കാലഘട്ടത്തിന്റെ മാറ്റത്തിനുസരിച്ച് പരമ്പരാഗത കാർഷികവിളകൾക്കു പുറമേ കേരളത്തിൽ അത്രകണ്ട് പരിചയമില്ലാത്ത നൂതന വിളകളായ ക്യാരറ്റ്, ബീറ്റ്റൂട്ട്, അമരപ്പയർ , റാഡിഷ്, ബീൻസ് തുടങ്ങിയവ വ്യവസായിക അടിസ്ഥാനത്തിൽ സംഘകൃഷി ഗ്രൂപ്പുകൾ മുഖേന കൃഷിചെയ്യുന്നതിനു പത്തനംതിട്ട ജില്ലാകുടുംബശ്രീ മിഷൻ തുടക്കംകുറിച്ചു.
ഇലന്തൂർ പഞ്ചായത്തിലെ നന്മ &കൃപ സംഘകൃഷി ഗ്രൂപ്പുകളുടെ കൃഷിയിടത്തിൽ ക്യാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ്, ബീൻസ് എന്നിവയുടെ വിത്തുകൾ പാകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഏറ്റവും നല്ല രീതിയിൽ കൃഷിചെയ്തുവരുന്നതും 2018-19 വർഷങ്ങളിൽ പ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും മുഖേന കൃഷി നഷ്ടപ്പെട്ടുപോയതുമായ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് സർക്കാർ കുടുംബശ്രീ ജില്ലാമിഷൻ മുഖേന നൽകിയ 20000 രൂപയുടെ ധനസഹായം ലഭിച്ച ഗ്രൂപ്പുകളിലൂടെയാണു നൂതന വിളകളുടെ കൃഷി നടപ്പിലാക്കുന്നത്.
കാർഷികമേഖലയിലെ പ്രളയ ധനസഹായമായി 1,58,80,000 രൂപയാണു സംസ്ഥാന സർക്കാർ കുടുംബശ്രീ ജില്ലാമിഷൻ മുഖേന ജില്ലയിലെ വിവിധ സംഘകൃഷി ഗ്രൂപ്പുകൾക്ക് നൽകിയത്. നൂതന കൃഷിചെയ്യുന്നതിനു വേണ്ടിയുള്ള പരിശീലനങ്ങളും കുടുംബശ്രീ ജില്ലാമിഷൻ മുഖേന സംഘകൃഷി ഗ്രൂപ്പുകൾക്ക് നൽകിയിരുന്നു.
കാർഷിക സംസ്‌ക്കാരത്തിന്റെ മുഖമുദ്രയായ കൃഷിയിലൂടെ ഓരോ കുടുംബത്തിന്റേയും ജീവനോപാധി വർധിപ്പിക്കുന്നതിനും സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളിലൂടെ ലക്ഷ്യമിടുന്നു. പത്തനംതിട്ട ജില്ലയിൽ നിലവിൽ 3746 സംഘകൃഷി ഗ്രൂപ്പുകളിലായി 12748 അംഗങ്ങൾ കാർഷികവൃത്തിയിലേർപ്പെടുന്നുണ്ട്.
Discussion about this post