ഭക്ഷ്യ ഉത്പാദനം ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ കാർഷിക -മൃഗസംരക്ഷണ മേഖലയിൽ മികച്ച പുരോഗതി. പദ്ധതിക്ക് കീഴിൽ ഉത്പാദന മേഖലയിൽ 2.32 ലക്ഷം ഗുണഭോക്താക്കളാണുള്ളത്. ജില്ലയിലെ 95 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. മത്സ്യമേഖലയിലും കാർഷികമേഖലയിലും സംയോജിത പദ്ധതികൾ നടപ്പിലാക്കുന്ന സുഭിക്ഷകേരളം പദ്ധതിയുടെ കീഴിൽ ജലസ്രോതസ്സുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
അടുത്ത മാസങ്ങളിൽ പദ്ധതിക്ക് കീഴിലെ ആദ്യഘട്ട വിളവെടുപ്പ് നടക്കും. വിളവെടുപ്പ് സമയത്ത് മികച്ച ആസൂത്രണത്തോടെയുള്ള വിപണി ഇടപെടൽ സാധ്യമാക്കും. പദ്ധതിയിൽ ഉൾപ്പെടുത്തി 896.26 ഹെക്ടർ തരിശ് നെൽകൃഷിയും 2463.63 ഹെക്ടറിൽ സ്ഥിരം നെൽകൃഷിയും 49.78 ഹെക്ടറിൽ കരനെൽ കൃഷിയും 490.95 ഹെക്ടറിൽ തരിശ് പച്ചക്കറികൃഷിയും 431.02 ഹെക്ടറിൽ സ്ഥിരം പച്ചക്കറികൃഷിയും നടത്തുന്നുണ്ട്.
മൃഗസംരക്ഷണ മേഖലയിൽ 279 പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരമേഖലയിൽ പാൽ ഇൻസന്റീവ് വിതരണം രണ്ട് മാസത്തിനകം പൂർത്തിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഉരുക്കളെ ഓൺലൈനിലൂടെ വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി കാർഷികമേഖലയിൽ നിലമൊരുക്കൽ, ജലസേചന പദ്ധതികൾ, തൊഴുത്തു നിർമ്മാണം, മത്സ്യക്കുളം നിർമ്മാണം എന്നിവയും പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകൾ 67 ഹെക്ടർ തരിശ്ശ്ഭൂമി കൃഷി യോഗ്യമാക്കിയിട്ടുണ്ട്.
Discussion about this post