അച്ഛനെന്ന തണല്‍ നഷ്ടപ്പെട്ടതോടെ ,ഇനി മുന്നോട്ട് എങ്ങനെ എന്ന ചിന്തയാണ് ആലപ്പുഴ ചേര്‍ത്തല മായിത്തറ സ്വദേശി സ്വാതിയെ, പത്തൊന്‍പതാം വയസില്‍ ഒരു കൃഷിക്കാരനാക്കിയത്. ബിരുദ പഠനം പൂര്‍ത്തിയാക്കുക, കുടുംബത്തിന് കരുത്താകാനും ഭാവിയിലേക്ക് കരുതലാകാനും പാകത്തില്‍ എന്തെങ്കിലും ചെയ്യുക എന്നതായിരുന്നു മുന്നിലുണ്ടായിരുന്ന ലക്ഷ്യം. പുതിയൊരു സംരംഭം തുടങ്ങുന്നതിന് മുടക്കുമുതല്‍ കൈവശമില്ലാതിരുന്നതിനാല്‍ സ്വന്തം സ്ഥലത്ത് കൃഷി എന്ന ആശയം പ്രാവര്‍ത്തികമാക്കി. പച്ചക്കറി കൃഷിയിലായിരുന്നു തുടക്കമെങ്കിലും ദീര്‍ഘകാല വിളയെന്ന നിലയ്ക്ക് 80 സെന്റില്‍ തെങ്ങും വച്ച് പിടിപ്പിച്ചു.
കാര്യമായ വരുമാനം ലഭിച്ച് തുടങ്ങിയിട്ടില്ലെങ്കിലും തെങ്ങ് വച്ചതില്‍ ശുഭപ്രതീക്ഷയിലാണ് സ്വാതി. ചെല്ലി ശല്യമാണ് നേരിടുന്ന വെല്ലുവിളി. വെണ്ട, ചീര, വഴുതന തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്തിരുന്നെങ്കിലും പഠനവും പരിചരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റാതായതോടെ താല്‍ക്കാലികമായി നിര്‍ത്തി. കൂടെ ചെയ്തിരുന്ന കപ്പ കൃഷി വലിയ വരുമാനം നേടി കൊടുത്തെന്നും സ്വാതി പറയുന്നു.
ഒരു നല്ല ജോലി നേടണമെന്നാണ് ഇനി മുന്നിലുള്ള ലക്ഷ്യം. ജോലി ലഭിച്ചാലും കൃഷി കൈവിടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സ്വാതി.
Discussion about this post