ഇവിടെയൊരു ചിലങ്കയുടെ താളം കേള്‍ക്കുന്നുണ്ടോ? അതിശയിക്കാനില്ല. പ്രമുഖ കഥക് നര്‍ത്തകിയും ചിത്രകാരിയുമായ രൂപാ ജോസിന്റെ അടുക്കള ത്തോട്ടമാണിത്. എറണാകുളം തേവയ്ക്കലിലെഇവിടെ കാറ്റിന്റെ താളത്തില്‍ തലയാട്ടി ചീരയും, വെണ്ടയും, കോളിഫ്ളവറുമെല്ലാം നൃത്തം ചെയ്യുന്നു.
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ രാസമാലിന്യത്തെകുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോഴാണ് അടുക്കളത്തോട്ടമുണ്ടാക്കിയാലോ എന്ന് രൂപയും ചിന്തിച്ചത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറിയ രീതിയില്‍ തുടങ്ങിയ അടുക്കളത്തോട്ടത്തില്‍ ഇന്നില്ലാത്ത പച്ചക്കറികളില്ല. അതും വ്യത്യസ്തയിനങ്ങള്‍. ചെറിയ വിളവുകള്‍ വലിയ സന്തോഷങ്ങളായി മാറി. പിന്നീട് മഴമറയും തിരിനന സൗകര്യവും ഉപയോഗപ്പെടുത്തി. കൃഷി കൂടുതല്‍ വ്യാപിപ്പിച്ചു. ഇപ്പോള്‍ വീട്ടിലേക്കാവശ്യമുള്ളത് കഴിഞ്ഞുള്ള പച്ചക്കറികള്‍ സമീപത്തുള്ള കടകളില്‍ നല്‍കുന്നുണ്ട്.
എല്ലാത്തരം പച്ചക്കറികളും രൂപ പരീക്ഷിക്കാറുണ്ടിവിടെ. ചീരയാണ് ഇവിടത്തെ താരം.സുന്ദരി ചീര, പാലക്ക് ചീര, വള്ളിച്ചീര, മയില്‍പ്പീലി ചീര തുടങ്ങി പലതരം ചീരകളാണിവിടെയുള്ളത്. കൂടാതെ വെണ്ടയിലെ വ്യത്യസ്തങ്ങളായ കസ്തൂരി വെണ്ട, ചുവപ്പ് വെണ്ട, പുളിവെണ്ട തുടങ്ങിയവയും മാലാഖ, വെള്ള മുട്ട, പച്ച നീളന്‍ തുടങ്ങിയ വഴുതന വെറൈറ്റികളും രൂപയുടെ അടുക്കളത്തോട്ടത്തിലുണ്ട്.
പച്ചക്കറികള്‍ക്ക് പുറമെ മരുന്ന് സസ്യങ്ങളായ വിക്സ് തുളസി, മധുര തുളസി, രാമ തുളസി, കൃഷ്ണതുളസി, മുറികൂട്ടി , പനി കുറുക്ക, കുരുമുളക്, സര്‍വസുഗന്ധി, രംഭയില എന്നിവയും രൂപയുടെ കൃഷി സ്ഥലത്തുണ്ട്. കൂടാതെ ഗാര്‍ഡനിംഗുമുണ്ട്.
മക്കളായ റിയയ്ക്കും, റെയ്നയ്ക്കും കൃഷിയോട് വലിയ താല്‍പ്പര്യമാണെന്ന് രൂപ പറയുന്നു. ഭര്‍ത്താവ് ജിമ്മി ജോസും ഫുള്‍ സപ്പോര്‍ട്ടുമായി കൃഷിയില്‍ സഹായിക്കുന്നു. അക്കാദമിക് കോര്‍ഡിനേറ്ററായി ജോലി ചെയ്തിരുന്ന രൂപ ഇപ്പോള്‍ വര്‍ണം സ്‌കൂള്‍ ഓഫ് ഡ്രോയിംഗ് ആന്റ് ആര്‍ട്സ് എന്ന പേരില്‍ ചിത്രകലയില്‍ പരിശീലനവും നല്‍കിവരുന്നു.
Discussion about this post