സൗത്ത് അമേരിക്കന്‍ വംശജനായ സിങ്കോണിയം ഒരു അലങ്കാര ചെടിയായിട്ടാണ് കേരളത്തിലെത്തിയത്. ഒരു കാലത്ത് ചെടിച്ചട്ടികളിലെ കൗതുകം ആയിരുന്നു സിങ്കോണിയം. ഇന്ന് കൃഷിത്തോട്ടങ്ങളിലെ കളയായി വ്യാപിക്കുകയാണ്. ചേമ്പ് ഇനത്തില്‍പ്പെട്ട ഈ ചെടി ഇന്ന് റബ്ബര്‍, പൈനാപ്പിള്‍ തോട്ടങ്ങളിലെ വില്ലന്‍ ആണ്. കിഴക്കന്‍ മേഖലകളില്‍ ഇത് വ്യാപകമായി കണ്ടുവരുന്നു. തണല്‍ ഇഷ്ടപ്പെടുന്ന സിങ്കോണിയം റബ്ബര്‍ത്തോട്ടങ്ങളില്‍ ഇടതൂര്‍ന്ന് വളരുകയും റബ്ബറിന്റെ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. റബ്ബര്‍ മരത്തില്‍ ചുറ്റിപ്പിടിച്ച് മുകളിലേക്ക് വളരുന്നത് കൊണ്ട് ടാപ്പിംഗിന് തടസമുണ്ടാകുന്നു.
ഈ ചെടിയുടെ തണ്ടുകളില്‍ നിന്നും പശ പോലുള്ള ഒരു ദ്രാവകം ത്വക്കില്‍ വീണാല്‍ ചൊറിച്ചിലുണ്ടാകുന്നു.അതുകൊണ്ട് പുല്ലുവെട്ട് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാന്‍ പ്രയാസമാണ്. ജാതി, തെങ്ങ് തുടങ്ങിയ വിളകളിലേക്ക് ഇവ പടരുന്നുണ്ട്. ഏത് മരത്തിലും അനായാസം പറ്റിപ്പിടിച്ച് കയറാന്‍ ഇവയ്ക്ക് കഴിയുന്നു. മരങ്ങളിലേക്ക് പറ്റിപ്പിടിച്ച് കയറിയാല്‍ ഇവയെ നിയന്ത്രിക്കാന്‍ പ്രയാസമാണ്. ചുവട് മുറിച്ചുകളഞ്ഞാല് പോലും മുകളിലേക്ക് കയറിയ തണ്ടിന്റെ മൊട്ടുകളില്‍ നിന്നും വേരുകള്‍ താഴേക്ക് ഇറങ്ങുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്.
കളനാശിനികള്‍ ഇതിനെതിരെ അത്ര ഫലപ്രദമാല്ല. ഇവയെ പൂര്‍ണമായി നശിപ്പിക്കണമെങ്കില്‍ പറിച്ചുമാറ്റുകയാണ് വേണ്ടത്. പറിച്ചുമാറ്റിയ ഭാഗങ്ങള്‍ ഒരു കുഴിയില്‍ ഇട്ട് കളനാശിനി ഒഴിച്ച് മൂടുകയോ കത്തിച്ചുകളയുകയോ ചെയ്യുക.
വേനല്‍ക്കാലത്ത് പറിച്ചുമാറ്റുന്നതാണ് നല്ലത്. 1 സെന്റിമീറ്റര്‍ വ്യാസമുള്ള തണ്ടിന്റെ ഓരോ ചെറിയ മൊട്ടില്‍ നിന്നും വേരുകള്‍ വളര്ന്നുവരുന്നതുകൊണ്ട് ഒരു തവണ പറിച്ചുമാറ്റിയാല്‍ പൂര്‍ണമായും ഇവയെ നീക്കം ചെയ്യാന്‍ സാധിക്കില്ല. പറിച്ചു മാറ്റിയതിന് ശേഷം മുളച്ചുവരുന്ന ഭാഗങ്ങള്‍ കളനാശിനി ഉപയോഗിച്ച് നശിപ്പിക്കണം. ഇങ്ങനെ രണ്ടോ മൂന്നോ വര്‍ഷത്തെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാത്രമേ ഇവയെ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.
പഞ്ചായത്തിന്റെയും കൃഷിഭവന് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഈ കളയെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുകയും തോട്ടങ്ങളില്‍ കണ്ടാല്‍ ഉടന്‍ പറിച്ചുനശിപ്പിച്ചുകളയാന് നിര്‍ദേശം കൊടുക്കുകയും വേണം.വ്യാപകമായി ബാധിച്ച മേഖലകളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പു പദ്ധതിയില്‍ പ്രത്യേക പരിഗണന കൊടുത്തുകൊണ്ട് ഇവയെ നീക്കം ചെയ്യുകയാണ് വേണ്ടത്. സിങ്കോണിയം നിയന്ത്രണാതീതമായി വളരുന്ന കൃഷിയിടങ്ങള്‍ ഭാവിയില്‍ കൃഷിയോഗ്യമല്ലാതായി തീരും.
സിങ്കോണിയം പോലുള്ള വിദേശ അലങ്കാരചെടികള്‍ ഇങ്ങനെ വളര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ‘പ്ലാന്റ് ക്വാറന്റൈന്’ നിയമപ്രകാരം ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.
തയ്യാറാക്കിയത്
ബേസില്‍ ചാക്കോച്ചന്
എംഎസ്സി അഗ്രോണമി വിദ്യാര്‍ഥി, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി
Discussion about this post