ജീവലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്ന് ഫല ഭൂയിഷ്ഠമായ മേല്മണ്ണിന്റെ നഷ്ടമാണ്. ഒരു വര്‍ഷം ഒരു ഹെക്ടര്‍ ഭൂമിയില്‍ നിന്നും മണ്ണൊലിപ്പ് വഴി 16000 കിലോ മണ്ണു നഷ്ടമാകുന്നു എന്ന് ഗവേഷകര്‍ പറയുന്നു. വീട്ടു വളപ്പില്‍ നിന്നോ, കൃഷിയിടത്തില്‍ നിന്നോ മഴവെള്ളം നിറം മാറി ഒഴുകി പോകുന്നെങ്കില്‍ പോയത് വെള്ളം മാത്രമല്ല, മണ്ണു കൂടിയാണ്. മണ്ണു തട്ടുകളായി തിരിച്ചു, കയ്യാലകള്‍ കെട്ടി, പുല്ലും രാമച്ചവും വെച്ച് പിടിപ്പിച്ചു മണ്ണൊലിച്ചു പോകാതെ കാക്കണം. ഒരായിരം വര്‍ഷം കൊണ്ടുണ്ടായത് പോകാന്‍ ഒരു മണിക്കൂര്‍ വേണ്ട എന്നറിയണം. മണ്ണൊലിച്ചു പോകുമ്പോള്‍ കാറ്റയോണുകള്‍ (പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം ) വേഗം പോകും. ഒപ്പം ജൈവാംശവും.
നമ്മള്‍ കഴിക്കുന്ന ധാന്യങ്ങള്‍ ഭൂരിഭാഗവും വിളയുന്നത് ഈ ഭൂവല്‍ക്കത്തിലെ 15-20 cm സ്ഥലത്താണ്. വളരെ ലോലമായ ഒരു പാളി.
മണ്ണിനു അതിന്റെ വ്യാപ്തത്തിന്റെ മൂന്നിരട്ടി വെള്ളം പിടിച്ചു നിര്‍ത്താന്‍ കഴിയും.വെള്ളം ശേഖരിക്കേണ്ടത് ഡാമുകളില്‍ അല്ല. മണ്ണില്‍, അവ വീഴുന്നിടത്തു തന്നെയാണ്. അശാസ്ത്രീയമായ നിലമൊരുക്കല്‍ മേല്‍മണ്ണ് നഷ്ടമാകാന്‍ ഇടയാകും. ചരുവിനു നെടുകെ കൃഷി ചെയ്താല്‍ മണ്ണൊലിച്ചു പോയി, നെടുവേ നടക്കേണ്ടി വരും. കരിയിലകള്‍ കൊണ്ട് പുതയിട്ടാല്‍ മണ്ണില്‍ മഴ തുള്ളികള്‍ ഏല്‍പ്പിക്കുന്ന ആഘാതം കുറയ്ക്കാം.
ജീവനുള്ളവ ജീവനറ്റു ജീര്‍ണിക്കുമ്പോള്‍ (humus) ആണ് മണ്ണു ജീവസ്സും ഓജസ്സും ഉള്ളതാകുന്നത്. രാമച്ചത്തിന്റെ വേരുകള്‍ ആറടി വരെ പോയി മണ്‍ തരികളെ പിടിച്ചു നിര്‍ത്തുന്നതായി കണ്ടിട്ടുണ്ട്. ഭൂമിയുടെ കാര്‍ബണ്‍ സിങ്ക് ആണ് മണ്ണ്. ജൈവ കാര്‍ബണിന്റ രൂപത്തില്‍ അവ മണ്ണില്‍ sequestrate ചെയ്യപ്പെടണം ആഗോള താപന തീവ്രത കുറയാന്‍.
തയ്യാറാക്കിയത്
പ്രമോദ് മാധവന്‍
കൃഷി ഓഫീസര്‍
ചാത്തന്നൂര്‍ കൃഷിഭവന്‍
Discussion about this post