രണ്ട് ആട്ടിൻകുട്ടികളും, 10 കോഴിക്കുഞ്ഞുങ്ങളുമായി തുടങ്ങിയ ഒരു ചെറു സംരംഭം ഇന്ന് മൂന്ന് അര ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന മികച്ചൊരു ഇന്റഗ്രേറ്റഡ് ഫാം ആക്കി മാറ്റിയിരിക്കുകയാണ് കോട്ടയം മുട്ടുച്ചിറയിലുള്ള രാജീവ് -വിധു ദമ്പതികൾ. ഈ ഫാമിന് അവർ നൽകിയ പേരാണ് പറുദീസ.18 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിൽ മുന്നിട്ടിറങ്ങിയ വിധുവിനെ തേടി നാലു വർഷങ്ങൾക്കിപ്പുറം ക്ഷീരവികസന വകുപ്പിന്റെ സമ്മിശ്ര കർഷക പുരസ്കാരം വരെ എത്തിയിരിക്കുന്നു.
കേരളത്തിൻറെ തനത് ഇനങ്ങളായ വെച്ചൂർ കാസർകോടൻ തുടങ്ങി 35ൽ അധികം പശുക്കളും മലബാറി, നാടൻ ഇനത്തിൽപ്പെട്ട ആടുകളും എരുമകളും പോത്തുകളും വിവിധതരത്തിലുള്ള കോഴികളും താറാവും ഗൂസും വാത്തയും ടർക്കിയും തേനീച്ചയുമെല്ലാം ഇന്ന് പറുദീസയിൽ ഉണ്ട്. ഒപ്പം ജൈവരീതിയിൽ പച്ചക്കറികളും പഴവർഗങ്ങളും ഉത്പാദിപ്പിക്കുന്നു. പശുക്കൾക്ക് നൽകുന്ന തീറ്റ പുല്ലും, പച്ചക്കറികൾക്ക് വേണ്ട വളവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്.കർഷക കുടുംബത്തിൽ ജനിച്ചു വളർന്ന രാജീവിന് പണ്ട് തൊട്ടേ കൃഷിയോട് താല്പര്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് പാട്ടത്തിന് കൊടുത്ത ഭൂമിയിൽ ഒരു കൊച്ചു കൃഷിത്തോട്ടം ഒരുക്കാനും തീരുമാനിക്കുന്നത്.കൃഷി കൂടുതൽ വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം.
Discussion about this post