച്ചു നട്ട നടീല്‍ വസ്തുവിന്റെ മുളക്കല്‍ ശതമാനതോത് വേണ്ടത്ര തൃപ്തികരമായിരിക്കില്ല എന്നത് പോരായ്മയാണ്. ഇത് പരിഹരിക്കുന്നതിന് വേര് പിടിക്കാന്‍ സഹായകരമായ ഒട്ടേറെ രാസ ഹോര്‍മോണുകള്‍ പൗഡര്‍ രൂപത്തിലും ദ്രവരൂപത്തിലും മാര്‍ക്കറ്റുകളില്‍ ലഭിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ആവശ്യാനുസരണം നമുക്ക് തന്നെ തയ്യാറാക്കാന്‍ കഴിയുന്ന ചില ജൈവ ഹോര്‍മോണുകളെ പരിചയപ്പെടാം.
തേന്‍ മിശ്രിതം
ഒരു കപ്പ് വെളളത്തില്‍ രണ്ടു ടീ സ്പൂണ്‍ ശുദ്ധമായ തേന്‍ വെള്ളത്തില്‍ ലയിപ്പിച്ചു ചേര്‍ത്ത് ഒരു കുപ്പിയില്‍ ഒഴിച്ചു അടപ്പ് നന്നായി മുറുക്കി അടക്കണം. കുപ്പി കറുത്ത തുണികൊണ്ട് മൂടി അധികം സൂര്യപ്രകാശമോ ചൂടോ ലഭിക്കാത്ത സ്ഥലത്ത് രണ്ടാഴ്ച സൂക്ഷിക്കുക. ഈ ലായനിയില്‍ കിളിര്‍പ്പിക്കാനുള്ള തണ്ടോ, കമ്പോ മുക്കി വെച്ച് നടീലിനായി ഉപയോഗിക്കാം. തേന്‍ നേരിട്ട് കമ്പിലോ തണ്ടിലോ പുരട്ടുന്ന രീതിയും നിലവിലുണ്ട്.
കമ്പുകളോ തണ്ടുകളോ ശേഖരിക്കുന്നത് കടുത്ത വേനലിലായിരിക്കാന് ശ്രദ്ധിക്കണം . മൂത്ത കമ്പുകള്‍ ഒരടി നീളത്തിലും ഇളം കമ്പുകള്‍ അരയടി നീളത്തിലുമാണ് മുറിച്ചെടുക്കേണ്ടത്. മൂത്ത കമ്പില്‍ നിന്നും മുഴുവന്‍ ഇലകളും ഇളം കമ്പില്‍ നിന്നും പകുതി ഇലകളും നീക്കം ചെയ്ത് മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ച് നടീല്‍ ഭാഗം ചെരിച്ച് മുറിച്ചു വേണം ഹോര്‍മോണ്‍ ലായനിയില്‍ മുക്കി വെക്കേണ്ടത്. തുടര്‍ന്ന് പോര്‍ട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ സഞ്ചികളിലേക്ക് മാറ്റി നടാം. പോര്‍ട്ടിംഗ് മിശ്രിതത്തില്‍ വെര്‍മിക്കുലേറ്റും മൈക്കോക്കറെസയും ചേര്‍ക്കുന്നത് നല്ലതാണ്. പോളിത്തീന്‍ സഞ്ചികളുടെ മധ്യഭാഗത്ത് 15 – 20 ചെറു സുഷിരങ്ങള്‍ ഇടുന്നത് നല്ലതാണ്. നടീല്‍ കഴിഞ്ഞ പോളിത്തീന്‍ സഞ്ചികള്‍ സൂര്യപ്രകാശമേല്‍ക്കാതെ സംരക്ഷിക്കണം നനവും ആര്‍ദ്രതയും ശരിയായ തോതില്‍ ലഭിക്കുകയാണെങ്കില്‍ പെട്ടന്നു തന്നെ വേര് പിടിക്കും.
പച്ച ചാണകം -കരിക്കിന് വെള്ളം
ഒരു ഗ്ലാസ് കരിക്കിന് വെള്ളത്തില്‍ അഞ്ച് ടീ സ്പൂണ്‍ പച്ചചാണകം നന്നായി അലിയിച്ചുചേര്‍ത്ത് വെക്കുക. കുറച്ച് നേരത്തിന് ശേഷം തെളിനീര് ഊറ്റിയെടുത്ത് നടുവാനുദ്ദേശിക്കുന്നവള്ളിയോ കമ്പോ 20- 30 മിനുട്ട് മുക്കി വെച്ച ശേഷം നടീലിനായി ഉപയോഗിക്കാം.
മുരിങ്ങയില സത്ത്
ഇരുനൂറ് മില്ലി ശുദ്ധ ജലത്തില്‍ അമ്പത് ഗ്രാം മുരിങ്ങയില കുതിര്‍ത്ത് വെക്കുക. ഒരു ദിവസം കഴിഞ്ഞ് ഇലകള്‍ അരച്ചെടുത്ത് നന്നായി പിഴിഞ്ഞ് ജലത്തോടൊപ്പം ചേര്‍ത്ത് മുരിങ്ങച്ചാര് തയ്യാറാക്കണം. ഈ ലായനിയിലേക്ക് വേര് പിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന തണ്ടോ കമ്പോ 20- 30 മിനുട്ട് മുക്കി വെച്ച ശേഷം നടീലിനുപയോഗിക്കാം.
Discussion about this post