പഴങ്ങളിലെ രാജാവാണ് മാങ്ങ. ഇന്ത്യയില്‍ തന്നെ 283 തരം മാമ്പഴങ്ങളുണ്ട്. ഇതില്‍ 30 തരമാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന മാമ്പഴങ്ങളുണ്ടെന്ന് കേട്ടാലോ? അതെ, ചില്ലറക്കാരനല്ല നമ്മുടെയൊക്കെ പ്രിയപ്പെട്ട മാമ്പഴം. ലോകത്തിലെ തന്നെ ചില വിലയേറിയ മാമ്പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മിയസാക്കി
ജപ്പാന്‍ സ്വദേശിയായ മിയസാക്കി ഇന്ത്യയിലും ബംഗ്ലാദേശിലും തായ്‌ലന്റിലും ഫിലിപ്പൈന്‍സിലും കൃഷി ചെയ്യുന്നുണ്ട്. സൂര്യന്റെ മുട്ട എന്നൊരു പേര് കൂടി മിയസാക്കിക്കുണ്ട്. കിലോയ്ക്ക് 3-4 ലക്ഷം രൂപ വരെ ലഭിക്കുന്ന മാങ്ങയാണ് മിയസാക്കി. ഏറെ ശ്രദ്ധയോടെ വളര്‍ത്തേണ്ടതു കൊണ്ട് തന്നെയാണ് വില കൂടാനും കാരണം. ജപ്പാനില്‍ ഓരോ മാങ്ങയ്ക്കും ചെറിയ നെറ്റ് കെട്ടിക്കൊടുത്തിട്ടാണ് വളര്‍ത്തുന്നത്. സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന മാവാണിത്. റൂബി റെഡ് നിറമാണ് ഇതിന്. പറിച്ചെടുക്കുന്നതിന് പകരം തനിയെ താഴെ വീഴുന്നത് വരെ കാത്തിരിക്കുകയാണ് ചെയ്യുന്നത്. വീണാലും ചതഞ്ഞുപോകാതിരിക്കാനും മറ്റുമായിട്ട് കൂടിയാണ് നെറ്റ് കെട്ടിക്കൊടുക്കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശികളായ സങ്കല്‍പ്പ് പരിഹാരും ഭാര്യ റാണിയും വര്‍ഷങ്ങള്‍ക്ക് മുമ്പ് മിയാസാക്കി തൈ നട്ടുവളര്‍ത്തിയിരുന്നു. ഇത്തവണ മാമ്പഴമുണ്ടായപ്പോള്‍ മോഷ്ടിച്ചുപോകാതിരിക്കാന്‍ നാല് കാവല്‍ക്കാരെയും ആറ് പട്ടികളെയുമാണ് ദമ്പതികള്‍ തോട്ടത്തിന് കാവല്‍ നിര്‍ത്തിയത്. 2.7 ലക്ഷം രൂപയാണ് രണ്ട് മാങ്ങകളടങ്ങിയ ബോക്‌സിന് വിലയിട്ടിരിക്കുന്നത്.
കൊഹിടൂര്‍
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ കൃഷി ചെയ്യുന്ന മാമ്പഴമാണ് കൊഹിടൂര്‍. ഒരു മാങ്ങയ്ക്ക് 1500 രൂപയാണ് വില ഈടാക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ നവാബ് സിറാജുള്‍ ദൗളയുടെ കാലഘട്ടത്തിലാണ് കൊഹിടൂറിന്റെ കൃഷി ആരംഭിച്ചത്. മാവില്‍ നിന്ന് പറിച്ചെടുത്ത് കോട്ടണില്‍ പൊതിഞ്ഞുവെക്കുകയാണ് ചെയ്യുന്നത്. പണ്ട് കാലത്ത് ആനക്കൊമ്പ് ഉപയോഗിച്ചോ ബംബൂ കത്തി ഉപയോഗിച്ചോ ആയിരുന്നുവത്രേ കൊഹിടൂര്‍ മാങ്ങള്‍ മുറിച്ചിരുന്നത്. നിയന്ത്രിതമായ രീതിയില്‍ മാത്രം കൃഷി ചെയ്യുന്നതിനാലാണ് കൊഹിടൂറിന് ഇത്ര വിലയേറിയത്.
ടോപ് എന്‍ഡ് മാമ്പഴം
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിറ്ററിയിലെ ടോപ് എന്‍ഡ് എന്ന പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഈ മാമ്പഴം ലോകത്തിലെ വിലകൂടിയ മറ്റൊരു ഇനം മാങ്ങയാണ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ടോപ് എന്‍ഡ് മാമ്പഴം വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ലേലത്തില്‍ വിറ്റുപോയതില്‍ ഏറ്റവും വിലയേറിയ മാമ്പഴമെന്ന ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിട്ടുള്ള മാമ്പഴമാണിത്. 2001ല്‍ ബ്രിസ്‌ബെയിന്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ്‌സ് ചാരിറ്റി ലേലത്തില്‍ ഒരു ട്രേയിലെ 16 മാങ്ങകള്‍ വിറ്റുപോയത് ഏകദേശം 15 ലക്ഷത്തിനാണ്. അന്ന് ലേലത്തില്‍ വാങ്ങിയ ആള്‍ ആ മാമ്പഴങ്ങള്‍ സൗത്ത് ബ്രിസ്‌ബെയിനിലെ മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ കുട്ടികള്‍ക്ക് നല്‍കി.
നൂര്‍ ജഹാന്‍
മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലാണ് നൂര്‍ജഹാന്‍ കൃഷി ചെയ്യുന്നത്. ഒരു മാങ്ങയ്ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെയാണ് വില. തൂക്കവും മധുരവുമാണ് നൂര്‍ജഹാന്‍ മാങ്ങയുടെ വിലകൂട്ടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബുക്ക് ചെയ്താണ് പലരും നൂര്‍ജഹാന്‍ വാങ്ങുന്നത്.
അല്‍ഫോന്‍സോ
ഏറെ പ്രശസ്തയാണ് അല്‍ഫോന്‍സോ. മങ്ങകളുടെ പട്ടികയെടുത്താല്‍ ഒഴിച്ചുകൂടാനാകാത്ത മാമ്പഴം. പോര്‍ച്ചുഗല്‍ ജനറലായിരുന്ന അഫോന്‍സോ ഡി ആല്‍ബുഖര്‍ഖിന്റെ പേരില്‍ നിന്നാണ് ഈ മാമ്പഴത്തിന് അല്‍ഫോന്‍സോ എന്ന പേര് കിട്ടിയത്. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് കോളനി സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് അല്‍ബുഖര്‍ഖ്. ഒരു ഡസന്‍ അല്‍ഫോന്‍സോ മാമ്പഴത്തിന് മൂവായിരം രൂപ വരെയാണ് വില.
Discussion about this post