ഫലമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന പപ്പായയുടെ കറയ്ക്കും ഇന്ന് നല്ല ഡിമാന്റാണ്. പപ്പായയില്‍ അടങ്ങിയ കറ ഔഷധനിര്‍മ്മാണത്തിനും സൗന്ദര്യവര്‍ധക വസ്തുക്കള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കാം. അതുകൊണ്ട് തന്നെ പപ്പായ കൃഷി നല്ലൊരു വരുമാനമാര്‍ഗമാക്കാവുന്നതാണ്.
വിത്തു പാകാന്‍ പറ്റിയ സമയം ഫെബ്രുവരി – മാര്‍ച്ച് ആണ്. വിത്താണ് നടീല്‍ വസ്തു. 50*50*50 സെ.മീ. അളവില്‍ 2*2 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് മേല്‍മണ്ണ് നിറയ്ക്കണം. രണ്ടുമാസം പ്രായമുള്ള തൈകള്‍ മെയ്-ജൂണ്‍ മാസങ്ങളില്‍ പ്രധാനകൃഷിയിടത്തില്‍ നടാം. ചെറുപ്രായത്തില്‍ തൈകളില്‍ ആണും, പെണ്ണും തിരിച്ചറിയാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ട് ഓരോ കുഴിയിലും മൂന്നോ നാലോ തൈകള്‍ വീതം നടേണ്ടതാണ്. പറിച്ചുനടീല്‍ വെയിലാറിയശേഷം വൈകുന്നേരം നടത്തുന്നതാണ് കൂടുതല്‍ ഗുണകരം. വെയിലിനു ശക്തി കൂടുന്ന കാലങ്ങളില്‍ തൈ പിടിച്ചു കിട്ടുന്നത് വരെ അവയ്ക്ക് താല്‍ക്കാലികമായി തണല്‍ നല്‍കണം. ചെടികള്‍ പുഷ്പിച്ച് ലിംഗഭേദം തിരിച്ചറിഞ്ഞാല്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍നിര്‍ത്തി ബാക്കി ആണ്‍ചെടികളെല്ലാം മാറ്റിക്കളയേണ്ടതാണ്. അതുപോലെ തന്നെ ഒരു കുഴിയില്‍ ആരോഗ്യത്തോടുകൂടി വളരുന്ന ഒരു പെണ്‍ചെടി മാത്രം നിര്‍ത്തി ബാക്കിയുള്ളവ മാറ്റിക്കളയുന്നതും നല്ലതാണ്. ഇടവിട്ട് കളയെടുപ്പ് നടത്തുകയും വേണം. വേരുപിടിക്കുന്നത് വരെ ചെടികളെ ശക്തിയായ വെയിലില്‍ നിന്നും സംരക്ഷിക്കണം. ദ്വിലിംഗ ചെടികളാണെങ്കില്‍ ആണ്‍ തൈകള്‍ നിര്‍ത്തേണ്ട ആവശ്യമില്ല.
മഴ ആരംഭിക്കുന്നതോടെ ചെടിയൊന്നിന് ഒരു വര്‍ഷം 10-25 കി. ഗ്രാം എന്ന തോതില്‍ ജൈവവളം തൈയുടെ ചുറ്റും തടമെടുത്തു ഇട്ടു കൊടുക്കണം. രാസവളം ചെടി ഒന്നിന് 40 ഗ്രാം N, 40 ഗ്രാം P2O5, 80 ഗ്രാം K2O എന്ന അളവില്‍ ഓരോ രണ്ടുമാസം കൂടുമ്പോഴും നല്‍കണം.
കളനിയന്ത്രണം ആവശ്യാനുസരണം ചെയ്യണം. രണ്ട് ഇടയിളക്കലും ആവശ്യമാണ്. തടമെടുത്തു നനയക്കുമ്പോള്‍ കടചീയല്‍ രോഗത്തിന് കൂടുതല്‍ സാധ്യതയുള്ളതുകൊണ്ട് കടയില്‍ നിന്നും നീക്കി വലയം പോലെ ചാലുകള്‍ തുറന്നു വേണം ജലസേചനം നടത്താന്‍. തൈകള്‍ നട്ട് ഏതാണ്ട് 6 മാസം വരെ ഇടവിളയായി പച്ചക്കറികള്‍ കൃഷി ചെയ്യാം.
നട്ട് 3-5 മാസത്തിനുള്ളില്‍ ചെടികള്‍ പൂത്ത് കായ്പിടിക്കാന്‍ തുടങ്ങും. ഒരു വര്‍ഷം ഒരു ചെടിയില്‍ നിന്ന് 25 മുതല്‍ 30 കായ്കള്‍ ലഭിക്കും. മഞ്ഞനിറം കണ്ടുതുടങ്ങുമ്പോഴാണ് കായ്കള്‍ വിളവെടുക്കുക. പപ്പായ വളരെക്കാലം ഫലം തരുമെങ്കിലും രണ്ടര മുതല്‍ 3 വര്‍ഷം വരെയുള്ള നല്ല വിളവ് ലഭിക്കുകയുള്ളൂ.
Discussion about this post