എന്താണ് പ്രത്യേകത?
ഷിഹ്‌സു ഒരു ടോയ് ബ്രീഡാണ്. ചൈനയാണ് ഇവയുടെ ജന്മദേശം. ചൈനീസ് ലയണ്‍ ഡോഗ് എന്നും ഷിഹ്‌സു അറിയപ്പെടുന്നു. 10 മുതല്‍ 16 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്. വീടിനകത്ത് വളര്‍ത്താന്‍ കഴിയുന്ന ഇനം. അധികം വലുപ്പം വെക്കില്ല. ഭംഗിയേറിയ രോമമാണ് ഇവയുടേത്. അത് തന്നയാണ് ഷിഹ്‌സുവിന്റെ പ്രധാന ആകര്‍ഷണവും. കൃത്യമായ പരിചരണം നല്‍കുകയാണെങ്കില്‍ രോമം ഒരുപാട് പൊഴിയില്ലെന്നതും ഇവയെ വീടിനകത്ത് വളര്‍ത്താന്‍ അനുയോജ്യമാക്കുന്നു.
വലിയൊരു വിപണി സാധ്യതയാണ് ഷിഹ്‌സുവിനുള്ളത്. കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും ആളുകളെ വീട്ടിലിരുത്തിയപ്പോഴാണ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഡിമാന്റ് കൂടിയത്. പട്ടി, പൂച്ച പോലുള്ള ഓമനമൃഗങ്ങളെ വളര്‍ത്തി പരിചയമില്ലാത്തവര്‍ പോലും ഇവയെ വാങ്ങുന്ന കാഴ്ചയാണ് പെറ്റ് ഷോപ്പുകളിലടക്കം കാണുന്നത്. അത്തരത്തിലുള്ളവര്‍ക്ക് അനുയോജ്യമായ ബ്രീഡാണ് ഷിഹ്‌സു വെന്നതും ഇവയുടെ ഡിമാന്റ് കൂട്ടി. ഡിമാന്റ് കൂടിയതോടെ ഷിഹ്‌സുവിന്റെ വിലയും കുത്തനെ കൂടി. 20,000ത്തിനും 30,000ത്തിനുമിടയില്‍ ലഭിച്ചിരുന്ന ഷിഹ്‌സുവിന് ഇപ്പോള്‍ 30,000 ത്തില്‍ തുടങ്ങി 50,000 വരെ കേരളത്തില്‍ വിലയുണ്ട്. ബംഗളൂരു, ചെന്നൈ പോലെ ഷിഹ്‌സു കുറഞ്ഞ വിലയില്‍ കിട്ടാനുള്ള സ്ഥലങ്ങളില്‍ നിന്നെത്തിക്കാനുള്ള ബുദ്ധിമുട്ടും കേരളത്തില്‍ ഷിഹ്‌സുവിന്റെ വില വര്‍ദ്ധനയ്ക്ക് കാരണമായി.
അധികം കുരയ്ക്കില്ലെന്നതും, ചെറുതായതിനാല്‍ സ്ഥലപരിമിതിയുള്ളവര്‍ക്കും വളര്‍ത്താമെന്നതും ഷിഹ്‌സുവിനോടുള്ള ആളുകളുടെ പ്രിയത്തിന് കാരണമാണ്. ട്രൈ കളറിലാണ് ഷിഹ്‌സു കൂടുതലായും കണ്ടുവരുന്നത്. കറുപ്പ്, വെള്ള, ലിവര്‍, ബ്രിന്‍ഡല്‍, ലിവര്‍ ആന്റ് വൈറ്റ്, ലൈറ്റ് ബ്രൗണ്‍, ഡാര്‍ക്ക് ബ്രൗണ്‍, ബ്ലാക്ക് ആന്റ് വൈറ്റ് , ഗോള്‍ഡ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലും ഷിഹ്‌സു ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൃത്യമായ പരിചരണം ഷിഹ്‌സുവിന് ആവശ്യമാണ്. അതില്‍ പ്രധാനം എല്ലാ ദിവസവും ബ്രഷ്് ചെയ്തു കൊടുക്കണമെന്നതാണ്. ഹെയറി ബ്രീഡായതുകൊണ്ട് തന്നെ രോമം കെട്ട് വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായി ബ്രഷ് ചെയ്യാതിരിക്കുമ്പോഴാണ് രോമം പൊഴിഞ്ഞുപോകാനുള്ള സാധ്യതയുള്ളത്. തണുപ്പ് ഏറെ ഇഷ്ടപ്പെടുന്ന ബ്രീഡാണ് ഇവ. അതുകൊണ്ട് തന്നെ വീടിന്റെയോ ഫ്‌ളാറ്റുകളെയോ അകത്തളങ്ങളില്‍ തണുത്ത നിലത്ത് കിടക്കാന്‍ ഇവ ഇഷ്ടപ്പെടും. തറ തുടയ്ക്കാന്‍ ഉപയോഗിക്കുന്ന വീര്യം കൂടി ലോഷനുകള്‍ പലപ്പോഴും ഷിഹ്‌സുവിന് അലര്‍ജിക്ക് കാരണമാകാറുണ്ട്.
ഷിഹ്‌സുവിന്റെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. 6 മാസം വരെയെങ്കിലും അവയ്ക്കുള്ള പാക്കറ്റ് ഫുഡുകള്‍ മാത്രം നല്‍കാന്‍ ശ്രദ്ധിക്കണം. ചോക്ലേറ്റും പാലും കൊടുക്കരുത്. സ്‌കിന്നിനും ഹെയറിനും ആവശ്യമായ സപ്ലിമെന്റ്‌സ് കൊടുക്കാന്‍ ശ്രദ്ധിക്കണം. ഷിഹ്‌സുവിനെ വാങ്ങുമ്പോള്‍ അവയ്ക്കുള്ള നല്ല ബ്രാന്റിന്റെ ഫുഡ്, ചീകി കൊടുക്കാനുള്ള കോമ്പ്, ഷാംപൂ, കണ്ടീഷണര്‍, ഡിയോ സ്പ്രേ എന്നിവ നിര്‍ബന്ധമായും വാങ്ങിക്കണം. കൃത്യമായി പരിപാലനം ഉറപ്പാക്കണം. ആഴ്ചയൊരിക്കല്‍ കുളിപ്പിക്കുന്നത് നല്ലതാണ്. ഒന്നര വയസൊക്കെ ആകുമ്പോഴും മേറ്റ് ചെയ്യിക്കാം.
Discussion about this post