വലിപ്പംകൊണ്ട് കുഞ്ഞൻമാരാണ് ചെറുധാന്യങ്ങൾ. എന്നാൽ ഗുണം കൊണ്ട് മുൻപന്തിയിലാണ്. വരൾച്ചയെ പ്രതിരോധിക്കാൻ കഴിയുന്നവയാണ് ചെറുധാന്യ വിളകൾ. പരിചരണവും താരതമ്യേന കുറവുമതി. മാറുന്ന കാലാവസ്ഥയ്ക്കും പുതിയ കാലത്തിന്റെ ജീവിതശൈലിക്കും എന്തുകൊണ്ടും അനുയോജ്യമായവയാണ് ചെറുധാന്യങ്ങൾ. നാളെയുടെ ഭക്ഷണമായാണ് ഇവയെ കണക്കാക്കപ്പെടുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ചില ചെറുധാന്യങ്ങൾ പരിചയപ്പെടാം.
റാഗി/ കൂവരക്
ഫിംഗർ മില്ലറ്റ്, കൂവരക് എന്നിങ്ങനെ പല പേരുകളിൽ റാഗി അറിയപ്പെടുന്നുണ്ട്. കാലങ്ങളായി ശിശുക്കൾക്കുള്ള ഉത്തമ ഭക്ഷണമായി കണക്കാക്കപ്പെടുന്ന ചെറുധാന്യംമാണിത്. രോഗികൾക്കും നന്ന്. വളരെ പെട്ടെന്ന് ദഹിക്കുകയും ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും എന്നതാണ് റാഗിയുടെ പ്രത്യേകത. ഇതുപയോഗിച്ച് പുട്ട്, ദോശ എന്നിങ്ങനെയുള്ള പ്രഭാതഭക്ഷണവും തയ്യാറാക്കാം.
മഴയെ ആശ്രയിച്ച് കൃഷി ചെയ്യാവുന്ന ഈ ചെറുധാന്യത്തിന് വിളയുന്ന സമയത്ത് വരണ്ട കാലാവസ്ഥ വേണം. വർഷത്തിൽ രണ്ട് സീസണുകളിൽ കൃഷിയിറക്കാം. മഴ തുടങ്ങുന്ന സമയത്ത് നിലം നന്നായി ഉഴുത് പൊടിപ്പരുവമാക്കണം. ഒരു ഏക്കറിൽ കൃഷി ചെയ്യാൻ രണ്ട് കിലോ വിത്ത് വേണം. അടിവളമായി ഏക്കറിന് രണ്ട് ടൺ കാലിവളമാണ് ചേർക്കേണ്ടത്. മണ്ണിൽ ഈർപ്പം നിലനിർത്തി വിത്ത് വിതയ്ക്കാം. മഴ ഇല്ലാത്ത സമയങ്ങളിൽ ആഴ്ചയിലൊരിക്കൽ നനയ്ക്കുകയും ചെയ്യാം. നാലുമാസത്തിനുള്ളിൽ റാഗി വിളവെടുക്കാൻ പാകമാകും. മൂപ്പെത്തുമ്പോൾ കതിരുകൾ തവിട്ടു നിറമാകുന്നതു കാണാം. സി ഒ1, സി ഒ2, സി ഒ8, കെ-2 എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് യോജിച്ച ഇനങ്ങളാണ്.
മണിച്ചോളം/ സോർഗം
ജോവർ, സോർഗം എന്നീ പേരുകളിൽ അറിയപ്പെടുന്ന മണിച്ചോളം ഭക്ഷ്യവിളയായും കാലിത്തീറ്റയായും പ്രസിദ്ധമാണ്. പോഷകങ്ങളുടെ കലവറയാണ് മണിച്ചോളം. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, അയൺ, സിങ്ക്, എന്നിവ വലിയ തോതിൽ അടങ്ങിയിട്ടുണ്ട്. മെയ് – ജൂൺ, ജനുവരി- ഫെബ്രുവരി മാസങ്ങളിൽ മണിച്ചോളം കൃഷി ചെയ്യാനാകും. നാലുമാസം കൊണ്ട് വിളവെടുക്കാൻ പാകമാകുന്ന മണിച്ചോളം ഒരു ഏക്കറിൽ കൃഷി ചെയ്യുന്നതിന് ആറ് കിലോ ഗ്രാം വിത്ത് വേണം. റാഗിയോട് സമാനമായ കൃഷിരീതിയാണ് മണിച്ചോളത്തിന്റേത്.
പനിവരക്
പ്രോസോ മില്ലറ്റ്, കോമൺ മില്ലറ്റ് എന്നീ പേരുകളിലറിയപ്പെടുന്ന പനിവരക്, പ്രധാനമായും അലങ്കാര പക്ഷികൾക്കുള്ള ധാന്യമായാണ് ഉപയോഗിക്കുന്നത്. വിരിപ്പ് സമയത്ത് മഴയെ മാത്രം ആശ്രയിച്ചോ വേനൽ സമയത്ത് ജലസേചനത്തോടൊപ്പമൊ കൃഷിചെയ്യാം. ഒരു ഏക്കറിന് അഞ്ച് കിലോ വിത്ത് ആണ് വേണ്ടത്. പ്രോട്ടീൻ, നാരുകൾ,സിങ്ക്, ഇരുമ്പ് എന്നിവ ധാരാളമുള്ള ധാന്യമാണ് പനിവരക്. ഗ്ലൂട്ടൻ മുക്തമായ ധാന്യം എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും. മൂന്നു മാസം കൊണ്ട് വിളവെടുക്കാം.
വരക്
കോടോ മില്ലറ്റ് എന്നറിയപ്പെടുന്ന വരക് ഏറ്റവും മൂപ്പ് കൂടിയ ചെറുധാന്യവിളയാണ്. ആറുമാസമാണ് വിളവെടുപ്പ് കാലം. പ്രോട്ടീൻ, വൈറ്റമിൻ ബി, നാരുകൾ, ഫോളിക് ആസിഡ്, കാൽസ്യം, മെഗ്നീഷ്യം സിംഗ് എന്നിവയാൽ സമ്പുഷ്ടമാണ് വരക്. കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവയ്ക്കെതിരെ ഫലപ്രദമാണ്.
തിന
ഫോക്സ്ടെയിൽ മില്ലറ്റ് എന്നറിയപ്പെടുന്ന അതിന് കുട്ടികളുടെയും ഗർഭിണികളുടെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. അലങ്കാര പക്ഷികളുടെ പ്രിയപ്പെട്ട ധാന്യമാണിത്. പോഷകസമ്പുഷ്ടമായ തിന ഷുഗർ, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതിനും സഹായിക്കുന്നു. വിരിപ്പ് കാലത്ത് കൃഷി ചെയ്യാനാകും. ഒരു ഏക്കറിന് നാല് കിലോ വിത്ത് വേണം. പരമാവധി മൂന്ന് മാസം കൊണ്ട് വിളവെടുക്കാം
കുതിരവാലി
ബാൺയാർഡ് മില്ലറ്റ് എന്ന് വിളിക്കുന്ന കുതിരവാലി ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ അളവ് കുറയ്ക്കുന്നതിന് നല്ലതാണ്. ദഹനത്തിനും ഹൃദയാരോഗ്യത്തിനും അത്യുത്തമം. ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ധാന്യത്തിനായും കാലിത്തീറ്റയായും കൃഷി ചെയ്യാം.
Discussion about this post