മിക്കവാറും എല്ലാ ആവാസവ്യവസ്ഥകളിലും ഇണങ്ങിവളരുന്ന ഒരു സസ്യമാണ് മുത്തങ്ങ. കിഴങ്ങുവഴിയാണ് വംശവര്‍ദ്ധനവ്. കൃഷിയിടങ്ങളില്‍ ഒരു കളയായിട്ടാണ് ഇതിനെ കാണാറുള്ളത്. തീരെ പ്രതികൂല സാഹചര്യങ്ങളില്‍ പോലും തരണം ചെയ്യുവാന്‍ മുത്തങ്ങയ്ക്ക് കഴിയും. അപാരമായി വിന്യസിക്കപ്പെട്ടിരിക്കുന്ന വേരുപടലവും അതില്‍ കാണപ്പെടുന്ന കിഴങ്ങുമാണ് ഇതിന് നിദാനം.
മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിന് ഭൂമീദേവി നല്‍കുന്ന കറുത്ത ഗുളികയെന്നാണ് മുത്തങ്ങ കിഴങ്ങിനെ വിശേഷിപ്പിക്കുന്നത്. വിരശല്യം മാറാന്‍ മുത്തങ്ങ കിഴങ്ങ് ഉത്തമമാണ്. കുട്ടികളില്‍ കാണുന്ന വിശപ്പില്ലായ്മ, രുചിയില്ലായ്മ എന്നിവയ്ക്ക് പരിഹാരം കാണാന്‍ മുത്തങ്ങ പ്രധാനമായും ചേര്‍ത്ത് ഉണ്ടാക്കിയ മുസ്താരിഷ്ടം കുടിച്ചാല്‍ മതി. മുത്തങ്ങക്കിഴങ്ങും, നിലപ്പനക്കിഴങ്ങും പശുവിന്‍പാലില്‍ കിഴി കെട്ടിയിട്ട് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് വെള്ളപോക്ക് നിയന്ത്രിത വിധേയമാക്കുന്നതിന് സഹായകരമാണ്.അത്യുഷ്ണം മാറ്റാന്‍ കുളിക്കുന്നതിന് മുമ്പ് ശരീരം മുഴുവന്‍ മുത്തങ്ങ അരച്ചുപുരട്ടുന്നത് നല്ലതാണ്. കുളികഴിഞ്ഞ ശേഷം ഏറെ നേരം ചര്‍മ്മത്തിന് നല്ല വാസനയും ലഭിക്കും. മുത്തങ്ങ ചതച്ചിട്ട എണ്ണ കാച്ചിയെടുത്ത് തലയില്‍ തേയ്ക്കുന്നത് മുടികൊഴിച്ചില്‍ ഒഴിവാക്കുന്നതിന് സഹായിക്കും. മുലപ്പാല്‍ വര്‍ദ്ധനവിന് മുത്തങ്ങകിഴങ്ങ് അരച്ച് സ്തനത്തില്‍ പുരട്ടുന്നത് നല്ലതാണ്.
Discussion about this post