“ഇവിടെ എന്തു നട്ടിട്ടും കാര്യമില്ല, എല്ലാ പച്ചക്കറികളും അസുഖം വന്നു നശിക്കുകയാണ്” വിളകളെല്ലാം പരീക്ഷിച്ചു തളർന്നവർ സ്ഥിരം പറയുന്ന പരാതിയാണിത്. രോഗങ്ങൾ വിത്തിലൂടെയും മണ്ണിലൂടെയും വായുവിലൂടെയുമെല്ലാം പകരാം. ഇവിടെയാണ് മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത.
ജൈവാംശം വർധിപ്പിക്കുന്നത് മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും. കുമ്മായം അല്ലെങ്കിൽ ഡോളമൈറ്റ് ചേർക്കുന്നത്തിലൂടെ മണ്ണിന്റെ പുളിരസം ക്രമീകരിക്കാം. ജൈവീക കീടനാശിനികളായ സ്യൂഡോമോണാസ്, ട്രൈക്കോഡർമ എന്നിവയുടെ ഉപയോഗവും ഒപ്പം സൂര്യതാപീകരണവും കീടങ്ങളെ നശിപ്പിക്കുന്നതിനും കളവിത്തുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കും.
വർഷത്തിൽ സൂര്യപ്രകാശം ഏറ്റവും കൂടുതൽ ലഭ്യമാകുന്ന സമയമാണ് സൂര്യതാപീകരണത്തിനായി തിരഞ്ഞെടുക്കേണ്ടത്. സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് ഈർപ്പമുള്ള മണ്ണ് മൂടി ഇടുകയും അതുവഴി മണ്ണിനെ അണുവിമുക്തമാക്കുകയുമാണ് സൂര്യതാപീകരണത്തിന്റെ ലക്ഷ്യം.
ചെയ്യേണ്ട രീതി
നഴ്സറിയിലെ മണ്ണിലും പോട്ടിങ് മിശ്രിതത്തിനായി ഉപയോഗിക്കുന്ന മണ്ണിലും പ്രധാന കൃഷിയിടങ്ങളിലുമെല്ലാം സൂര്യതാപീകരണം നടത്താം.
തടം തയ്യാറാക്കി കല്ലും കട്ടയും നീക്കി നിരപ്പാക്കേണ്ടതുണ്ട്. ഇത്തരത്തിൽ തയ്യാറാക്കിയ മണ്ണിലേക്ക് ആവശ്യമായ ജൈവവളം ചേർത്തുകൊടുക്കാം. ചതുരശ്ര മീറ്ററിന് 5 ലിറ്റർ എന്ന തോതിൽ നനയ്ക്കണം. 100 മുതൽ 150 ഗേജ് കനമുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് തടം മൂടണം. മണ്ണിൽ ഈർപ്പവും ചൂടും നിലനിർത്തുന്നതിന് ഇത് ആവശ്യമാണ്. പ്ലാസ്റ്റിക് ഷീറ്റ് മണ്ണിനോട് ചേർന്നിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഉള്ളിൽ വായു അറകൾ ഉണ്ടെങ്കിൽ അത് സൂര്യതാപീകരണത്തിന്റെ കാര്യക്ഷമത കുറയ്ക്കും. തുടർന്ന് 20 മുതൽ 30 ദിവസം വരെ മണ്ണ് അങ്ങനെതന്നെ സൂക്ഷിക്കാം. ശേഷം പോളിത്തീൻ ഷീറ്റ് നീക്കം ചെയ്ത് മണ്ണിലേക്ക് വിത്ത് പാകാം.
പോട്ടിങ് മിശ്രിതമാണെങ്കിൽ 15 മുതൽ 20 സെന്റിമീറ്റർ കനത്തിൽ വിരിച്ച് നനച്ചശേഷം മുകളിൽ പറഞ്ഞ രീതിയിൽ സൂര്യതാപീകരണം നടത്താം. രോഗ വിമുക്തമായ കുരുമുളക് തൈകൾ ഉൽപാദിപ്പിക്കുന്നതിന് ഇത്തരത്തിൽ പോട്ടിങ് മിശ്രിതം സൂര്യതാപീകരണം നടത്തുന്നത് ഏറെ നല്ലതാണ്.
തണലില്ലാത്ത തുറസ്സായ സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്. വേനൽമഴ ഈ പ്രക്രിയയെ ബാധിക്കില്ലെങ്കിലും കൂടുതൽ വെള്ളം തടത്തിലെത്തുന്നത് തടയണം.
സൂര്യതാപീകരണം നടത്തുന്നത് വഴി മണ്ണിലൂടെ രോഗം പരത്തുന്ന കുമിളുകളായ പിത്തിയം, ഫയ്‌റ്റോഫ്തോറ, ഫ്യൂസാരിയം തുടങ്ങിയവയെ നിയന്ത്രിക്കാനാകും. വിവിധ ഇനം നിമാവിരകളേയും നശിപ്പിക്കാൻ സൂര്യതാപീകരണം സഹായിക്കും.കറുക, മുത്തങ്ങ തുടങ്ങിയ കളവിത്തുകളെ ഈ രീതിയിൽ നശിപ്പിക്കാം. വിളകളുടെ മെച്ചപ്പെട്ട വളർച്ചയ്ക്കും ആരോഗ്യമുള്ള വേര് പടലത്തിനും വർധിച്ച വിളവിനും മറ്റ് പരിപാലനമുറകൾക്കൊപ്പം സൂര്യതാപീകരണം നടത്തുന്നത് ഏറെ നല്ലതാണ്.
Discussion about this post