അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഔഷധ സസ്യങ്ങൾ മാത്രം നട്ട് ഒരു ഔഷധ സസ്യ പച്ചത്തുരുത്ത് നിർമ്മിച്ചു.
ഒരു കാലത്ത് സുലഭമായിരുന്നതും അന്യംനിൽക്കുന്നതുമായ ആടലോടകം മുതൽ ചക്കരക്കൊല്ലി, വാതംകൊല്ലി, എരിക്ക്, വെളുത്ത എരിക്ക്, ചങ്ങലംപരണ്ട, മുഞ്ഞ, പിച്ചകം, തകര, മണിത്തകര, ചായ മൻസ , ചെറൂള, പ്ലാശ്, കണിക്കൊന്ന, പൂവരശ്, നിത്യകല്യാണി, കരിനൊച്ചി , കമ്പിപ്പാല, ചിറ്റാടലോടകം, ചെമ്പരത്തി, മുള്ളൻ ചിറ്റമൃത്, കുരുമുളക്, ചെത്തി, മന്ദാരം, തുളസി, ചെണ്ടുമല്ലി , മുറികൂട്ടി ചീര, വശള ചീര, നെല്ലി, കീഴാർനെല്ലി, നിലവേപ്പ്, കറിവേപ്പ്, നന്ദ്യാർവട്ടം, ശംഖുപുഷ്പം, മുരിങ്ങ, കസ്തൂരിമഞ്ഞൾ, ചെറു കടലാടി , ആനയടി, പേര, കൂവ, കൂർക്ക, മുത്തിൾ, ബ്രഹ്മി, കറ്റാർ വാഴ, കോവൽ , ശതാവരി, വള്ളിപ്പാല, തിപ്പലി, രാമച്ചം, പനിക്കൂർക്ക തുടങ്ങിയവയുടെ ചെടികൾ നട്ടത്.
തൃക്കരിപ്പൂർ പഞ്ചായത്തിലെ അമ്പതാമത്തെ പച്ചത്തുരുത്താണിത്. ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതി (ബി എം സി ) യുടെ സഹകരണത്തോടെ ബി.എം.സി അംഗവും വൈസ് പ്രസിഡന്റുമായ എൻ .സുകുമാരൻ, ബി.എം.സി കോർഡിനേറ്റർ കെ.വി.കൃഷ്ണ പ്രസാദ് വൈദ്യർ , സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ.കെ.വി. അജയൻ എന്നിവരുടെ സജീവ ഇടപെടലുകളും തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവുമാണ് ഈ ഔഷധത്തുരുത്ത് യാഥാർത്ഥ്യമാക്കിയത്.
Discussion about this post