മല്ലി, പുതിന, കറിവേപ്പ് തുടങ്ങിയവയെല്ലാം നാം സ്ഥിരമായി വീടുകളിൽ ഉപയോഗിക്കുന്നവയാണ്. ഭക്ഷ്യയോഗ്യമായഭാഗം ഇലകളായതുകൊണ്ട് തന്നെ ഇവ മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിൽ നട്ടുവളർത്തുന്നതുതന്നെ. ഗുണമേന്മയുള്ളതും വിഷാംശമില്ലാത്തതുമായ സുഗന്ധ ഇലകൾ കുറഞ്ഞ പരിചരണത്തിൽ വീട്ടിൽ തന്നെ നട്ടുവളർത്താം. അത്തരത്തിൽ സ്ഥലപരിമിതിയിലും വീട്ടിൽ തന്നെ നട്ടുവളർത്താവുന്ന ചില സുഗന്ധവിളകളാണ് രംഭ, ആഫ്രിക്കൻ മല്ലി, മല്ലിയില, പുതിനയില, കറിവേപപ്പ് എന്നിവ.
രംഭ
ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേക സുഗന്ധം നൽകാൻ കഴിവുള്ള ഇലച്ചെടിയാണ് രംഭ. ബിരിയാണി അടക്കമുള്ള വിഭവങ്ങളിൽ ഇത് ഉപയോഗിക്കുന്നു. ബിരിയാണിക്കൈത എന്നും പേരുണ്ട്. വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി തന്നെ ഈ സസ്യം നട്ടുവളർത്താം. പൂക്കൈതയോട് ഏറെ സാമ്യമുണ്ട്. എന്നാൽ രംഭ ഇലയുടെ അരികുകളിൽ പൂക്കൈതയെപ്പോലെ മുള്ളുകളുണ്ടാവില്ല. അഞ്ചടിവരെ ഉയരം വയ്ക്കുന്ന ചെടിയുടെ ഇലകൾ നീളമുള്ളതും തിളക്കമേറിയതുമാണ്. ഇലകളിലെ സൂക്ഷ്മ നാരുകളിൽ അടങ്ങിയിരിക്കുന്ന അസെറ്റൈൽ പൈറോളിൻ എന്ന പദാർത്ഥമാണ് ഇതിന് ഗന്ധം നൽകുന്നത്. കൂടാതെ മറ്റനേകം ഔഷധഗുണങ്ങളും രംഭയിലക്കുണ്ട്. രംഭയുടെ ചിനപ്പുകൾ നട്ട് വീട്ടുവളപ്പിൽ തന്നെ കുറഞ്ഞ പരിചരണത്തിൽ വളർത്തിയെടുക്കാം. നീർവാർച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ ഇടങ്ങളിൽ നടാൻ ശ്രദ്ധിക്കാം.
ആഫ്രിക്കൻ മല്ലി
ഔഷധഗുണങ്ങളുള്ളതും തറയോട് ചേർന്ന് വളരുന്നതുമായ ചെറു സസ്യമാണ് ആഫ്രിക്കൻമല്ലി. കടുത്ത പച്ച നിറത്തിലുള്ള ഇലകൾക്ക് മല്ലിയിലയുടെ അതേ ഗന്ധമാണ്. ഇലക്കൂട്ടത്തിന്റെ നടുവിൽനിന്ന് പൂങ്കുലകളുണ്ടാകും. ഭാഗികമായി തണലുള്ള ഇടങ്ങളിലും നല്ല വെയിലത്തും ആഫ്രിക്കൻമല്ലി വളർത്താം. ഇലകൾ ശേഖരിക്കാനായി വളർത്തുമ്പോൾ അല്പം തണലുള്ളിടത്ത് നടുന്നതാണ് നല്ലത്. വിത്തുകൾ പാകി മുളപ്പിച്ച് ആഫ്രിക്കൻമല്ലി കൃഷിചെയ്യാം. രണ്ട് മാസം മുതൽ വിളവെടുക്കാനാകും
മല്ലിയില
കറികളിലും സാലഡിലുമെല്ലാം നാം ധാരാളമായി ഉപയോഗിക്കുന്ന സുഗന്ധ ഇലയാണ് മല്ലിയില. വിത്തുകൾ വാങ്ങി പാകി മുളപ്പിച്ച് മല്ലിയില വളർത്തിയെടുക്കാം. അതല്ലെങ്കിൽ കടകളിൽ വാങ്ങാൻ ലഭിക്കുന്ന പച്ച കൊത്തമല്ലി വെള്ളത്തിൽ കുതിർത്തു പിളർത്തിയെടുത്തതിനുശേഷം പോട്ടിംഗ് മിശ്രിതത്തിൽ പാകിയാൽ മതിയാകും. മല്ലി മുളയ്ക്കാൻ 10 മുതൽ 12 ദിവസം വരെ എടുക്കും. മുളക്കുന്നത് വരെ നന്നായി വെള്ളമൊഴിക്കണം. 25 ദിവസം കൊണ്ട് വിളവെടുക്കാനാകും.
പുതിന
പുതിനയില നാം ധാരാളമായി ഉപയോഗിക്കാറുണ്ട്. വീട്ടിലേക്ക് ആവശ്യമായ പുതിന വളരെ എളുപ്പത്തിൽ നമുക്ക് കൃഷി ചെയ്യാനാകും. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന തണ്ടുകൾ കുറച്ചു ദിവസം വെള്ളത്തിൽ ഇട്ടു വെച്ചാൽ അവയിൽനിന്നും വേര് വരുന്നത് കാണാം. ഇത്തരം തണ്ടുകളെ കമ്പോസ്റ്റ്, ചാണകപ്പൊടി എന്നിവയടങ്ങിയ പോട്ടിംഗ് മിശ്രിതത്തിലേക്ക് മാറ്റി നടാം. അല്പം തണൽലുള്ള സ്ഥലത്ത് വളരാൻ ഇഷ്ടപ്പെടുന്ന സസ്യമാണ് പുതിന.
കറിവേപ്പ്
കീടനാശിനിയുടെ അംശം കൂടുതലായി കണ്ടെത്തിയിട്ടുള്ള ഇലകളിൽ ഒന്നാണ് കറിവേപ്പ്. അതുകൊണ്ടുതന്നെ ഇവ വീടുകളിൽ കൃഷി ചെയ്യുന്നതാണ് നല്ലത്. വിത്ത് പാകി മുളപ്പിച്ചും വേര് പൊട്ടി ഉണ്ടാകുന്ന തൈകൾ നട്ടും കറിവേപ്പ് വളർത്താം. ജൂലൈ- ഓഗസ്റ്റ് മാസങ്ങളാണ് വിത്ത് പാകാൻ നല്ലത്. ഒരു വർഷം പ്രായമായ തൈകൾ നടാനായി ഉപയോഗിക്കാം. ജൈവവളം മേൽമണ്ണുമായി ചേർത്ത് നിറച്ച കുഴികളിൽ മെയ് -ജൂൺ മാസങ്ങളിൽ കറിവേപ്പ് നടാം. ഒരു മീറ്റർ ഉയരത്തിൽ എത്തുമ്പോൾ അഗ്രം നുള്ളണം. പിന്നീട് വരുന്ന ശാഖകളിൽ നിന്ന് ആറ് ശാഖകൾ നിലനിർത്തി മറ്റുള്ളവ നീക്കം ചെയ്യാം.
ഇത്തരത്തിലുള്ള കുറഞ്ഞ പരിപാലനമുറകൾ കൊണ്ട് തന്നെ വീട്ടിലേക്ക് ആവശ്യമായ സുഗന്ധ ഇലകൾ നമുക്ക് കൃഷി ചെയ്യാനാകും. ഇവ വീട്ടിൽ തന്നെ നട്ടുവളർത്തുന്നത് ആരോഗ്യം ഉറപ്പുവരുത്തുന്നതിനോടൊപ്പം മാനസിക ഉല്ലാസവും നൽകും.
Discussion about this post