പയർ ചെടികളിൽ സാധാരണയായി കാണപ്പെടുന്ന ഒരു കുമിൾ രോഗമാണ് കരുവള്ളി അല്ലെങ്കിൽ ആന്ത്രാക്നോസ്. ചെടിയുടെ ഇലയിലും തണ്ടിലും കായകളിലും ബ്രൗൺ നിറം കലർന്ന കറുത്തപാടുകൾ കാണുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. ഈ രോഗം കായകളിലേക്ക് പടരുകയും അവ മുരടിച്ചു പോകുകയും ചെയ്യുന്നത് കാണാം. കൃഷി ആരംഭിക്കുമ്പോൾ തന്നെ വേണ്ട നിയന്ത്രണ മാർഗങ്ങൾ സ്വീകരിച്ചാൽ കരുവള്ളി രോഗം ഒരു പരിധിവരെ ജൈവരീതിയിൽ നിയന്ത്രിക്കാനാകും.
നിയന്ത്രണ മാർഗങ്ങൾ
രോഗത്തിന്റെ നിയന്ത്രണത്തിനായി സ്യൂഡോമോണാസ് പല രീതിയിൽ ഉപയോഗിക്കാം. വിത്ത് പരിചരണത്തിനായി സ്യൂഡോമോണസ് 10 ഗ്രാം ഒരു കിലോ വിത്തിന് എന്നതോതിൽ ഉപയോഗിക്കാം. തൈകൾ പറിച്ചു നടുകയാണെങ്കിൽ 250 ഗ്രാം സ്യൂഡോമോണാസ് 750 മില്ലി ലിറ്റർ വെള്ളത്തിൽ കലക്കി അതിലേക്ക് 20മിനിറ്റ് തൈകൾ മുക്കിവച്ചശേഷം നടുന്നതാണ് നല്ലത്. രണ്ടിലപ്പരുവമെത്തുന്നത് മുതൽ രണ്ടാഴ്ചയിലൊരിക്കൽ 20 ഗ്രാം സ്യൂഡോമൊണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചെടിയുടെ ചുവട്ടിൽ ഒഴിക്കുകയും ഇലകളിലും തണ്ടുകളിലും തളിച്ചു കൊടുക്കുകയും ചെയ്യാം.
തൈകൾ നടുന്നതിന് മുൻപായി കോപ്പർ ഓക്സിക്ലോറൈഡ് 4 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടങ്ങൾ നനച്ചു കൊടുക്കാം.
ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ഉപയോഗിക്കുന്നതും രോഗത്തെ ചെറുക്കാൻ സഹായിക്കും.
Discussion about this post