ഷാർജയിലുള്ള സുധീഷ് ഗുരുവായൂരിന്റെ വീട് കണ്ടാൽ കേരളത്തിന്റെ ഒരു കുഞ്ഞു പതിപ്പാണെന്ന് തോന്നും. എവിടെ നോക്കിയാലും ഹരിതാഭയും പച്ചപ്പും. നെൽവയലും വാഴയും വള്ളവും കുളവും കിളികളുടെ കളകളാരവവുമൊക്കെയായി ഏതോ നാട്ടിൻപുറത്തെ ഒരു പച്ചതുരുത്ത് പോലെ. ഓരോ പ്രവാസിയുടെയും മനസ്സിൽ ഗൃഹാതുരത്വമുണർത്തുന്ന നടവരമ്പും തണലും തണുപ്പുമെല്ലാം നന്നായൊന്ന് അധ്വാനിച്ചപ്പോൾ സുധീഷിനെ തേടി ഷാർജയിലേക്ക് വിമാനം കയറി.
15 സെന്റ് സ്ഥലത്ത് വളരുന്ന ഈ കുഞ്ഞു കേരളം ജൈവ വൈവിധ്യങ്ങളുടെ കലവറ തന്നെയാണ്. പലവിധ പച്ചക്കറികളും പരുത്തിയും മുന്തിരിയും മുല്ലപ്പൂക്കളും പത്തുമണിച്ചെടിയും മീനുകളും കിളികളും അങ്ങനെ അനേകം പേരുണ്ടിവിടെ.
മണലിനെ മണ്ണാക്കി മാറ്റി കൃഷി ചെയ്ത സുധീഷിന്റെ കൃഷിയിടം കണ്ട് ആകൃഷ്ടരായവർ മലയാളികൾ മാത്രമല്ല. അക്കൂട്ടത്തിൽ ദുബായ് ഭരണാധികാരിവരെയുണ്ട്. ഞങ്ങളുടെ സ്ഥലത്തും കൃഷി ചെയ്തു തരാമോ എന്ന് തിരക്കുള്ള വിളികളുടെ എണ്ണം കൂടിയപ്പോൾ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ഡിപ്പാർട്ട്മെന്റിലെ ജോലി പോലും സുധീഷിന് രാജിവയ്ക്കേണ്ടിവന്നു. കൃഷിയോടുള്ള സ്നേഹം സുധീഷിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ഗ്രീൻ ലൈഫ് ഓർഗാനിക് ഫാമിംഗ് എന്ന കമ്പനി ആരംഭിച്ചു. ദുബായിലെ വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും ഹോട്ടലുകളിലുമെല്ലാം ആവശ്യാനുസരണം കൃഷി ചെയ്തു കൊടുക്കുന്ന സംരംഭമാണ് ഗ്രീൻ ലൈഫ് ഓർഗാനിക് ഫാമിംഗ്.
ഇതിനിടയിൽ ലിംകാ ബുക്കിലും ഗിന്നസ് റെക്കോർഡിലും ഈ കർഷകന്റെ പേര് ഇടംപിടിച്ചു. ഒരു കറിവേപ്പ് മരത്തിൽനിന്ന് കട്ടിംഗ് സിസ്റ്റത്തിലൂടെ 5000 കറിവേപ്പ് തൈകളുണ്ടാക്കി 5000 കുട്ടികൾക്ക് കൊടുത്തുകൊണ്ടാണ് സുധീഷ്, ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ചത്. സംസ്ഥാന സർക്കാരിന്റെ മികച്ച പ്രവാസി കർഷകനുള്ള പുരസ്കാരം രണ്ടുതവണയാണ് സുധീഷ് സ്വന്തമാക്കിയത്. മലയാളികൾക്ക് അഭിമാനവും മാതൃകയുമായി സുധീഷിന്റെ കൃഷി യാത്രകൾ തുടർന്നുകൊണ്ടേയിരിക്കുന്നു.
Discussion about this post