ഏത് ചതുപ്പിലും വളരുന്ന സസ്യമാണ് കാട്ടുതിപ്പലി. എന്നാല്‍ കുറ്റിക്കുരുമുളകിന് അധികമായി വെള്ളമുള്ളിടത്ത് വളരാന്‍ സാധിക്കില്ല. അത് ചീഞ്ഞ് പോകും. കാട്ടുതിപ്പലിയില്‍ കുറ്റിക്കുരുമുളക് ഗ്രാഫ്റ്റ് ചെയ്താല്‍ ഏത് വെള്ളക്കെട്ടുള്ളിടത്തും നടാവുന്നതാണ്. നല്ലപോലെ വളരും.
കാട്ടുതിപ്പലിയില്‍ എങ്ങനെ കുറ്റിക്കുരുമുളക് കൃഷി ചെയ്യാമെന്ന് നോക്കാം.
അതിനായി നല്ല ആരോഗ്യമുള്ളൊരു കുറ്റിക്കുരുമുളക് കമ്പ് തെരഞ്ഞെടുക്കാം. തീരെ തളിര്‍ത്ത കമ്പ് തെരഞ്ഞെടുക്കരുത്. തളിര്‍പ്പൊക്കെ മാറിയിട്ടുള്ള കമ്പ് വേണം തെരഞ്ഞെടുക്കാന്‍. കമ്പ് മുറിച്ചെടുക്കുമ്പോള്‍ മൂന്ന് മുട്ടെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തണം. കമ്പ് മുറിച്ചെടുത്ത ശേഷം ഇല മുറിച്ചുമാറ്റണം. ഞെട്ട് നിര്‍ത്തിയിട്ട് വേണം ഇല മുറിച്ചു കളയാന്‍.
കാട്ടുതിപ്പലിയുടെ തൈയില്‍ വട്ടത്തില്‍ കട്ട് ചെയ്യുക. ഇതില്‍ ഒരു പിളര്‍പ്പുണ്ടാക്കുക. പിളര്‍പ്പിനനുസരിച്ച് കുരുമുളകിന്റെ തണ്ട് വി ഷേപ്പില്‍ കട്ട് ചെയ്‌തെടുക്കുക. തുടര്‍ന്ന് കട്ട് ചെയ്‌തെടുത്ത ഭാഗം കാട്ടുതിപ്പലിയുടെ തൈയില്‍ പിളര്‍പ്പുണ്ടാക്കിയിട്ടുള്ള ഭാഗത്തേക്ക് ഇറക്കിവെക്കുക. തൊലിഭാഗത്തോട് ചേര്‍ത്തുവെക്കാന്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്ക് കൊണ്ട് ഇത് ചുറ്റിക്കൊടുക്കുക. ഗ്രാഫ്റ്റ് ചെയ്ത ശേഷം ചെടി നനച്ചുകൊടുക്കണം.തുടര്‍ന്ന് കവര്‍ ചെയ്ത് വെക്കണം. സ്യൂഡോമോണോസൈഡ് വെള്ളത്തില്‍ മുക്കിയ കവര്‍ ഉപയോഗിക്കാം. ഇത് തണലുള്ള സ്ഥലത്തേക്ക് മാറ്റിവെക്കാം. രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗ്രാഫ്റ്റ് പിടിച്ചുതുടങ്ങും. കൂമ്പ് വന്ന് തുടങ്ങുന്നത് കാണാം. അപ്പോള്‍ കവര്‍ മാറ്റാം.
Discussion about this post