‘ഒത്തുപിടിച്ചാൽ മലയും പോരും’ എന്നല്ലേ പഴമൊഴി. അതെ കൂട്ടായ പ്രവർത്തനത്തിലൂടെ കാർഷിക രംഗത്ത് തിളങ്ങിയ രണ്ട് വീട്ടമ്മമാരുടെ വിജയകഥയാണിത്. ആലപ്പുഴ തൈക്കൽ ഗ്രാമത്തിലെ നിഷയും സതിയും വർഷങ്ങളായി കൂട്ടുകൃഷിയിലൂടെ വിജയം നേടുകയാണ്. ലാഭം എന്നതിലുപരി നല്ല ഭക്ഷണം കഴിക്കാമെന്ന് ചിന്തയോടുകൂടിയാണ് പത്തു വർഷങ്ങൾക്കു മുൻപ് ഇരുവരും പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. ഒറ്റയ്ക്ക് ഒരാൾ കൃഷി ചെയ്യുന്നതിനേക്കാൾ പല മെച്ചങ്ങളും കൂട്ടായ രീതിയിൽ ചെയ്യുമ്പോൾ ലഭിക്കുന്നു എന്നാണ് ഈ വീട്ടമ്മമാരുടെ അഭിപ്രായം. കൂട്ടായ ആലോചനയും പ്രവർത്തനവും കൃഷിയിലെ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുമെന്നും വൈവിധ്യമുള്ള ഇനങ്ങൾ കൃഷി ചെയ്ത് വരുമാനം ഇരട്ടിപ്പിക്കുകയും ചെയ്യാമെന്ന് ഇവർ പറയുന്നു.
കൃഷി ചെയ്യാൻ സ്ഥലം വേണ്ടേ?
കൃഷിയിലേക്ക് ഇരുവരും തിരിഞ്ഞപ്പോൾ ആദ്യമായി മനസ്സിലേക്ക് വന്ന ചോദ്യമാണ് കൃഷി ചെയ്യാൻ സ്ഥലം എവിടെ? സ്വന്തമായി ഭൂമി ഇല്ലാത്ത ഇരുവരുടെയും മനസ്സിൽ വന്ന് ചോദ്യത്തിന് ഉത്തരമായിരുന്നു പാട്ട കൃഷി. അങ്ങനെ കൃഷി ചെയ്യാൻ വീടിനോട് ചേർന്നുള്ള 40 സെൻറ് സ്ഥലം കൃഷി ചെയ്യാൻ പാട്ടത്തിന് എടുത്തു.വെറുതെ തരിശായി കിടന്ന ഭൂമി കൃഷി ചെയ്യാൻ ഭൂവുടമ സൗജന്യമായി വിട്ടുകൊടുത്തതോടെ കാര്യങ്ങൾ ഉഷാറായി. അങ്ങനെ ഇരുവരും കൃഷിയിടം വെട്ടിതെളിച്ച് ഹരിതാഭമാക്കി. ഇരുവരുടെയും അധ്വാനവും, കൃഷിയിൽ വിജയിക്കുമെന്ന ആത്മവിശ്വാസവും കൂടിയായപ്പോൾ 40 സെൻറ് വിളവൈവിധ്യം കൊണ്ട് നിറഞ്ഞു. 40 സെൻറ് കൃഷിയിൽ നിന്ന് മികച്ച വരുമാനം ലഭ്യമായതോടെ അടുത്തുള്ള 70 സെൻറ് സ്ഥലം കൂടി പാട്ടത്തിന് എടുത്ത് നെല്ലും വിവിധ പച്ചക്കറികളും ഉൾപ്പെടെ ഇവർ കൃഷി ചെയ്യാൻ ആരംഭിച്ചു. പത്തു വർഷങ്ങൾക്കിപ്പുറം ഇവിടെ വിജയകരമായി കൃഷി ചെയ്യുന്നു. കാർഷിക അറിവുകളും ഉത്തരവാദിത്തങ്ങളും പങ്കുവയ്ക്കുന്നത് കൃഷി കൂടുതൽ ആയാസരഹിതമായി ചെയ്യുവാൻ സാധിക്കുന്നുവെന്ന് ഈ വീട്ടമ്മമാർ പറയുന്നു. കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ സാധിക്കുന്നതിനാൽ വൈവിധ്യമുള്ള ഭക്ഷ്യവസ്തുക്കൾ വിപണിയിലേക്ക് എത്തിക്കുവാനും ഇവർക്ക് കഴിയുന്നുണ്ട്. കൂട്ടായ അധ്വാനത്തിന്റെ ഫലം കൊണ്ട് വർഷം മുഴുവൻ കൃഷി ഒരുക്കാനും വരുമാനം നേടാനും സാധിക്കുന്നുണ്ട്
വിളവൈവിധ്യം
വി.എഫ് .പി .സി .കെ വഴി ലഭ്യമാക്കുന്ന വിത്തുകൾ ആണ് കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. തൈക്കൽ ചീര, പീച്ചിങ്ങ, പാവൽ, പടവലം, വഴുതന, തക്കാളി, പലതരത്തിലുള്ള മുളകുകൾ, ആനക്കൊമ്പൻ വെണ്ട, ചുവപ്പ് വെണ്ട തുടങ്ങി വെണ്ടയിനങ്ങൾ, കുമ്പളം, വെള്ളരി,മത്തൻ, കാബേജ്,കോളിഫ്ലവർ എന്നിങ്ങനെ പച്ചക്കറികളുടെ നീണ്ട നിര തന്നെ കാലാവസ്ഥയ്ക്ക് അനുസൃതമായി ഇരുവരും കൃഷിയിറക്കുന്നു.
വിപണിയും വരുമാനവും
വി.എഫ്. പി. സി.കെയുടെ വിപണിയിൽ അംഗങ്ങളായതോടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് മികച്ച വരുമാനം തന്നെ ഇവർക്ക് ലഭ്യമാകുന്നു. തിങ്കൾ, വ്യാഴം തുടങ്ങിയ ദിവസങ്ങളിൽ വി. എഫ്. പി. സി.കെ നേതൃത്വത്തിലുള്ള പ്രാദേശിക ചന്തകൾ വഴിയാണ് ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നത്. ചെറുകിട കർഷകരും പച്ചക്കറികൾ വാങ്ങാൻ ഇവിടെ വരുന്നുണ്ടെന്നും ഇവർ പറയുന്നു. ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്നത് കൊണ്ട് തന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. കൂടാതെ ആവശ്യക്കാരിലേക്ക് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ എത്തിക്കുന്നതും നിഷ തന്റെ സ്വന്തം വാഹനത്തിൽ ആണെന്നുള്ള പ്രത്യേകതയും ഇവരുടെ കൃഷിക്ക് ഉണ്ട്.
വരുമാന ചിന്തയ്ക്ക് അപ്പുറം കൂട്ടായ പ്രവർത്തനവും കൂട്ടായ വിളവെടുപ്പും ഒട്ടേറെ സന്തോഷം പകരുന്നുവെന്ന് ഈ വീട്ടമ്മമാർ പറയുന്നു. യോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി കൃഷി ഇനിയും കൂടുതൽ പങ്കാളിത്തത്തോടെ വിപുലമാക്കാൻ ഇവർ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.
Discussion about this post