കേരളത്തിന്റെ ഗ്രാമീണ കാര്‍ഷിക സാംസ്‌കാരിക സമൃദ്ധിയുടെ നേർചിത്രമായ വൃശ്ചിക വാണിഭം തെള്ളിയൂരില്‍ പുരോഗമിക്കുന്നു..തെള്ളിയൂര്‍ക്കാവ് ഭഗവതിക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാനായി ക്ഷേത്രവളപ്പിന് പുറത്ത് ഭക്തര്‍ വൃശ്ചികം ഒന്നിന് ഒത്തുചേര്‍ന്നിരുന്നതിന്റെ സ്മരണ പുതുക്കിയാണ് മേള നടക്കുന്നത്.വൃശ്ചികം 1 മുതല്‍ 10 ദിവസം നീളുന്ന ഈ മേള ഇന്നും പഴമ ചോരാതെ നില നിൽക്കുന്നു
കുലത്തൊഴിലുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളും കാര്‍ഷികവിളകളുമാണ് മിക്കവരും സമര്‍പ്പിച്ചിരുന്നത്. കടലോരഗ്രാമങ്ങളില്‍നിന്നുള്ള അരയ സമുദായത്തില്‍പ്പെട്ടവര്‍ ഉണക്ക സ്രാവാണ് എത്തിച്ചിരുന്നത്. പൂര്‍വസ്മരണ പുതുക്കി സ്രാവ് വില്‍പ്പന ഇന്നും നടക്കുന്നു.ഇതുതന്നെയാണ്പണ്ട് മുതല്‍ക്കേ ഈ വാണിഭത്തിലെ പ്രത്യേക ആകര്‍ഷണം .
നൂറു വര്‍ഷങ്ങള്‍ക്കു മുമ്പ് പര്‍വ്വനൊലില്‍ രാമന്‍ പിള്ളക്ക് പൂര്‍വ്വികസ്വത്തായി ലഭിച്ച തെള്ളിയൂര്‍ ഭദ്രകാളീ ക്ഷേത്രത്തിനു സമീപത്തുള്ള വാണിഭ മൈതാനത്ത് ആണ് വാണിഭം നടക്കുന്നത് .ഇപ്പോള്‍ പൌത്രന്‍ ഡി .ഗോപാലകൃഷ്ണന്‍ നായരും , ശ്രീരാമകൃഷ്ണ ആശ്രമവും ആണ് മുഖ്യ സംഘാടകര്‍ .
മധ്യതിരുവിതാംകൂറിലെ പ്രധാന വ്യാപാരമേളകളിലൊന്നായി മാറിയിരിക്കുന്ന തെള്ളിയൂര്‍ വൃശ്ചികവാണിഭം ഒരു നാടിന് ഉത്സവച്ഛായ പകര്‍ന്നുനല്‍കുന്നുണ്ട്. ഇതോടെ ഒരു നാടിന്റെ സാംസ്‌കാരികസമ്പത്താണ് നഷ്ടമാകാതെ പുതുതലമുറ കാത്തുസൂക്ഷിക്കുന്നത്.
Discussion about this post