വീട്ടിൽ ഇരിക്കുന്ന സമയം കൃഷിക്ക് വേണ്ടി ഉപയോഗിക്കാൻ പ്രോത്സാഹനം നൽകി അഗ്രി ടിവി തുടങ്ങിയ വീട്ടിലിരിക്കാം, വിളയൊരുക്കാം എന്ന ക്യാമ്പയിനിന്റെ ഭാഗമായി പയർ കൃഷി എങ്ങനെ ചെയ്യാം എന്ന് വിശദമായി നോക്കാം. എല്ലാവർക്കും എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കുന്ന വിളയാണ് പയർ.
എവിടെ വേണമെങ്കിലും വളർത്താൻ പറ്റുന്ന ഒന്നാണ് പയർ. വള്ളിപ്പയർ, കുറ്റിപ്പയർ എന്നിങ്ങനെ രണ്ടിനങ്ങളുണ്ടെങ്കിലും കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത് വള്ളിപ്പയറാണ്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും ഈ പയർ തന്നെയാണ്.
പ്രോട്ടീന്റെ കലവറയാണ് പയർവർഗ വിളകൾ. ശാരിക, മാലിക, ലോല, വൈജയന്തി, വെള്ളായണി ജ്യോതിക, വെള്ളായണി ഗീതിക, കുരുത്തോല പയർ, മഞ്ചേരി ലോക്കൽ, കഞ്ഞിക്കുഴി പയർ എന്നിങ്ങനെ നീളുന്നു പയറിലെ വമ്പരുടെ നിര.
കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഏതു സമയത്തും കൃഷി ചെയ്യാൻ പറ്റിയ ഒന്ന് കൂടിയാണ് പയർ. ഒരു സെൻറിന് 20 ഗ്രാം വിത്ത് എന്ന രീതിയിൽ വേണമെന്ന് മാത്രം.
ഇനങ്ങൾ
കുറ്റിപയറിനമായ ഭാഗ്യലക്ഷ്മി ഇളം പച്ച നിറമുള്ള ഇടത്തരം നീളമുള്ള കായ്കളാണ് നൽകുന്നത്. പെട്ടെന്ന് മൂപ്പെത്തും എന്നതാണ് ഇവയുടെ പ്രത്യേകത. 48ആം ദിവസം വിളവെടുക്കാം. തെക്കൻ കേരളത്തിലെ കൃഷിക്ക് യോജിച്ച ഇനമാണ് വെള്ളായണി ജ്യോതിക. പടരുന്ന ഇനമാണിത്. 57 സെന്റീമീറ്റർ വരെ നീളമുള്ള ഇളം പച്ച നിറമുള്ള കായകളാണ്. ചുവന്ന നിറമുള്ള നീണ്ട കായ്കൾ ഉള്ള ഇനമാണ് വൈജയന്തി. ലോല, ഗീതിക എന്നിവയും നീളമുള്ള കായ്കൾ ഉള്ള ഇനമാണ്. ചെറുതായി പടരുന്ന തടപ്പയർ ഇനങ്ങളാണ് അനശ്വരയും വരുണും. വരുൺ പിങ്ക് നിറത്തിലുള്ള കായ്കൾ നൽകുന്ന ഇനമാണ്.
നടീൽ രീതി
നിലം നന്നായി ഉഴുത ശേഷം ചാലുകൾ എടുത്ത് കുറ്റിപയർ വിതയ്ക്കാം. ചാലുകൾ തമ്മിൽ 30 സെന്റീമീറ്റർ അകലവും വിത്തുകൾ തമ്മിൽ 15 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം. ചെറുതായി പടരുന്ന ഇനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് 50 സെന്റീമീറ്ററെങ്കിലും ഇടയകലം നൽകണം. നന്നായി പടരുന്ന വള്ളിപ്പയർ പാകുമ്പോൾ കുഴികൾ തമ്മിലും വരികൾ തമ്മിലും രണ്ട് മീറ്റർ ഇടയകലം ഉണ്ടായിരിക്കാന് ശ്രദ്ധിക്കണം.
വിത്ത് പരിചരണം
പയർ വിത്തുകൾ പാകുന്നതിനുമുൻപ് റൈസോബിയം പരിചരണം നൽകുന്നത് വളരെ നല്ലതാണ്. ഒരു ഏക്കർ സ്ഥലത്തിന് 100 മുതൽ 150 ഗ്രാം കൾച്ചർ ആവശ്യമായിവരും. പാക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള പയറിനങ്ങൾക്ക് മാത്രം ഉപയോഗിക്കുക. റൈസോബിയം കൾച്ചർ നേരിട്ട് സൂര്യപ്രകാശം ഏൽക്കാൻ അനുവദിക്കരുത്. റൈസോബിയം കഞ്ഞി വെള്ളത്തിൽ കുഴച്ചു പയർവിത്തുമായി കലർത്തുക. ഇങ്ങനെ പരിചരിച്ച വിത്തുകൾ വൃത്തിയുള്ള പേപ്പറിലോ ചണച്ചാക്കിലോ തണലത്തു വച്ച് ഉണക്കിയശേഷം അപ്പോൾ തന്നെ നടാനായി ഉപയോഗിക്കണം.
വളപ്രയോഗം
അമ്ലത കൂടുതലുള്ള മണ്ണിൽ ഒരു സെന്റിന് രണ്ട് കിലോഗ്രാം കുമ്മായം എന്ന തോതിൽ ചേർക്കണം. കുമ്മായം ചേർത്ത് ഒരാഴ്ചയ്ക്ക് ശേഷം ഒരു സെന്റിന് 60 കിലോഗ്രാം എന്ന തോതിൽ ജൈവവളം ചേർക്കാം. കൂടാതെ ഒരു ഭാഗം ഉണങ്ങിയ ചാണകപ്പൊടി, ഒരു ഭാഗം എല്ലുപൊടി, അരഭാഗം കടലപ്പിണ്ണാക്ക്, അരഭാഗം പിണ്ണാക്ക്, ഒരു ഭാഗം ചാരം, എന്നിവ കൂട്ടിക്കലർത്തി ഓരോ ചുവട്ടിലും രണ്ടു ചിരട്ട വീതം രണ്ടാഴ്ച കൂടുമ്പോൾ മണ്ണിൽ ചേർത്തു കൊടുക്കാം. മത്തി ശർക്കര മിശ്രിതം പോലുള്ള വളർച്ചാ ത്വരകങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്. ഇവ ഓരോ ആഴ്ച ഇടവിട്ട് ഇലകളിൽ തളിച്ചു കൊടുക്കാം.
പൂക്കുന്ന സമയത്തും ഓരോ വിളവെടുപ്പ് കഴിയുമ്പോഴും ചുവട്ടിൽ മണ്ണ് കയറ്റി കൊടുക്കുന്നത് നല്ലതാണ്. മൂപ്പ് കുറഞ്ഞ ഇനങ്ങൾ 45 ദിവസം കൊണ്ട് വിളവെടുക്കാം. അധിക ശിഖരങ്ങൾ നുള്ളിക്കളയുന്നത് വേഗത്തിൽ പുഷ്പിക്കാനും കായ്ഫലം നൽകാനും സഹായിക്കും. പടരുന്ന ഇനങ്ങൾക്ക് വള്ളി വീശി തുടങ്ങുമ്പോൾ തന്നെ പന്തലുകൾ സജ്ജീകരിക്കാം. ജലസേചനം അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കൂടുതലായാൽ ചെടി പടർന്നു പന്തലിക്കുകയും കുറച്ചു മാത്രം പുഷ്പിക്കുകയും ചെയ്യും.
രോഗ നിയന്ത്രണം
കടചീയൽ പയറിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ്. മണ്ണിനോട് ചേർന്ന് കട ഭാഗത്ത് നനഞ്ഞ ചുവപ്പു നിറത്തിലുള്ള പുള്ളികൾ ഉണ്ടാവുകയും അവ ക്രമേണ വലുതായി കടഭാഗം മൊത്തമായി ചീഞ്ഞു ഉണങ്ങുകയും ചെടികൾ കൂട്ടത്തോടെ കരിഞ്ഞുണങ്ങി നശിക്കുകയും ചെയ്യുന്നു. കട ഭാഗത്ത് കുമിളിന്റെ വളർച്ച വെള്ളനിറത്തിലുള്ള നാരുകളായി കാണാം. രോഗം നിയന്ത്രിക്കാനായി രോഗബാധ ഉണ്ടായ ചെടികൾ വേരോടെ പിഴുതുമാറ്റി തീയിട്ടു നശിപ്പിച്ച ശേഷം ബോഡോമിശ്രിതം മണ്ണിൽ ഒഴിച്ച് അണുനശീകരണം നടത്തണം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കുന്നത് നല്ലതാണ്. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുകയുമാവാം.
ഇലകളിലും ഇലത്തണ്ടിലും കായകളിലുമെല്ലാം തവിട്ടുനിറത്തിലുള്ള പാടുകൾ കാണുകയും പിന്നീട് അവ വലുതായി ഇലകൾ കരിഞ്ഞു പോകുകയും ചെയ്യുന്നത് കാണാറില്ലേ? ഇതാണ് കരിമ്പിൻ കേട് അഥവാ അന്ത്രാക്നോസ് രോഗം. ചിലയിടങ്ങളിൽ ഇലപ്പുള്ളി രോഗവും ധാരാളമായി കാണാറുണ്ട്. കടചീയലിനുപയോഗിച്ച നിയന്ത്രണ മാർഗങ്ങൾ തന്നെ ഇപ്പറഞ്ഞ രോഗങ്ങളുടെയും നിയന്ത്രണത്തിനായി ഉപയോഗിക്കാം.
കീടനിയന്ത്രണം
ചിത്രകീടത്തിന്റെയും പയർ പേനിന്റെയും ആക്രമണം തടയാനായി വേപ്പധിഷ്ഠിത കീടനാശിനികൾ ഉപയോഗിക്കാം. പയറിനെ ബാധിക്കുന്ന ചാഴികൾക്ക് രൂക്ഷഗന്ധം സഹിക്കാൻ കഴിയില്ല എന്നതിനാൽ ഇലകളിൽ മത്തി ശർക്കര മിശ്രിതം തളിക്കുന്നത് നല്ലതാണ്. കായ്തുരപ്പൻ പുഴുക്കളെ നിയന്ത്രിക്കാനായി ജൈവകീടനാശിനിയായ ഗോമൂത്രം- പാൽക്കായം -കാന്താരിമുളക് മിശ്രിതം തളിക്കാം.
.
Discussion about this post