പോഷകഗുണം ഏറെയുള്ള വിളയാണ് മധുര കിഴങ്ങ്. അന്നജത്തോടൊപ്പം വൈറ്റമിന്‍ എ, ബി, സി എന്നിവയും നാരുകളും ധാതുലവണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ യുടെ സ്രോതസായ ബീറ്റ കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.ചീനിക്കിഴങ്ങ്, ചക്കര കിഴങ്ങ് എന്നീ പേരുകളിലും മധുരക്കിഴങ്ങ് അറിയപ്പെടുന്നുണ്ട്.
ഇനങ്ങള്‍
മധുരക്കിഴങ്ങിന്റെ അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങളും പ്രാദേശിക ഇനങ്ങളും കൃഷി ചെയ്യാറുണ്ട്. കേന്ദ്ര കിഴങ്ങു വര്‍ഗ ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള അത്യുല്പാദന ഇനങ്ങളാണ് ശ്രീ നന്ദിനി, ശ്രീ വര്‍ദ്ധിനി, ശ്രീ അരുണ്‍, ശ്രീ വരുണ്‍, ശ്രീരത്‌ന, ശ്രീ കനക എന്നിവ. വയലറ്റ് നിറമുള്ള കിഴങ്ങുകളാണ് ഭൂകൃഷ്ണ. ഭൂ സോനാ എന്ന ഇനത്തില്‍ ബീറ്റ കരോട്ടിന്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്.
ഭദ്രകാളി ചുവല, കോട്ടയം ചുവല, ചക്കരവള്ളി, ആനകൊമ്പന്‍ എന്നിവയാണ് പ്രാദേശികമായ ഇനങ്ങള്‍.
നടേണ്ട സമയം
മഴക്കാലത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലും മധുരകിഴങ്ങു നടാം. ജലസേചനം നല്‍കിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലും താഴ്ന്ന പ്രദേശങ്ങളില്‍ ജനുവരി- ഫെബ്രുവരി മാസങ്ങളിലും നടാം.
നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലത്താണ് മധുരക്കിഴങ്ങ് നടേണ്ടത്. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ ഉതകുന്ന വിളയല്ല മധുരക്കിഴങ്ങ്.
മധുരക്കിഴങ്ങിന്റെ വള്ളിയാണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. 20 മുതല്‍ 30 സെന്റീമീറ്റര്‍ വരെ നീളമുള്ള നാലഞ്ചു മുട്ടുകള്‍ ഉള്ള വള്ളി കഷണങ്ങളാണ് നടാനായി തിരഞ്ഞെടുക്കേണ്ടത്. വള്ളികളുടെ തലപ്പും നടു ഭാഗവും ഉപയോഗിക്കാം.രോഗകീടബാധ ഇല്ലാത്ത വള്ളികള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
നടേണ്ട രീതി
നിലം നന്നായി കിളച്ചൊരുക്കിയ ശേഷം തടങ്ങളോ വാരങ്ങളോ എടുത്തോ , കൂനകള്‍ കൂട്ടിയോ ആണ് വള്ളികള്‍ നടേണ്ടത്. അംളത്തിന്റെ അളവ് കൂടിയ മണ്ണില്‍ നടുന്നതിന് രണ്ടാഴ്ച മുമ്പ് രണ്ട് കിലോഗ്രാം കുമ്മായം ചേര്‍ക്കാം. വള്ളികള്‍ നടുന്ന സമയത്ത് ഒരു സെന്റിന് 40 കിലോഗ്രാം ചാണകം അല്ലെങ്കില്‍ കമ്പോസ്റ്റ് അടിവളമായി ചേര്‍ക്കണം. നല്ല വിളവ് ലഭിക്കാന്‍ വളപ്രയോഗം നടത്താം.
വളപ്രയോഗം നടത്തേണ്ട രീതി
ഒരു സെന്റിന് 650 ഗ്രാം യൂറിയ ഒരു കിലോഗ്രാം രാജ്‌ഫോസ് 500 ഗ്രാം പൊട്ടാഷ് എന്നിവ ആണ് വേണ്ടത്. ഇതില്‍ പകുതി യൂറിയയും മുഴുവന്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും മുഴുവന്‍ രാജ്‌ഫോസും അടിവളമായി ചേര്‍ക്കാം.. പകുതി യൂറിയ 5 ആഴ്ച കഴിഞ്ഞ് മണ്ണ് കൂട്ടുമ്പോള്‍ ചേര്‍ത്താല്‍ മതിയാകും.
വള്ളികള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ടത്.
നടു ഭാഗത്തിലെ മുട്ടുകള്‍ മണ്ണിനടിയിലും രണ്ട് അഗ്രഭാഗങ്ങള്‍ പുറത്തും വരുന്ന രീതിയില്‍ വേണം വള്ളികള്‍ നടാന്‍. കൂനകള്‍ തമ്മില്‍ 75 സെന്റീമീറ്റര്‍ അകലം പാലിക്കണം. ഒരു കൂനയില്‍ 3 വള്ളി കഷണങ്ങള്‍ നടാം.
വള്ളികള്‍ നട്ട് രണ്ടാഴ്ച വരെ മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നന്നായി വള്ളി നീട്ടുന്ന സമയത്ത് വള്ളികള്‍ ഇളക്കി കൊടുക്കുന്നത് നല്ലതാണ്. എല്ലാ മുട്ടുകളില്‍ നിന്നും വേരു വന്ന് ഉപയോഗശൂന്യമായ ചെറിയ കിഴങ്ങുകള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. നട്ട് രണ്ടാഴ്ച ശേഷവും 5 ആഴ്ച ശേഷവും കള പറിക്കുകയും മണ്ണ് കൂട്ടുകയും ചെയ്യണം.
കീടങ്ങളും രോഗങ്ങളും
മധുരക്കിഴങ്ങിനെ ബാധിക്കുന്ന പ്രധാന കീടം കിഴങ്ങ് ചെല്ലിയാണ്. കമ്മ്യൂണിസ്റ്റ് പച്ച കൊണ്ട് പുതയിടുന്നത് ഏറെ ഗുണം ചെയ്യും. കേട് വന്ന സസ്യ ഭാഗങ്ങള്‍ മാറ്റി തീയിട്ട് നശിപ്പിക്കണം. എല്ലാ വര്‍ഷവും ഒരേ സ്ഥലത്ത് തന്നെ മധുരക്കിഴങ്ങ് കൃഷി ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. ഇല കരിയല്‍, കിഴങ്ങ് ചീയല്‍ എന്നീ രോഗങ്ങളെ ചെറുക്കാന്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കുക്കാവുന്നതാണ്.
വിളവെടുപ്പ്
ഇനങ്ങള്‍ക്കനുസരിച്ച് മാറ്റം വരുമെങ്കിലും പൊതുവെ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ മധുരക്കിഴങ്ങ് വിളവെടുക്കാം. വള്ളികള്‍ മഞ്ഞ നിറത്തിലായി ഉണങ്ങി തുടങ്ങുമ്പോഴാണ് വിളവെടുക്കേണ്ടത് . ഏറെനാള്‍ കിഴങ്ങുകള്‍ കേടുവരാതെ സൂക്ഷിക്കാന്‍ ഇത് സഹായിക്കും വിളവെടുക്കുന്നതിന് മൂന്നാഴ്ച മുന്‍പ് ജലസേചനം നിര്‍ത്തണം. ശേഷം വിളവെടുക്കുന്ന ദിവസത്തിന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ഒരിക്കല്‍ കൂടി ജലസേചനം ചെയ്യാം.
Discussion about this post