പച്ചക്കറി കൃഷി വിജയകരമാക്കാന്‍ വൈറസ് ബാധ ഏല്‍ക്കാത്ത ആരോഗ്യമുള്ള തൈകള്‍ പറിച്ചു നടുന്നതാണ് നല്ലത്. സീസണ്‍ അല്ലാത്ത സമയത്ത് പോലും പച്ചക്കറി കൃഷി വിജയകരമായി ചെയ്യാന്‍ ഈ രീതി ഉപകരിക്കും. തൈകള്‍ ഉപയോഗിക്കുന്നത് വഴി കുറഞ്ഞ കാലയളവില്‍ വിളവെടുക്കാനും സാധിക്കും.
മഴമറയിലും ടെറസിനുമുകളിലും പ്രോട്രേകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള തൈകള്‍ ഉല്‍പാദിപ്പിക്കാം. ഒന്നു മുതല്‍ ഒന്നര ഇഞ്ച് വരെ വ്യാസമുള്ള കുഴികള്‍ ഉള്ള പ്രോട്രേകള്‍ വിത്ത് നടനായി ഉപയോഗിക്കാവുന്നതാണ്. തക്കാളി, മുളക്, വഴുതന, കാബേജ് എന്നീ ചെറിയ വിത്തുകള്‍ ഒരു ഇഞ്ച് വ്യാസമുള്ള പ്രോട്രേകളില്‍ നടാം. എന്നാല്‍ വെള്ളരിയും പയറു വര്‍ഗ വിളകളുമെല്ലാം ഒന്നര ഇഞ്ച് വ്യാസമുള്ള പ്രോട്രേകളിലാണ് വിതയ്‌ക്കേണ്ടത്.
നടീല്‍ മിശ്രിതം
കോകോപീറ്റ് അഥവാ ചകിരിച്ചോറ് കമ്പോസ്റ്റ്, വെര്‍മികുലേറ്റ്, പെര്‍ലൈറ്റ് എന്നിവയാണ് പ്രോട്രേകള്‍ നിറയ്ക്കാനായി ഉപയോഗിക്കേണ്ടത്. മൂന്നു ഭാഗം കോകോപീറ്റിന് ഒരു ഭാഗം പെര്‍ലൈറ്റും ഒരു ഭാഗം വെര്‍മികുലേറ്റുമാണ് കലര്‍ത്തേണ്ടത്.
ചകിരിചോറ് കമ്പോസ്റ്റിന് ധാരാളം ജലാംശം ഉള്‍ക്കൊള്ളാന്‍ കഴിവുണ്ട്. അതേസമയം വേരിന് നല്ല വായുസഞ്ചാരം ഉറപ്പുവരുത്താനും സഹായിക്കും. ഒപ്പം ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. വേരുകള്‍ക്ക് ബലമുണ്ടാക്കാനും മണ്ണിന് വായുസഞ്ചാരം കൂട്ടാനും ഉത്തമമാണ് പെര്‍ലൈറ്റ്. പൊട്ടാസ്യവും മഗ്‌നീഷ്യവും അടങ്ങിയിട്ടുള്ള വെര്‍മി കുലൈറ്റിനും ജലാംശം ശേഖരിക്കാന്‍ കഴിവുണ്ട്. 2, 4 എന്നീ ഗ്രേഡുകളില്‍ ഉള്ള വെര്‍മികുലൈറ്റാണ് പ്രോട്രേകള്‍ നിറയ്ക്കാനായി ഉപയോഗിക്കേണ്ടത്.
നടേണ്ടത് എങ്ങനെ?
പ്രോ ട്രേകളില്‍ നടീല്‍ മിശ്രിതം നിറച്ചശേഷം അല്പം നനയ്ക്കണം. പ്രോട്രേകളുടെ ഓരോ കുഴിയിലും അര സെന്റീമീറ്റര്‍ താഴ്ചയിലാണ് വിത്തിടേണ്ടത്. ഓരോ കുഴിയിലും ഒരു വിത്ത് മാത്രമേ ഇടാന്‍ പാടുള്ളൂ. വിത്തിട്ട ശേഷം എല്ലാ ദിവസവും റോസ്‌ക്യാന്‍ കൊണ്ട് മിതമായി ജലസേചനം നടത്തണം.
വളപ്രയോഗം
19:19:19 അല്ലെങ്കില്‍ 18:18:18 എന്ന മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയില്‍ ഒരു ദിവസം തളിച്ചുകൊടുക്കണം. സ്യൂഡോമോണാസ് ഫ്‌ളൂറസന്‍സ് മൂന്നു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുന്നത് തൈകള്‍ ചീയുന്നതും മഞ്ഞളിക്കുന്നതും ഒഴിവാക്കാന്‍ സഹായിക്കും.25 ദിവസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും.
Discussion about this post