നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന പഴമാണ് പാഷൻഫ്രൂട്ട്. ഇവയെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി എങ്ങനെ മാറ്റാം എന്ന് നോക്കാം.
പാഷൻ ഫ്രൂട്ട് ഹൽവ
ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒന്നര കപ്പ് പാഷൻ ഫ്രൂട്ട് ജ്യൂസ് തിളപ്പിക്കുക. ഇനി വേണ്ടത് പഞ്ചസാരയും നെയ്യുമാണ്. കാൽ കപ്പ് പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ നെയ്യുമെടുക്കാം. ഇവ അല്പാല്പമായി ജ്യൂസിലേക്ക് ചേർത്ത് ഇളക്കി കൊടുക്കാം. അരക്കപ്പ് പാലും അരക്കപ്പ് പാൽപ്പേട പൊടിച്ചതും വേണം. പഞ്ചസാരയും നെയ്യും ചേർത്ത ശേഷം പാലും പാൽപേടയും ചേർക്കാം. വറ്റി തുടങ്ങുമ്പോൾ തീ കുറച്ച് 10 മിനിറ്റ് വേവിക്കാം. അതിനുശേഷം തീയിൽ നിന്നും മാറ്റി ഏലയ്ക്കാപൊടിയും ചേർത്ത് മുകളിൽ ബദാം കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.
പാഷൻ ഫ്രൂട്ട് സ്ക്വാഷ്
ഒരു കപ്പ് പാഷൻഫ്രൂട്ട് പൾപ്പ് മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ഇത് അരിച്ചെടുത്ത് ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ രണ്ട് കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും ചേർത്ത് തിളപ്പിക്കാം. ഒട്ടുന്ന പരുവം ആകുമ്പോൾ തീ കുറച്ച ശേഷം ഒരു ടേബിൾസ്പൂൺ സിട്രിക് ആസിഡ് ചേർത്ത് വാങ്ങാം. ഒരുപാട് ദിവസം കേട് കൂടാതെ സൂക്ഷിക്കുന്നതിനായി അര ടേബിൾസ്പൂൺ പൊട്ടാസ്യം മെറ്റാബൈസൾഫേറ്റ് ചേർക്കണം. ശേഷം നന്നായി ഇളക്കി കുപ്പിയിലാക്കി സൂക്ഷിക്കാം.
പാഷൻ ഫ്രൂട്ട് ജാം
250 ഗ്രാം പാഷൻഫ്രൂട്ട് പൾപ്പ് രണ്ടര കപ്പ് വെള്ളം ചേർത്ത് ചെറുതീയിൽ വേവിക്കാം. തുടർച്ചയായി ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. തിള വരുമ്പോൾ അതിലേക്ക് 250 ഗ്രാം പഞ്ചസാര ചേർക്കാം. ഒപ്പം അര ടീസ്പൂൺ പെക്ടിൻ പൗഡറും ചേർക്കണം. അതിനു ശേഷം അര ടീസ്പൂൺ സിട്രിക് ആസിഡ് ചേർത്ത് 30 മിനിറ്റ് നേരം ജാം പരുവമാകുന്നതുവരെ വേവിക്കാം. ജാം പരുവമായ ശേഷം തീ കുറയ്ക്കാം. പിന്നീട് ഒരു ജാറിലേക്ക് പകർത്തി തണുത്തതിനുശേഷം ഉപയോഗിക്കാം.
പാഷൻ ഫ്രൂട്ട് വൈൻ
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞ പാഷൻഫ്രൂട്ട് തൊലി ചേർത്ത് ഇളക്കാം. ശേഷം അരിച്ചെടുത്ത് ജ്യൂസ് മാറ്റിവയ്ക്കുക. ഇതിലേക്ക് ഒരു കിലോ പാഷൻഫ്രൂട്ട് പൾപ്പും രണ്ട് കിലോ പഞ്ചസാരയും വെള്ളവും ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് നന്നായി ഇളക്കണം. മൊത്തത്തിൽ 3 ലിറ്റർ വെള്ളമാണ് വേണ്ടത്. ഒരു മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. ശേഷം വായു കടക്കാത്ത മൺകലത്തിലാക്കി 41ദിവസം സൂക്ഷിക്കാം. എല്ലാദിവസവും മരത്തടി ഉപയോഗിച്ച് ഇളക്കിക്കൊടുക്കണം. 41 ദിവസത്തിനുശേഷം ഒരു തുണിയിലൂടെ പിഴിയാതെ അരിച്ചെടുക്കണം. ഇങ്ങനെ അരിച്ചെടുത്ത വൈൻ ആറുമണിക്കൂർ ഭരണിയിൽ തുണി മൂടി കെട്ടി സൂക്ഷിച്ചശേഷം ഒരിക്കൽ കൂടി അരിച്ചെടുത്ത് ഉപയോഗിക്കാം.
Discussion about this post