ദീർഘകാല വിളയാണ് രാമച്ചം. വേര് ആണ് വാണിജ്യപ്രാധാന്യമുള്ള ഭാഗം. വേരു വാറ്റി സുഗന്ധവാഹിയായ രാമച്ച തൈലം ഉണ്ടാക്കുന്നു. കൂടാതെ മറകൾ, പായ്കൾ, തടുക്കുകൾ, വിശറികൾ, കാർ സീറ്റുകൾ, ദേഹത്തെ അഴുക്കു മാറ്റാൻ പോന്ന ബ്രഷുകൾ എന്നിവയെല്ലാം രാമച്ചംകൊണ്ടു തയാറാക്കിവരുന്നു. ചരിവുപ്രദേശങ്ങളിൽ മണ്ണൊലിപ്പു തടയുന്നതിനും രാമച്ചക്കൃഷി ഉപകരിക്കും.
മണൽകലർന്ന വളക്കൂറുള്ള മണ്ണിലാണ് രാമച്ചം വളരുക. നല്ല മഴയും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലങ്ങൾ കൂടുതൽ നന്ന്. ഇത് ഏകദേശം രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. വേരിന് ഉദ്ദേശം 30 സെ.മീ നീളമുണ്ടാകും.

രാമച്ചം പ്രധാനമായും രണ്ടിനങ്ങളുണ്ട്. തെക്കേ ഇന്ത്യനും വടക്കേ ഇന്ത്യനും. തെക്കേ ഇന്ത്യനാണ് നല്ല നിലവാരമുള്ള തൈലത്തിന് ഉത്തമം. ഒരു ഹെക്ടർ സ്ഥലത്തുനിന്ന് അഞ്ചു ടൺ വരെ വേര് ലഭിക്കുന്നു. ഇതിൽനിന്നു ശരാശരി 25 കി.ഗ്രാം വരെ തൈലവും ലഭിക്കുന്നു.
മണ്ണ് നല്ലതുപോലെ താഴ്ത്തിക്കിളച്ച് ഹെക്ടറിനു 15 ടൺ കാലിവളമോ കമ്പോസ്റ്റോ ചേർത്ത് വാരം കോരി 45X30 സെ.മീറ്റർ അകലത്തിൽ ഒന്നോ രണ്ടോ ചിനപ്പുകൾ വീതം കാലവർഷാരംഭത്തോടെ നട്ടു കൃഷിയിറക്കാം.
ഇടവപ്പാതിക്കു നട്ട് തുലാവർഷം തുടങ്ങുന്നതോടെ ഒറ്റത്തവണയായി ഹെക്ടറിന് യൂറിയ 50 കി.ഗ്രാം, രാജ്ഫോസ് 110 കി.ഗ്രാം, പൊട്ടാഷുവളം 35 കി.ഗ്രാം എന്നിവ ചേർക്കണം.
നട്ട് ഒന്നരവർഷം ആയാൽ വിളവെടുക്കാം. ഇതിനു പറ്റിയത് ഒക്ടോബർ–നവംബർ മാസങ്ങൾ. മണ്ണിനു മേലുള്ള ഭാഗം ആദ്യം ചെത്തിനീക്കണം. പിന്നീടു വേരോടുകൂടി ചുവടുകിളച്ച് എടുക്കണം. ഇതു കഴുകി മണ്ണുമാറ്റി വെടിപ്പാക്കി സൂക്ഷിക്കാം
Ramacham cultivation method















Discussion about this post