സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിര്‍മ്മിക്കാന്‍ രാമച്ച തൈലം ഉപയോഗിക്കാറുണ്ട്. വേരില്‍ നിന്നുമെടുക്കുന്ന വാസനത്തൈലത്തിന് വേണ്ടിയാണ് പ്രധാനമായും രാമച്ചം (വെറ്റിവേറിയ സൈസനോയിഡ്‌സ്) കൃഷി ചെയ്യുന്നത്. ഔഷധഗുണത്തിലും മുന്നിലാണ് രാമച്ച തൈലം.ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, തലവേദന, ഛര്‍ദ്ദി തുടങ്ങിയവയ്ക്ക് രാമച്ചം ചേര്‍ന്ന ഔഷധങ്ങള്‍ ഉപയോഗിക്കാറുണ്ട്.
ഒരു ദീര്‍ഘകാല വിളയാണ് രാമച്ചം. ഒന്നു മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ രാമച്ചം വിളവെടുക്കാവുന്നതാണ്. രാമച്ചത്തിന്റെ അതിശക്തമായ വേരുപടലത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് കേരളത്തില്‍ അതിപ്രാചീന കാലം മുതലേ മണ്ണൊലിപ്പ് തടയുന്നതിന് മണ്‍കയ്യാലകളില്‍ ഈ ചെടി വെച്ചുപിടിപ്പിച്ചിരുന്നു. കന്നുകാലികള്‍ക്ക് പഥ്യമല്ലാത്തത് കൊണ്ടും വേനലില്‍ ഉണങ്ങാതിരിക്കുന്നത് കൊണ്ടും കാര്യമായ പരിചരണങ്ങളൊന്നും കൂടാതെ തന്നെ വളരുന്നതുകൊണ്ടും പരിസ്ഥിതി സന്തുലിനാവസ്ഥ നിലനിര്‍ത്തുന്നതിന് രാമച്ചം ഉപയോഗിക്കുന്നു. കായല്‍ തീരങ്ങളിലും ജലസേചന ചാലുകളുടെ ഓരങ്ങളിലും തിരയുടെയും ഒലിച്ചുവരുന്ന വെള്ളത്തിന്റെയും ആഘാതങ്ങളില്‍ നിന്ന് മണ്ണൊലിപ്പ് തടഞ്ഞ് തീരത്തെ സംരക്ഷിക്കുന്നതിന് രാമച്ചം ഉത്തമമാണ്.
രാമച്ചം രണ്ട് ഇനങ്ങളില്‍ ലഭ്യമാണ്. ഉത്തരേന്ത്യന്‍, ദക്ഷിണേന്ത്യന്‍ എന്നീ രണ്ട് ഇനങ്ങളാണുള്ളത്. ദക്ഷിണേന്ത്യന്‍ ഇനങ്ങള്‍ക്ക് വേരും തൈലവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാനാകും. എന്നാല്‍ തൈലത്തിന്റെ കാര്യത്തില്‍ ഗുണനിലവാരം കൂടുതല്‍ ഉത്തരേന്ത്യന്‍ ഇനത്തിനാണ്. ഹെക്ടറൊന്നിന് 5 ടണ്‍ വരെ വേരും അത് വാറ്റിയെടുക്കുമ്പോള്‍ 30 കിലോഗ്രാം തൈലവും ലഭിക്കുന്നു. ഒ.ഡി.വി.-3 എന്ന ദക്ഷിണേന്ത്യന്‍ ഇനം കേരളത്തില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു.
കൃഷിരീതി
കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ രാമച്ച കൃഷി ആരംഭിക്കാവുന്നതാണ്. മണ്ണ് പരുവപ്പെടുത്തിയ ശേഷം കൂനകൂട്ടിയോ തടങ്ങള്‍ എടുത്തോ നടാം. മുന്‍കൊല്ലം വിളവെടുത്ത ചെടികളിലെ വേര് നീക്കം ചെയ്ത ശേഷം കുറ്റികള്‍ മണ്ണില്‍ പുതച്ചുവയ്ക്കുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ചിനപ്പുകള്‍ ആണ് നടുവാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. അടിവളമായി ഹെക്ടറൊന്നിന് 5 ടണ്‍ കാലിവളവും ചേര്‍ത്തശേഷം 60X45 സെന്റിമീറ്റര്‍ അകലത്തില്‍ ചിനപ്പുകള്‍ നടാവുന്നതാണ്. നട്ടു മൂന്ന് മാസം കഴിയുമ്പോള്‍ ഇട ഇളക്കി ചെടിയുടെ ചുവട്ടില്‍ മണ്ണ് കയറ്റണം. കൂടാതെ തറനിരപ്പില്‍ നിന്നും 30 സെന്റിമീറ്റര്‍ ഉയരത്തില്‍ രണ്ടോ മൂന്നോ പ്രാവശ്യം തലമുറിച്ചുവിടുന്നത് കൂടുതല്‍ കരുത്തോട് കൂടി വളരുന്നതിന് അധികം ചിനപ്പുകള്‍ ഉണ്ടാകുന്നതിനും സഹായകരമാണ്. ഒന്നരവര്‍ഷം കഴിഞ്ഞ ശേഷം വേരുകള്‍ കഴുകി വൃത്തിയാക്കി വിപണനം നടത്തുകയോ 5 സെന്റിമീറ്റര്‍ നീളത്തില്‍ മുറിച്ചുമാറ്റി തൈലമെടുക്കുകയോ ചെയ്യാവുന്നതാണ്.
Discussion about this post