ചീരയിലൂടെ മാത്രം ലക്ഷങ്ങൾ ആദായം നേടാൻ പറ്റുമോ. എന്നാൽ പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ് വൈപ്പിൻ എടവനക്കാട് അണിയിൽ കാട്ടുപറമ്പിൽ വീട്ടിൽ സുൽഫത്ത് എന്ന വീട്ടമ്മ. വീടിൻറെ മുറ്റത്ത് മാത്രമല്ല മട്ടുപ്പാവിലും ചീര കൃഷി ചെയ്യുന്നു. ഇനി എന്തുതരം ചീരയാണ് സുൽഫത്ത് കൃഷി ചെയ്യുന്നതെന്നുകൂടി പറഞ്ഞുതരാം. ഒട്ടേറെ ഔഷധഗുണങ്ങൾ ഉള്ള പൊന്നാങ്കണ്ണി ചീരയാണ് കൃഷിയിടത്തിലെ ഹൈലൈറ്റ്. നട്ട് ഏകദേശം പത്ത് ദിവസം കഴിഞ്ഞാൽ മുതൽ ഇതിൻറെ വിളവെടുപ്പും ആരംഭിക്കാം. നേത്രരോഗങ്ങൾ അകറ്റാനുള്ള പ്രതിവിധി എന്ന നിലയിൽ വളരെ പ്രശസ്തമാണ് പൊന്നാങ്കണ്ണി ചീര. ജ്യൂസ് ആയും തോരനായും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. അതുകൊണ്ടുതന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്. 10 ദിവസം വരെ കേടാവാതെയിരിക്കുന്ന പൊന്നാങ്കണ്ണി ചീര ഗൾഫ് രാജ്യങ്ങളിലേക്ക് വരെ സുൽഫത്ത് കയറ്റി അയക്കുന്നു.
സ്ഥല പരിമിതി ചീര കൃഷിക്ക് ഒരു പ്രശ്നമേയല്ല. പൊന്നാങ്കണ്ണി ചീര ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ഹാങ്ങിങ് പോട്ടുകളിലും വരെ കൃഷി ചെയ്യാം. 25 തൈകൾ വീതം ഓരോ കെട്ടുകൾ ആക്കിയാണ് ഇതിൻറെ വിൽപ്പന നടത്തുന്നത്.ഒരു കെട്ടിന് 350 രൂപയാണ് വില.ഏത് കാലാവസ്ഥയിലും പൊന്നാങ്കണ്ണി ചീര വിളവെടുക്കാം എന്നതും ഇതിൻറെ പ്രത്യേകതയാണ്.
സൂര്യപ്രകാശത്തിന്റെ ലഭ്യത അനുസരിച്ച് ഇതിൻറെ ഇലകൾക്ക് വ്യത്യാസം വരും. നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിൽ ഇതിന്റെ ഇലകൾക്ക് ചുവപ്പുനിറവും സൂര്യപ്രകാശം കുറവുള്ള ഇടങ്ങളിൽ പച്ച നിറവുമാണ് ഇവയുടെ ഇലകൾക്ക്. പൊന്നാങ്കണ്ണി ചീര മാത്രമല്ല വീടിനോട് ചേർന്നുള്ള 10 സെൻറ് കൃഷിയിടത്തിൽ ഇല്ലാത്തതായി ഒന്നുമില്ല. വീട്ടിലേക്ക് ആവശ്യമായ എല്ലാതര പച്ചക്കറികളും സുൽഫത്ത് വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ട്. മട്ടുപ്പാവിൽ ഗ്രോ ബാഗുകളിലും പ്ലാസ്റ്റിക് വിപ്പകളും ഉപയോഗപ്പെടുത്തിയാണ് കൃഷി. സുതാര്യമായ ഷീറ്റ് മേൽക്കൂര കൃഷിക്ക് വേണ്ടി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മട്ടുപ്പാവ് കൃഷിക്ക് തിരിനന സംവിധാനം ഉപയോഗിച്ചിരിക്കുന്നു.
1500 ചതുരസ്ര അടി മട്ടുപ്പാവിൽ നിശ്ചിത അകലത്തിൽ ഇഷ്ടികയ്ക്ക് മുകളിൽ ഗ്രോബാഗുകൾ ക്രമീകരിച്ചാണ് തിരിനന സംവിധാനം. ഗ്രോബാഗുകളിൽ സുഷിരമിട്ട് തിരി മണ്ണിനു മുകളിലേക്ക് എത്തിച്ചിരിക്കുകയാണ് ഇവിടെ. ഓവർഹെഡ് ടാങ്കുകളിൽ നിന്നുള്ള വെള്ളം നാലഞ്ച് വലിപ്പത്തിലുള്ള പിവിസി പൈപ്പിന്റെ പാത്തിയിലൂടെ ഗ്രോബാഗുകളിലേക്ക് എത്തുന്നു. ചെടിക്ക് ആവശ്യമായ വളങ്ങൾ നിർമ്മിക്കുന്നതും സുൽഫത്ത് തന്നെയാണ്. ഫിഷ് അമിനോ ആസിഡ് ആണ് ഇതിൽ പ്രധാനം. ചെടിയുടെ വളർച്ചയ്ക്കും മികച്ച വിളവിനും മത്തിയും ശർക്കരയും ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന ഫിഷ് അമിനോ ആസിഡ് ഏറ്റവും മികച്ചതാണെന്നാണ് സുൽഫത്ത് പറയുന്നു. ഇതിനൊപ്പം കോഴി കാഷ്ടം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയവയും ഉപയോഗപ്പെടുത്തുന്നു. വീട്ടിലെ ബയോഗ്യാസ് സ്ലറി കൃഷിക്കായി ഉപയോഗപ്പെടുത്തിയപ്പോൾ വിളവ് ഇരട്ടിയായി എന്നാണ് ഈ വീട്ടമ്മയുടെ അനുഭവം. വീടിനോട് ചേർന്നുള്ള 10 സെന്റ് കൃഷിയിടത്തിൽ ഒട്ടുമിക്ക പഴവർഗങ്ങളും ഔഷധസസ്യങ്ങളും സുൽഫത്ത് വച്ച് പിടിപ്പിച്ചിട്ടുണ്ട് സുൽഫത്തിന്റെ കൃഷി രീതി കണ്ടു പഠിക്കാൻ ദിവസം തോറും ആളുകൾ ഇവിടേക്ക് എത്തുകയാണ്. സുൽഫത്തിനെ കൃഷിയിൽ സഹായിക്കുവാൻ എപ്പോഴും കുടുംബവും കൂട്ടിന്നുണ്ട്.
Discussion about this post