കലമാൻ കൊമ്പുകളെ അനുസ്മരിപ്പിക്കുന്ന ഇലകളുള്ള പന്നൽച്ചെടിയാണ് സ്റ്റാഗ് ഹോൺ ഫേൺ. പ്രകൃതി നിർമ്മിക്കുന്ന ശില്പം പോലെ തോന്നും ഓരോ ചെടിയും. മരങ്ങളിൽ പറ്റിപ്പിടിച്ചിരുന്നുവളരുന്ന ചെടിയാണിത്. പൂന്തോട്ടങ്ങളിൽ വളർത്തുമ്പോൾ തൊണ്ടിലും തടിയിലുമെല്ലാം വളർത്തിയെടുക്കാം. മാധ്യമം നിറച്ച ഹാങ്ങിങ് പോട്ടുകളിലും ഇവ വളർത്താനാകും.
ഒരിക്കൽ മാധ്യമത്തിൽ വളർന്നു തുടങ്ങിയാൽ പിന്നെ ഇവയുടെ ചുവട്ടിൽനിന്നും വട്ടത്തിലുള്ള ഇലകൾ കണക്കെയുള്ള വളർച്ചകൾ വന്നുതുടങ്ങും. ഇത് മാധ്യമത്തെ ആകെ പൊതിയുകയും ചെയ്യും. ഇവ ആദ്യം പച്ച നിറത്തിലും പിന്നീട് ബ്രൗൺ നിറത്തിലും കാണപ്പെടും. ഈർപ്പവും നന്നായി നേർപ്പിച്ച ദ്രാവകരൂപത്തിലുള്ള ജൈവവളങ്ങളും വലിച്ചെടുക്കാൻ ഇലകൾ പോലെയുള്ള ചുവടിന് കഴിയും. മാധ്യമം എന്താണെന്ന് പോലും മനസ്സിലാകാത്ത വിധം ചെടിച്ചുവട് വളർന്ന്മൂടും. അതുകൊണ്ടുതന്നെ ഇവയെ പ്രത്യേക രൂപങ്ങളിൽ വളർത്തിയെടുക്കാം. ഹാങ്ങിങ് ചെടിയായി വളർത്തുമ്പോൾ ശക്തിയുള്ള കമ്പികൾ ഉപയോഗിച്ച് തൂക്കിയിടാൻ ശ്രമിക്കണം.
ഇലകളുടെ അറ്റത്ത് രൂപപ്പെടുന്ന സ്പോറുകൾ വീണാണ് പുതിയ ചെടികൾ ഉണ്ടാകുന്നത്. സ്പോറുകൾ നനവുള്ള പ്രതലങ്ങളിലോ തടിയിലോ പറ്റിപ്പിടിച്ചിരുന്നു വളർന്നു തുടങ്ങും. ഒരു സ്റ്റാഗ് ഹോൺ ഫേൺ പൂർണ്ണ ശില്പമായി വളർന്നു കിട്ടാൻ കുറച്ചധികം സമയമെടുക്കും. എന്നിരുന്നാലും ഇവയുടെ രൂപഭംഗി ഒന്ന് വേറെ തന്നെ.
Discussion about this post